ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെതുടര്‍ന്ന് ബാങ്കിങ് മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും ഉദ്യോഗസ്ഥരും പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക്. ആദ്യ ഘട്ടമായി ഈ മാസം 28ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ആള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍(എ.ഐ.ബി.ഇ.എ), ആള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍(എ.ഐ.ബി.ഒ.എ) എന്നിവ സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തൊട്ടടുത്ത ദിവസം (ഡിസംബര്‍ 29) കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ നേരില്‍കണ്ട് വിഷയങ്ങള്‍ ഉന്നയിക്കും. 2017 ജനുവരി രണ്ട്, മൂന്ന് തിയ്യതികളിലും പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തതായി എ.ഐ.ബി.ഇ.എ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കിടാചലം, എ.ഐ.ബി.ഒ.എ ജനറല്‍ സെക്രട്ടറി എസ് നടരാജന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെതുടര്‍ന്ന് ബാങ്കിങ് മേഖല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇരു സംഘടനകളുടെയും യൂണിറ്റ് തലങ്ങളില്‍ ഇതിനകം തന്നെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. റിസര്‍വ്ബാങ്ക് മേഖലാ എക്‌സിക്യൂട്ടീവുകള്‍ക്ക് യൂണിറ്റ് കമ്മിറ്റികള്‍ ഇതുസംബന്ധിച്ച നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ദേശീയ തലത്തില്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി. എല്ലാ ബാങ്ക് ശാഖകളിലും ആവശ്യത്തിന് പുതിയ കറന്‍സികള്‍ എത്തിക്കുക, ബാങ്കുകള്‍ക്കുള്ള കറന്‍സി വിതരണത്തില്‍ സുതാര്യത പുലര്‍ത്തുക, എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിറ്റ് കമ്മിറ്റികള്‍ സമര്‍പ്പിച്ച നിവേദനങ്ങളില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആവശ്യത്തിന് പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ റിസര്‍വ് ബാങ്കിന് കഴിയുന്നില്ലെങ്കില്‍, മതിയായ പണം എത്തിക്കുന്നതുവരെ ബാങ്കുകളിലെ എല്ലാ പണമിടപാടുകളും നിര്‍ത്തിവെക്കണമെന്ന് രണ്ട് യൂണിയനുകളും ആവശ്യപ്പെട്ടു. രാജ്യമൊട്ടാകെ നോട്ട് ക്ഷാമം നിലനില്‍ക്കുമ്പോള്‍ ചില വ്യക്തികളില്‍നിന്ന് വന്‍തോതില്‍ പുതിയ കറന്‍സികള്‍ പിടിച്ചെടുത്ത സംഭവങ്ങള്‍ സി.ബി.ഐ അന്വേഷിക്കണം. നോട്ട് പിന്‍വലിക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ എല്ലാ മരണങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണം. എല്ലാ ബാങ്ക് ശാഖകളിലും ബാങ്ക് ജീവനക്കാര്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കണം. നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെതുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ ചെയ്യേണ്ടി വന്ന അധിക ജോലിക്ക് അധിക വേതനം നല്‍കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടു.

ഒമ്പത് ലക്ഷത്തോളം വരുന്ന രാജ്യത്തെ മൊത്തം ബാങ്ക് ജീവനക്കാരില്‍ അഞ്ചര ലക്ഷം പേരും എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒഎ അംഗങ്ങളാണെന്ന് പ്രസ്താവനയില്‍ പറയുന്നു.