ന്യൂഡല്‍ഹി: കള്ളപ്പണം സൂക്ഷിച്ചതിന് ആദായ നികുതി വകുപ്പ് അറസ്റ്റ് ചെയ്ത ഗുജറാത്ത് വ്യവസായി മഹേഷ് ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കും ഉള്ള ബന്ധം വ്യക്തമാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 13,860 കോടിയുടെ കണക്കില്ലാത്ത പണത്തെ കുറിച്ച് മഹേഷ് ഷാ വെളിപ്പെടുത്തിയിരുന്നു.

ഗുജറാത്തിലെ മുന്‍ മുഖ്യമന്ത്രി സുരേഷ് മേഹ്തയാണ് പറഞ്ഞത് മോദിയും അമിത് ഷായും മഹേഷ് ഷായുമായി നല്ല ബന്ധത്തിലാണെന്ന്. ഇവര്‍ തമ്മില്‍ എന്തു തരത്തിലുള്ള ബന്ധമാണുള്ളതെന്ന് രാജ്യത്തെ ജനങ്ങള്‍ക്കറിയേണ്ടതുണ്ടെന്നും കെജ്‌രിവാള്‍ പറഞു.തന്റെ കൈവശമുള്ള പണത്തിന്റെ ഉടമസ്ഥരാരാണെന്ന് വെളിപ്പെടുത്തുമെന്ന് മഹേഷ് ഷാ ഒരു ടിവി ചാനലില്‍ പറഞ്ഞിരുന്നു.

അറസ്റ്റിലായി ഒരാഴ്ച കഴിഞ്ഞിട്ടും മഹേഷ് ഷായെ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പ് തയ്യാറായിട്ടില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങള്‍ പറയുന്നു തങ്ങളെ ക്യൂവില്‍ നിര്‍ത്തിയത് മോദിയാണെന്ന്. എന്നാല്‍ എന്തു കൊണ്ട് യഥാര്‍ത്ഥ കള്ളപ്പണക്കാരെ അറസ്റ്റ് ചെയ്യാന്‍ മോദി തയ്യാറാവാത്തതെന്നും അവര്‍ ചോദിക്കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.