ഇരിട്ടി: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ഇരിട്ടിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. വിളക്കോട്ടെ എ.സി.സി സിമന്റ് ഡീലറായ മുഴക്കുന്ന് കൃഷ്ണാ നിലയത്തില്‍ കെ.ബാബു(42)വാണ് മരിച്ചത്. ഇന്നലെ രാവിലെ കട തുറന്ന ബാബുവിനെ 11 മണിയോടെ സിമന്റ് ഗോഡൗണില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

നോട്ട് ക്ഷാമം കാരണം വ്യാപാരം നഷ്ടത്തിലായതിനെതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. നോട്ട് ക്ഷാമം രൂക്ഷമായതോടെ കടയില്‍ വ്യാപാരം കുറഞ്ഞിരുന്നു. കൂടാതെ നേരത്തെ കടമായി വില്‍പന നടത്തിയ സിമന്റിന്റെ വില തിരിച്ചുകിട്ടുന്നതും മുടങ്ങി. ഈ സാഹചര്യത്തില്‍ ബാബുവിന് സിമന്റ് കമ്പനിക്ക് പണം നല്‍കാന്‍ സാധിച്ചിരുന്നില്ല. അവര്‍ പണത്തിനു വേണ്ടി നിരന്തരം വിളിക്കാന്‍ തുടങ്ങിയതോടെ സ്വസ്ഥത നഷ്ടപ്പെട്ട ബാബു ഇത്തരത്തില്‍ ജീവിക്കാന്‍ സാധ്യമല്ലെന്ന് സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാരണത്താല്‍ ആത്മഹത്യ ചെയ്യുമെന്ന് തങ്ങള്‍ കരുതിയിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പയഞ്ചേരിയിലെ നാരായണന്റെയും ചന്ദ്രമതിയുടെയും മകനാണ് ബാബു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്ണായിരുന്ന കെ.വി സീമയാണ് ഭാര്യ. മക്കള്‍: സേവ, സന്‍മയ.