സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ പ്രതിപക്ഷത്തെ കുടുക്കാന്‍ നോക്കിയ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും തിരിച്ചടി. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള ഉന്നത നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ക്രിമിനല്‍, വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച നടപടി, താല്‍ക്കാലികമായി സര്‍ക്കാരിനു തന്നെ മരവിപ്പിക്കേണ്ടിവന്നു.
വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസം മന്ത്രിസഭാ തീരുമാനമായി മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയായതോടെയാണ് വീണ്ടും നിയമോപദേശം തേടാന്‍ മന്ത്രിസഭ തീരുമാനിച്ചത്. മുന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് അരിജിത്ത് പസായത്തില്‍ നിന്നാണ് വിദഗ്ദ്ധ നിയമോപദേശം തേടുക. സോളര്‍ ജുഡീഷ്യല്‍ കമ്മിഷന്റെ ചില നിഗമനങ്ങള്‍ ടേംസ് ഓഫ് റഫറന്‍സിന് പുറത്തുള്ളവയാണ്. ഇക്കാര്യം സര്‍ക്കാരിനും അറിയാമായിരുന്നുവെങ്കിലും വേങ്ങര തെരഞ്ഞെടുപ്പ് ദിവസം രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടായിരുന്നു പിണറായിയുടെ അന്വേഷണ പ്രഖ്യാപനം. അന്വേഷണത്തെ സ്വാഗതം ചെയ്ത ആരോപണ വിധേയര്‍, കോടതിയെ സമീപിക്കുമെന്ന് അറിയിച്ചതോടെയാണ് സര്‍ക്കാരിന് അമളി ബോധ്യമായത്.
ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ അതിന്മേല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ‘സഹയാത്രികരായ’ നിയമോപദേശകരുടെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ അന്വേഷണ ഉത്തരവിട്ടാല്‍ കോടതിയില്‍ തിരിച്ചടി കിട്ടുമെന്നത് ബോധ്യമായിരുന്നു. ഇതോടെ ആഭ്യന്തര സെക്രട്ടറി തയ്യാറാക്കിയ കരട് അന്വേഷണ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരനാകില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇതോടെ ഉത്തരവ് ഇറക്കുന്നതിന് വീണ്ടും സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം തേടി. കൂത്തുപറമ്പ് വെടിവെയ്പ് അന്വേഷിച്ച 1995ലെ ജസ്റ്റിസ് കെ.പത്മനാഭന്‍നായര്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം എം.വി.രാഘവന്‍ അടക്കമുള്ളവര്‍ക്കെതിരേ കേസെടുത്ത നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സമാനമായ സാഹചര്യമാണ് സേളാര്‍ വിഷയത്തിലുള്ളതെന്നായിരുന്നു ഇരുവരും നല്‍കിയ നിയമോപദേശം.
തുടര്‍ന്നാണ് വിദഗ്ധ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സോളാര്‍ കമ്മീഷന് അഞ്ച് അന്വേഷണ വിഷയങ്ങളാണ് നല്‍കിയത്. അതില്‍ നിന്ന് കമ്മിഷന്‍ വ്യതിചലിച്ചുവെന്നും സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളുള്‍പ്പെടെ അന്വേഷണ പരിധിയില്‍ കൊണ്ടുവന്നു എന്നും ആരോപണ വിധേയര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുമോ, തുടര്‍ നടപടികള്‍ എങ്ങിനെ സ്വീകരിക്കണം എന്നത് സംബന്ധിച്ചാണ് വിദഗ്ധ നിയമോപദേശം തേടുന്നത്.
മുഖ്യമന്ത്രിയെ
കുറ്റപ്പെടുത്തി മന്ത്രിമാര്‍
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിടുക്കത്തില്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് മന്ത്രിമാര്‍. അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഉത്തരവിറക്കാന്‍ കഴിയാതെ തപ്പിതടയേണ്ടി വരികയും വീണ്ടും നിയമോപദേശം തേടേണ്ടിവരുകയും ചെയ്ത സാഹചര്യത്തിലായിരുന്നു വിമര്‍ശനം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിയമമന്ത്രി എ.കെ ബാലനാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. വീണ്ടും നിയമോപദേശം തേടാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചതിന് പിന്നാലെയായിരുന്നു ബാലന്റെ വിമര്‍ശനം. വീണ്ടും നിയമോപദേശം തേടേണ്ടി വരുന്നത് സര്‍ക്കാരിന് ക്ഷീണമായി എന്നായിരുന്നു ബാലന്റെ വിമര്‍ശനം. കരുതലോടെ മുന്നോട്ട് പോകേണ്ടതായിരുന്നുവെന്ന് റവന്യു മന്ത്രി ഇ. ചന്ദശേഖരനും അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെ മറ്റ് ഘടകകക്ഷി മന്ത്രിമാരും സമാനമായ അഭിപ്രായം രേഖപ്പെടുത്തി. വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയ മുഖ്യമന്ത്രി, ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിദഗ്ധ ഉപദേശം തേടുന്നതെന്ന് പറഞ്ഞു. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും പഴുതുകളടച്ച് മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് നിയമോപദേശം തേടുന്നതെന്നും വിശദീകരിച്ചു.