മതിയായ ബദല്‍ സംവിധാനമുണ്ടാക്കാതെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദി ജപ്പാനിലേക്കു പറന്നു. ഒപ്പം കൂടുന്നില്ലെങ്കിലും താന്‍ ഇനിയും തള്ളിപ്പറഞ്ഞിട്ടില്ലാത്ത ഭാര്യ യശോദാ ബന്ധത്തിന്റെ ചെലവിനുള്ള നൂറിന്റെ നോട്ടുകള്‍ അദ്ദേഹം നേരത്തെ എടുത്തുവെച്ചിരുന്നോ എന്നറിയില്ല.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്, ബി.ജെ.പിയില്‍ തനിക്കു വേണ്ടപ്പെട്ടവരെയൊക്കെ നേരത്തെ അറിയിച്ച ശേഷമാണ് അസാധു പ്രഖ്യാപനം നടത്തിയത് എന്നാണ്. എങ്കില്‍ ആ പ്രഖ്യാപനം വരുന്നതിനു തലേന്നു ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ച വന്‍ തുകകളുടെ കണക്കുകള്‍ കൂടി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പുറത്തുവിടണമെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആവശ്യം തള്ളിക്കളയാനാവുന്നതല്ല.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതായ വിവരം കേന്ദ്ര മന്ത്രി സഭ അതീവ രഹസ്യമായാണ് എടുത്തതെന്നും മന്ത്രിസഭാ യോഗം ചേരുന്നിടത്തേക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഫോണ്‍ വിളികള്‍ പോലും നിരോധിച്ചിരുന്നുവെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് അറിയിപ്പുകളും പിന്നാലെ വന്നിരുന്നു.

എന്നാല്‍ ആയിരത്തിന്റെ കറന്‍സികള്‍ പിന്‍വലിക്കുന്ന വിവരം ആറു മാസങ്ങള്‍ക്ക് മുമ്പ് മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു. ‘അകില’ എന്ന പത്രം 2016 ഏപ്രില്‍ ഒന്നിനാണ് ആ വാര്‍ത്ത പുറത്തുവിട്ടത്. വയ്യാവേലി വേണ്ട എന്നു കരുതി, പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഇപ്പോള്‍ പറയുന്നു, അത് ലോക വിഡ്ഢി ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഒരു കൗതുക വാര്‍ത്ത മാത്രമായിരുന്നു എന്ന്. എന്നാല്‍ 2016 ഒക്‌ടോബര്‍ 21ന് പ്രസിദ്ധമായ ‘ബിസിനസ് ലൈന്‍’ പത്രത്തിലും സമാനമായ വാര്‍ത്ത വന്നിരുന്നുവെന്ന് വ്യക്തമായതോടെ സര്‍ക്കാര്‍ അങ്കലാപ്പിലാണ്. ഉയര്‍ന്ന മൂല്യങ്ങളുള്ള നോട്ടുകള്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് മൂന്നു നാളുകള്‍ മുമ്പ് പാര്‍ട്ടി അക്കൗണ്ടിലേക്ക് ബി.ജെ.പി നിക്ഷേപിച്ചിരുന്നുവെന്ന് ഒരു ബംഗാളി പത്രം റിപ്പോര്‍ട്ട് ചെയ്തതും നിഷേധിക്കപ്പെട്ടു കണ്ടില്ല. ഇന്ത്യന്‍ ബാങ്കിന്റെ കൊല്‍ക്കത്താ സെന്‍ട്രല്‍ അവന്യൂ ശാഖയില്‍ 5545100034 എന്ന അക്കൗണ്ടില്‍ രണ്ടു തവണയായി ഒരു കോടി രൂപ നിക്ഷേപിച്ചുവെന്നായിരുന്നു പത്ര വാര്‍ത്ത. ബി.ജെ.പിയുടെ പശ്ചിമബംഗാള്‍ യൂണിറ്റിന്റെ പേരിലുള്ള ഇതേ ബാങ്കിലെ 6365251388 എന്ന അക്കൗണ്ടിലേക്ക് പല തവണയായി അരക്കോടിയുടെയും മുക്കാല്‍ക്കോടിയുടെയും നിക്ഷേപങ്ങള്‍ നടന്നതായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ബംഗാള്‍ ഘടകവും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.

