കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് വിനോദസഞ്ചാരികളായ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിരുവമ്പാടി സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്. താമരശേരി സി.ഐക്കാണ് അന്വേഷണ ചുമതല. കഴിഞ്ഞ ദിവസമാണ് കക്കാടംപൊയിലിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന് മുന്നില്‍ യുവാക്കള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. പരിക്കേറ്റ നാല് യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂക്കിന് സാരമായി പരിക്കേറ്റ ജസീമിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. അനധികൃതമായി നിര്‍മ്മിച്ച പാര്‍ക്ക് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങളെ നേരിടാന്‍ ഗുണ്ടകളെ വിന്യസിച്ചതായി ആരോപണമുണ്ടായിരുന്നു. മര്‍ദ്ദനത്തിനിരയായവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവമ്പാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പാര്‍ക്കിലെത്തിയവര്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ പാര്‍ക്കിന്റെ ദൃശ്യം പകര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു സഞ്ചാരികളെ പൊലീസും ഒരു സംഘം ഗുണ്ടകളും മര്‍ദിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസും അക്രമികള്‍ക്ക് മര്‍ദിക്കാന്‍ അവസരമൊരുക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എം.എല്‍.എയുടെ പാര്‍ക്കിനെതിരെ ജനവികാരം ശക്തമാകുന്നതിനിടെയാണ് പൊലീസ് അക്രമികള്‍ക്ക് സഹായം ചെയ്ത് കൊടുത്തത്.
പി.വി.ആര്‍ വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല മേഖലയിലാണെന്ന് തെളിയിക്കുന്ന രേഖകള്‍ നേരത്തെ പുറത്തായിരുന്നു. പാര്‍ക്ക് ഇരിക്കുന്ന പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഒരു വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്നായിരുന്നു നിര്‍ദ്ദേശം. ദുരന്ത സാധ്യതാ മേഖലയായതിനാല്‍ മഴക്കുഴി പോലും കുത്തരുതെന്നും 2016ല്‍ ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതെല്ലാം ലംഘിച്ചാണ് അന്‍വറിന്റെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. രാത്രി എട്ടു മണിക്ക് പാര്‍ക്ക് അടയ്ക്കുന്നതിനാല്‍ സംഭവുമായി ബന്ധമില്ലെന്നാണ് നടത്തിപ്പുകാരുടെ വിശദീകരണം. അതേസമയം, കക്കാടംപൊയിലില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസുകാര്‍ മദ്യലഹരിയിലായിരുന്നുവെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐയും രംഗത്ത്. മര്‍ദനത്തില്‍ അവശരായ യുവാക്കളെ ആസ്പത്രിയില്‍ എത്തിക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.