ബംഗളൂരു: തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവത്തതിനെ തുടര്‍ന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷം ശാന്തമാകുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതോടെ ബംഗളൂരുവില്‍ സിറ്റി ബസ് സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളും ടാക്‌സികളും നിരത്തിലിറങ്ങിയതായി ഡി.സി.പി അഭിഷേക് ഗോയല്‍ അറിയിച്ചു.

അതേസമയം സമരം വീണ്ടും ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി കന്നട സംഘടനകള്‍ രംഗത്തെത്തി. ഇന്ന് ബംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കുത്തിയിരിപ്പ് സമരം നടത്തും. നാളെ ട്രെയിന്‍ തടയല്‍ സമരത്തിനും ആഹ്വാനം നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച അക്രമവും തീവെപ്പും നടന്ന ഐ.ടി നഗരത്തിന്റെ ഭാഗങ്ങള്‍ നിശാനിയമത്തിനു കീഴിലാണ്. ബംഗളൂരു നഗരത്തില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു. സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ആര്‍.പി.എഫ്, ഇന്തോ തിബത്തന്‍ അതിര്‍ത്തി പൊലീസ്, ആര്‍.എ.എഫ് സേനകളെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമെ കലാപം നിയന്ത്രിക്കുന്നതിനായി 700 റയറ്റ് കണ്‍ട്രോള്‍ പൊലീസിനെ കൂടി കേന്ദ്രം അയച്ചിട്ടുണ്ട്. ബുധനാഴ്ച വരെ കര്‍ഫ്യൂ തുടരും. ഇതിനിടെ കഴിഞ്ഞ ദിവസം പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ബംഗളൂരു സ്വദേശി കുമാര്‍ (30)ആണ് മരിച്ചത്. ഇതോടെ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. അതേ സമയം കാവേരി നദീജലതര്‍ക്കവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉടലെടുത്ത ബംഗളൂരുവില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അക്രമം ഒന്നിനും പരിഹാരമല്ല. പരസ്പര ചര്‍ച്ചയിലൂടെയാണ് പരിഹാരം കാണേണ്ടത്. വേദനാജനകമായ സംഭവങ്ങളാണ് ഉണ്ടായത്. രാജ്യതാല്‍പര്യത്തിന് എല്ലാവരും മുന്‍തൂക്കം നല്‍കുമെന്നു പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകള്‍ കാവേരി വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ജനങ്ങളെ ശാന്തരാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തിറങ്ങണം. മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കര്‍ണാടക മന്ത്രിസഭ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടു പേരുടെയും കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

300ലേറെ സമരക്കാരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഐ.ടി സ്ഥാപനങ്ങളും സ്‌കൂള്‍, ഓഫീസുകളും അടഞ്ഞ് കിടക്കുകയാണ്. കേരള സര്‍ക്കാര്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 10.30 ന് ശേഷം നഗരത്തില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നു ബംഗളൂരു പൊലീസ് കമ്മീഷണര്‍ എന്‍.എസ് മെഗാരിക് അറിയിച്ചു. കഴിഞ്ഞ ദിവസം നദീജല പ്രശ്‌നത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ അക്രമികള്‍ ഇരുന്നൂറിലധികം തമിഴ്‌നാട് റജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചിരുന്നു. ബംഗളൂരുവിലെ നയന്തഹള്ളിയില്‍ സേലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.പി. എന്‍ ട്രാവല്‍സിന്റെ 56 ബസുകള്‍ക്കും അക്രമികള്‍ തീയിട്ടു.