എന്നാല്‍ തീരുമാനങ്ങള്‍ പരമ രഹസ്യമായിരുന്നുവെന്ന് തന്നെയാണ് പറയുന്നത്. അത് നാടിന് ഏറെ ഗുണ ഫലം ചെയ്യുന്നതാണെന്ന സാക്ഷ്യ പത്രം കിട്ടാവുന്നിടത്ത് നിന്നെല്ലാം അവര്‍ നേടിയെടുക്കുകയും ചെയ്തു. നാട്ടിലെ അസഹിഷ്ണുത ചൂണ്ടിക്കാട്ടിയതിന് ഇന്ത്യാവിരുദ്ധനെന്ന് പ്രഖ്യാപിച്ച പ്രസിദ്ധ ചലച്ചിത്ര നടന്‍ ആമിര്‍ഖാന്റെ പ്രസ്താവനപോലും ഇപ്പോള്‍ ക്ഷണിച്ചുവരുത്തി പുറത്തിറക്കുകയുണ്ടായി.

കള്ളപ്പണം പുറത്തുകൊണ്ടുവരാനുള്ള നടപടി എന്ന നിലയിലാണെങ്കില്‍ എല്ലാവരും സ്വാഗതം ചെയ്യുന്നതാണ് കേന്ദ്ര നടപടി എന്ന കാര്യത്തിന് സംശയമില്ല. എന്നാല്‍ മുന്നൊരുക്കങ്ങള്‍ കൂടാതെ ബാങ്കുകളില്‍ നിന്നും മാറ്റിക്കിട്ടുമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാമെന്നുമൊക്കെ പത്രപ്രസ്താവന ഇറക്കിയിട്ട് നാട്ടുകാരെ മുഴുവന്‍ ‘നോട്ടോട്ട’ത്തിന് വിടുന്നത് എന്തു ഭരണ പരിഷ്‌കാരമാണ്? ഒരു തവണ അയ്യായിരം രൂപ മാത്രമേ മാറിക്കിട്ടൂ എന്ന ആദ്യ പ്രഖ്യാപനം വന്നു. പിന്നീടത് ഒരാള്‍ക്ക് ഒരു തവണയേ അനുവദിക്കൂ എന്ന ഭേദഗതിയായി വന്നു. എ.ടി.എമ്മുകളിലൊക്കെ നൂറിന്റെ നോട്ടുകൊണ്ട് ആറാട്ടായിരിക്കുമെന്ന് പറഞ്ഞവര്‍ അറിഞ്ഞില്ല, ആ ദിവസങ്ങളിലൊക്കെ ആ യന്ത്രങ്ങള്‍ പണിമുടക്കിലായിരുന്നുവെന്ന്.

മന്ത്രിമാരൊക്കെയും രമ്യഹര്‍മ്മങ്ങളിലെ എ.സി മുറികളിലിരുന്ന് പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരുന്നപ്പോള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങിയിരുന്ന വൃദ്ധ ജനങ്ങള്‍ പോലും തെരുവീഥികളില്‍ പൊരിവെയിലില്‍ വടിയും കുത്തിപ്പിടിച്ച് എരിപൊരി കൊള്ളുകയായിരുന്നു. മണിക്കൂറുകള്‍ ഒരേ നില്‍പ്പില്‍ നിന്നശേഷം കൗണ്ടറിലെത്തിയാല്‍ കിട്ടുന്ന മറുപടി ‘ഇനി ഇപ്പോള്‍ തരാന്‍ പണമില്ല’ എന്നാണ്. ഹരിപ്പാട് കുമാരപുരത്ത് ഒരു 75 കാരനും ചെറുതുരുത്തി വെട്ടുകാട്ടില്‍ ഒരു 65കാരനും ക്യൂവില്‍ നില്‍ക്കവെയാണ് കുഴഞ്ഞുവീണ് മരിച്ചത്. അഞ്ച് ലക്ഷത്തിന്റെ നോട്ടുകളുമായി നിക്ഷേപിക്കാന്‍ വന്ന ഒരു 48 കാരന്‍ അതിന് സൗകര്യം ലഭിക്കാതെ തലശ്ശേരിയിലെ സ്റ്റേറ്റ് ബാങ്ക് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെവീണ് മരിച്ചു.

പെട്രോള്‍ പമ്പില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് പറഞ്ഞിടത്ത് ആയിരവും അഞ്ഞൂറും കൊടുത്താല്‍ ബാക്കി തരാനില്ല. പോസ്റ്റ് ഓഫീസില്‍ ടെലഫോണ്‍ ബില്‍ സ്വീകരിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അതിനു നിയമമില്ല എന്നു പറഞ്ഞ് ജീവനക്കാര്‍ കൈമലര്‍ത്തി. പച്ചക്കറിയോ, പലചരക്കോ, മീനോ, ഇറച്ചിയോ വാങ്ങാന്‍ ചെറിയ നോട്ടുകള്‍ എവിടെയും കിട്ടാനില്ല. വ്യാപാര മേഖല ആകെ തളര്‍ന്നിരിക്കുന്നു. എ.ടി.എമ്മുകളെങ്കിലും പൂര്‍ണസജ്ജമാകാന്‍ രണ്ടാഴ്ചയെങ്കിലും എടുക്കുമെന്ന് ഇപ്പോള്‍ കേന്ദ്ര ധനമന്ത്രി ഒരു നാണവും ഇല്ലാതെ പറയുന്നു.

