വര്‍ഷത്തിലധികം ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ തലവേദനയുള്ള കസേരയില്‍ ഇരുന്നതിന് ശേഷം വിരമിക്കുന്ന സന്ദീപ് പാട്ടില്‍ എന്ന നമ്മുടെ ഇന്നലെകളിലെ ബാറ്റിംഗ് ഹീറോ പറഞ്ഞത് വാസ്തവമാണ്- ഈ കസേര എനിക്ക് നല്‍കിയത് ശത്രുക്കളെ മാത്രമാണ്. പക്ഷേ ശക്തമായ ചില തീരുമാനങ്ങള്‍ എടുത്തുവെന്ന സന്തോഷത്തോടെയാണ് പിരിയുന്നത്. എല്ലാവരെയും സന്തോഷിപ്പിക്കാന്‍ എപ്പോഴുമാവില്ലല്ലോ….

1983 ലെ ലോകകപ്പ് കപില്‍ദേവ് ലോര്‍ഡ്‌സില്‍ ഉര്‍ത്തുമ്പോള്‍ സന്ദീപിലെ ഓള്‍റൗണ്ടര്‍ ഇന്ത്യന്‍ ടീമിന്റെ കരുത്തായിരുന്നു. ശക്തമായ തീരുമാനങ്ങളും മന:സാന്നിദ്ധ്യവുമായിരുന്നു പാട്ടിലിന്റെ മുഖമുദ്ര. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറോട് പോലും വിരമിക്കാന്‍ സമയമായിരിക്കുന്നു എന്ന് പറഞ്ഞത് അദ്ദേഹമാണ്. രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, വീരേന്ദര്‍ സേവാഗ്, സഹീര്‍ഖാന്‍ തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം റിട്ടയര്‍മെന്റ് നോട്ടീസ് നല്‍കിയതും പാട്ടില്‍ തന്നെ. പക്ഷേ തന്റെ അവസാന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അദ്ദേഹമെടുത്ത തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കേണ്ടി വരുന്നു-ഗൗതം ഗാംഭീറിലെ ഓപ്പണര്‍ക്ക് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ അവസരം നല്‍കാതിരുന്നതിനോട്. സെലക്ഷന്‍ കമ്മിറ്റിക്കും ചെയര്‍മാന്‍ പാട്ടിലിനും അവരുടേതായ നിലപാടുണ്ടാവും. പക്ഷേ പുറത്ത് കേള്‍ക്കുന്ന ആരോപണങ്ങളില്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വീരാത് കോലിയുടെ പേര് വരെ കേള്‍ക്കുന്നുണ്ട്.

ഗാംഭീറും മഹേന്ദ്രസിംഗ് ധോണിയും തമ്മിലുളള പിണക്കങ്ങള്‍ നാട്ടില്‍പ്പാട്ടാണ്. ഗാംഭീര്‍ രണ്ട് വര്‍ഷമായി ദേശീയ ടീമിന് പുറത്തിരിക്കാന്‍ കാരണങ്ങളിലൊന്ന് ധോണിയാണെന്നാണ് അന്തപ്പുരഹസ്യം. അതില്‍ സത്യമുണ്ട് താനും. ധോണി ടെസ്റ്റ് ടീമിന്റെ അമരത്ത് നിന്ന് പുറത്തായപ്പോള്‍ പകരക്കാരനായി വന്ന കോലിയുമായും ഗാംഭീറിന് നല്ല ബന്ധമില്ലെന്ന ആരോപണത്തെ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പലപ്പോഴും ബാംഗ്ലൂര്‍ നായകന്‍ കോലിയും കൊല്‍ക്കത്ത നായകന്‍ ഗാംഭീറും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇത് കൂട്ടിചേര്‍ത്ത് വായിക്കാനാണ് ഇപ്പോള്‍ പാട്ടിലിന്റെ സെലക്ഷന്‍ കമ്മിറ്റി അവസരമൊരുക്കിയിരിക്കുന്നത്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നു ഗാംഭീര്‍. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ 500 ലധികം റണ്‍സ് സ്വന്തമാക്കി. ഇക്കഴിഞ്ഞ ദുലിപ് ട്രോഫിയില്‍ മൂന്ന് അര്‍ധ ശതകങ്ങള്‍. നല്ല നിലയില്‍ കളിക്കുന്ന ഒരു സീനിയര്‍ താരത്തിന് വിരമിക്കാനെങ്കിലും അവസരം നല്‍കേണ്ടതിന് പകരം അദ്ദേഹത്തെ അകാരണമായി തഴഞ്ഞതിലെ രാഷ്ട്രീയം ഇനി തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടും.

സേവാഗിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ ആരോപണമുണ്ടായിരുന്നു. വേദനയോടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. വീരുവിനെ പോലെ ഗാംഭീറും ഡല്‍ഹിക്കാരനാണ്- ഡല്‍ഹിക്കാരെ തഴയുന്നതില്‍ ചിലര്‍ കളിക്കുന്നു എന്ന ആരോപണത്തിന് ശക്തി പകരാനാണ് ഇപ്പോഴത്തെ തീരുമാനം വക വെച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡ് ഇപ്പോള്‍ മികച്ച ടീമാണ്. അവര്‍ക്കെതിരെ കന്നിക്കാരനായ രാഹുലിനെ പോലെ ഒരാള്‍ക്കൊപ്പം നമ്മുടെ ഇന്നിംഗ്‌സ് ആരംഭിക്കാന്‍ ഇടം കൈയ്യനും അനുഭവസമ്പന്നനുമായ ഒരു ഓപ്പണര്‍ ഗാംഭീറില്‍ ഉള്ളപ്പോള്‍ പരീക്ഷണങ്ങളിലേക്ക് പേവേണ്ടതില്ലായിരുന്നു. രോഹിത് ശര്‍മയുടെ കാര്യത്തില്‍ ശര്‍മക്കും മുംബൈക്കും സംശയമുളളപ്പോള്‍ മുംബൈക്കാരനായ പാട്ടില്‍ ഒരു ഡല്‍ഹിക്കാരനെ തഴഞ്ഞതിനെ ആരെങ്കിലും ചോദ്യം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ എങ്ങനെ കുറ്റം പറയും.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഗ്രൂപ്പിസത്തിന്റെ ശക്തി അതിന്റെ പരമോന്നതിയില്‍ അനുഭവിച്ചയാളാണ് പാട്ടില്‍. മുംബൈ, ചെന്നൈ, ഡല്‍ഹി, ബാംഗ്ലൂര്‍ ലോബികള്‍ പരസ്പരം മല്‍സരിച്ച കാലത്ത് നിന്ന് നമ്മുടെ ക്രിക്കറ്റിനെ മോചിപ്പിച്ചതില്‍ പാട്ടിലിന് പങ്കുണ്ട്. അത് കൊണ്ടാല്ലോ സ്വന്തം നാട്ടുകാരനായ സച്ചിനോട് അദ്ദേഹം തന്നെ സമയമായിരിക്കുന്നു എന്ന് പറഞ്ഞത്. സച്ചിന്റെ സ്ഥാനത്ത് കോലിയെയും രഹാനെയെയുമെല്ലാം നമുക്ക് നല്‍കിയതും പാട്ടിലാണ്. ദ്രാവിഡിനോടും ലക്ഷ്മണോടും സഹീറിനോടും സേവാഗിനോടും ദയ കാണിക്കാതിരുന്നതും പാട്ടില്‍ തന്നെ. പക്ഷേ ഇവര്‍ക്കെല്ലാം വിരമിക്കാന്‍ അവസരം നല്‍കിയത് പോലെ ഗാംഭീറിനോടും കരുണ ആവാമായിരുന്നു.