ബീജിങ്: വടക്കന്‍ ചൈനയിലെ സ്‌റ്റേറ്റ് ഹൈവേയില്‍ 56 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു. ഷാന്‍ഷി പ്രവിശ്യയിലെ മഞ്ഞുമൂടിയ റോഡിലാണ് വാഹനങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി കൂട്ടിയിടിച്ചത്. ബീജിങ്-കുന്‍മിങ് എക്‌സ്പ്രസ്‌വേയിലാണ് അപകടം.

കൂട്ടിയിടിയുടെ ആഘാതത്തില്‍ ലോറികള്‍ അടക്കം നിരവധി വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ഒരു ട്രക്ക് മുന്നിലുള്ള മറ്റു വാഹനങ്ങള്‍ക്ക് മുകളില്‍ പതിച്ചു. മഞ്ഞും മഴയും കാരണം കാഴ്ച തടസപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പരിക്കേറ്റവരെ ആസ്പത്രിയില്‍ എത്തിച്ചത്. ചൈനയില്‍ ഓരോ വര്‍ഷവും രണ്ടര ലക്ഷത്തോളം പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്.