വീടുകളില്‍ ഇരിക്കുന്ന ആണും പെണ്ണും ആയ എല്ലാവരേയും ബാങ്ക് ശാഖകളിലേക്ക് വലിച്ചിഴക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ട്, മഹത്തായ ഒരു സാമ്പത്തിക നടപടി എന്ന് പുരപ്പുറത്ത് കയറി പ്രഖ്യാപിച്ചിട്ട് എന്ത് കാര്യം. അതെ, ഏക സിവില്‍ കോഡ് തന്നെ. എല്ലാവരും ഒരേ ക്യൂവില്‍. അഭൂതപൂര്‍വമായ ജനത്തിരക്ക് കണ്ട്, ‘പൈസ ഇനി ഇല്ല’ എന്ന് പറയാനെങ്കിലും പല ബാങ്കുകളും കൗണ്ടറുകളില്‍ ആളെ വെച്ചത് റിട്ടയര്‍ ചെയ്ത ജീവനക്കാരെ തിരിച്ചുവിളിച്ചാണ്. അത് പറയാന്‍ നിയോഗിക്കപ്പെട്ടവരാകട്ടെ അത് പറയുമ്പോഴൊക്കെയും കേള്‍ക്കേണ്ടിവന്നത് കുപിതരായ ജനങ്ങളുടെ തെറിവിളികളാണ്. തിക്കിത്തിരക്കി വരുന്നവര്‍ തരുന്ന നോട്ടുകളുടെ എണ്ണം തെറ്റാതിരിക്കാനോ, അവയില്‍ വ്യാജന്മാര്‍ ഉണ്ടോ എന്ന് പരിശോധിക്കാനോ സമയവും സാവകാശവും ഇല്ലാത്ത നില. കണക്ക് തെറ്റിയാല്‍ സ്വന്തം കയ്യില്‍ നിന്ന് എടുത്തുവെക്കാന്‍പോലും നയാപൈസ ഇല്ല.

അഞ്ച് കോടിയുടെ കള്ളപ്പണം പിടിച്ചുവെന്ന് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശിലെ നെപാ നഗറില്‍ നിന്ന് വാര്‍ത്ത വരുന്നു. അഞ്ഞൂറിന്റെ നോട്ട് ആസ്പത്രി അധികൃതര്‍ സ്വീകരിക്കാഞ്ഞതിനാല്‍ നവജാത ശിശു മരിച്ച കഥ മഹാരാഷ്ട്രയിലെ ഗോവണ്ടിയില്‍ നിന്ന് വരുന്നു.

സിനിമാ നിര്‍മ്മാണം പ്രതിസന്ധിയിലായിരിക്കുന്നു. ചരക്കുനീക്കം പകുതി ആയിരിക്കുന്നു. ടിക്കറ്റില്ലാ യാത്രയുടെ പിഴ ഈടാക്കാന്‍ കൂടി കഴിയാതെ റെയില്‍വേ, സ്വതവേ നഷ്ടത്തില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സിയില്‍ കോടികളുടെ വരുമാനക്കുറവ്. കള്ളപ്പണം വെളുപ്പിക്കാനിറങ്ങി തിരിച്ചവര്‍ 20 ശതമാനം കമ്മീഷന്‍ വാഗ്ദാനം ചെയ്ത് പുതിയ പരീക്ഷണങ്ങള്‍ക്കിറങ്ങിയിരിക്കുന്നു. കൊണ്ടോട്ടിയില്‍ ആയിരങ്ങളുമായി പണമടക്കാന്‍ വന്ന വീട്ടമ്മ അറിയുന്നില്ല അതില്‍ ഏറെ വ്യാജ നോട്ടുകളാണെന്ന്. ഒപ്പം കര്‍ണാടകയിലെ ചിക്മംഗ്ലൂരില്‍ നിന്ന് ഒരു വാര്‍ത്ത രണ്ടായിരത്തിന്റെ കള്ളനോട്ടും ഇറങ്ങിയിരിക്കുന്നു.