സൂറിച്ച്: ലാറ്റിനമേരിക്കയില്‍ നിന്നും ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയ ഇക്വഡോറിനെതിരെ ഫിഫയുടെ ശക്തമായ ഇടപെടല്‍ വരുന്നു. ബ്രസീല്‍, അര്‍ജന്റീന എന്നിവര്‍ക്കൊപ്പം ലാറ്റിനമേരിക്കയില്‍ നിന്നും നാലാം സ്ഥാനക്കാരായി ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കിയ ഇക്വഡോറിനെതിരെ ചിലി ഉന്നയിച്ച ഗുരുതരമായ ആരോപണം പരിശോധിക്കുമെന്ന് ഫിഫ വ്യക്തമാക്കിയതോടെയാണ് കാര്യങ്ങള്‍ ഗുരുതരമാവുന്നത്.

കൊളംബിയക്കാരനായ ഒരു താരത്തെ സ്വന്തം താരമായി കളിപ്പിച്ചാണ് ഇക്വഡോര്‍ യോഗ്യതാ മല്‍സരങ്ങള്‍ ജയിച്ചതെന്നാണ് ചിലിയുടെ ആരോപണം. 23 കാരനായ ബൈറണ്‍ കാസറ്റിലോയാണ് ആരോപണ വിധേയന്‍. ഈ ഡിഫന്‍ഡര്‍ ഇക്വഡോറുകാരനല്ല-കൊളംബിയക്കാരനാണെന്നാണ് ചിലി വ്യക്തമാക്കുന്നത്. തെറ്റായ ജനന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് കാസ്റ്റിലോ ഇക്വഡോര്‍ സംഘത്തില്‍ അംഗമായത്. യോഗ്യതാ റൗണ്ടില്‍ ഇക്വഡോര്‍ കളിച്ച 18 മല്‍സരങ്ങളില്‍ എട്ടെണ്ണത്തില്‍ കാസ്റ്റിലോ പന്ത് തട്ടിയിരുന്നു. ഈ എട്ട് മല്‍സരങ്ങളിലെയും പോയിന്റ് നോക്കി എതിരാളികള്‍ക്ക് നല്‍കണമെന്നാണ് നിലവില്‍ ഏഴാമതുള്ള ചിലിയുടെ വാദം.

അങ്ങനെ വന്നാല്‍ ചിലി നാലാം സ്ഥാനത്തേക്ക് കയറും. ചിലി ഫിഫക്ക് നല്‍കിയ പരാതിയില്‍ കാസ്റ്റിലോയുടെ ജനന തിയ്യതി (1995 ജൂലൈ 25) നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്വഡോറുകാര്‍ സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റില്‍ കാസ്റ്റിലോ ജനിച്ചത് 1998 നവംബര്‍ 10 നാണ്. ജന്മനഗരം ഇക്വഡോറിലെ ജനറല്‍ വിലാമിയ പേയാസിലും. ചിലി ഉന്നയിച്ചിരിക്കുന്ന ഈ വാദം സത്യമാണെങ്കില്‍ ഇക്വഡോറിന് ലോകകപ്പില്‍ അയോഗ്യത വരും. വന്‍കരയില്‍ നിന്ന് നാലാം സ്ഥാനക്കാരായാണ് അവര്‍ യോഗ്യത നേടിയത്. ഇക്വഡോര്‍ അയോഗ്യരാക്കപ്പെടുന്ന സാഹചര്യം വന്നാല്‍ നിലവില്‍ അഞ്ചാം സ്ഥാനക്കാരായ പെറു നാലാം സ്ഥാനത്തേക്ക് കയറും.