Connect with us

Video Stories

ബുദ്ധിമാന്മാര്‍ക്ക് ദൃഷ്ടാന്തങ്ങള്‍

Published

on

അനന്തവും അതിബൃഹത്തുമായ മനുഷ്യജീവിതത്തിന്റെ ആദ്യപാദം ഭൂമിയിലാണ്. ഒരു നിശ്ചിതകാലം വരെ ഇവിടെ ജീവിക്കാന്‍ വേണ്ട വിഭവങ്ങള്‍ ഒരുക്കിയിട്ടുള്ളതായി ഖുര്‍ആന്‍ മനുഷ്യനെ ഓര്‍മിപ്പിക്കുന്നു. വിഭവങ്ങള്‍ തേടിപ്പിടിക്കാനാവശ്യമായ വിജ്ഞാനം സ്വരൂപിക്കാന്‍ ഇന്ദ്രിയങ്ങളും അല്ലാഹു പ്രദാനം ചെയ്തിട്ടുണ്ട്. കണ്ണുകള്‍, നാവ്, ചുണ്ടുകള്‍, ചെവി തുടങ്ങിയവയെക്കുറിച്ച് പല പരാമര്‍ശങ്ങളും ഖുര്‍ആനില്‍ കാണാം. ഇന്ദ്രിയങ്ങള്‍ ശേഖരിക്കുന്ന വിവരം വിശകലനം ചെയ്ത കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മനുഷ്യന് ബുദ്ധിയും നല്‍കി. ബുദ്ധി ഒരു വസ്തുവല്ല ശക്തിയാണ്. ബുദ്ധിയെക്കുറിച്ച് പണ്ടുകാലം മുതലേ പല പഠനങ്ങളും നടന്നിട്ടുണ്ട്. ഏറെ സിദ്ധാന്തങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ആധുനിക മനശ്ശാസ്ത്ര ഭാഷയില്‍ ബുദ്ധിയെ ലളിതമായി നിര്‍വചിച്ചാല്‍ അത് വിജയകരമായ ഒരവസ്ഥയുണ്ടാവാന്‍ സാഹചര്യത്തോട് ഒത്തുപോകാനുള്ള മനുഷ്യന്റെ കഴിവ് എന്നു പറയാം. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ചേരയെ തിന്നുന്ന നാട്ടില്‍ എത്തിയാല്‍ നടുക്കണ്ടം എടുക്കാനുള്ള മിടുക്ക്. ഇതില്‍ നിന്ന് കാര്യം ഏറെ വ്യക്തമാണ്. ഇവിടെ വിജയത്തിന്റെ മാനദണ്ഡം ഭൗതിക വിഭവലബ്ധിയും നിലനില്‍പ്പും മാത്രമാണ്. ധാര്‍മിക സദാചാരത്തിന്റെ അനുവാദ നിരോധനങ്ങളൊന്നും ഇവിടെ പരിഗണിക്കപ്പെടുന്നില്ല.

കാശുണ്ടാക്കുന്ന കാര്യത്തില്‍ അധിക മനുഷ്യരും അനുവര്‍ത്തിക്കുന്ന നയനിലപാടുകള്‍ ഇതോടൊപ്പം ചേര്‍ത്ത് വായിച്ചാല്‍ കാര്യങ്ങള്‍ കുറെ വ്യക്തമാവും. ധര്‍മാധര്‍മങ്ങള്‍ പാലിച്ച് അധ്വാനം വിനിയോഗിച്ച് പണമുണ്ടാക്കുന്നവര്‍ക്ക് പലപ്പോഴും അധികം സമാഹരിക്കാനാവില്ല. ഏതു നിലപാട് സ്വീകരിച്ചും പണം സമ്പാദിക്കുന്നവന്‍ വലിയ ബുദ്ധിമാനായി പരിഗണിക്കപ്പെടുന്ന ഒരു സമൂഹമാണ് നമ്മുടെ മുന്നില്‍.

മനുഷ്യബുദ്ധിയെ അളക്കാന്‍ പല മാനദണ്ഡങ്ങളും ചരിത്രാതീത കാലം മുതലേ മനുഷ്യന്‍ സ്വീകരിച്ചിരുന്നു. 1920-ല്‍ നിര്‍ദ്ദേശിക്കപ്പെട്ട ‘ഐ. ക്യൂ’ (ഇന്റലിജെന്‍സ് ക്വോഷെന്റ്) ബുദ്ധിശക്തി അളക്കാനുള്ള ഒരു രീതിയാണ്. പ്രത്യേക തരം പരിശോധനയിലൂടെ ഒരു കണക്ക് കണ്ടെത്തുകയാണ് അതില്‍ ചെയ്യുന്നത്. നൂറ് ആണ് ശരാശരി. അല്ലെങ്കില്‍ സാമാന്യത്തോത്. നൂറ്റി നാല്‍പ്പത്തിയഞ്ച് ആയാല്‍ അസാമാന്യ ധിഷണാപാടവമുള്ള പ്രതിഭാശാലിയായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ഉയര്‍ന്ന തോതില്‍ ഐ.ക്യൂവുള്ള പലര്‍ക്കും അത് അവരുടെ പ്രായോഗിക ജീവിതത്തില്‍ വിജയപ്രദമായ ക്രിയാത്മകതക്ക് പ്രത്യേക പ്രയോജനം ഒന്നും ചെയ്യുന്നില്ലെന്ന് പില്‍ക്കാല പഠനങ്ങള്‍ തെളിയിച്ചു.
ഐ.ക്യൂവിന് പകരം 1964ല്‍ നിര്‍ദ്ദേശിക്കപ്പെട്ട മറ്റൊരു മാനദണ്ഡമാണ് ഇ.ക്യൂ/ഇ.ഐ (ഇമോഷണല്‍ ക്വോഷെന്റ്/ഇമോഷണല്‍ ഇന്റലിജെന്‍സ്) തൊണ്ണൂറുകളുടെ ഒടുവിലും രണ്ടായിരമാണ്ടിന്റെ പ്രാരംഭത്തിലും വിജയകരമായി പരീക്ഷിക്കപ്പെട്ട ഇ.ക്യു. ഇപ്പോള്‍ വ്യാപകമായി പ്രയോജനപ്പെടുത്തി വരുന്നു. സ്വന്തത്തിന്റെയും മറ്റുള്ളവരുടെയും വികാരങ്ങളെ വക തിരിച്ചറിയാനും അവയെ പ്രായോഗികതയില്‍ സ്വന്തത്തിനും മറ്റുള്ളവര്‍ക്കും വിജയപ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്താനുമുള്ള മനുഷ്യന്റെ കഴിവിനെയാണ് ഇമോഷണല്‍ ക്വോഷെന്റ് എന്ന് പറയുന്നത്. അത് അളക്കാനും വിവിധ തരം പരിശോധനാ മാനദണ്ഡങ്ങളുണ്ട്. ഉയര്‍ന്ന ഐ.ക്യൂ ഉള്ളവരേക്കാള്‍ ഉയര്‍ന്ന ഇ.ക്യു ഉള്ളവരാണ് എല്ലാ രംഗങ്ങളിലും നേതൃസ്ഥാനങ്ങളില്‍ എത്തുന്നതും നിലനില്‍ക്കുന്നതും. ഭൗതികലോക വിജയമാണ് ഇവിടെയും കാര്യമായി പരിഗണിക്കപ്പെടുന്നതെന്നതിനാല്‍ ഉയര്‍ന്ന ഇ.ക്യു ഉള്ളവരും പലപ്പോഴും പരാജയത്തില്‍ ചെന്നു പതിക്കാറുണ്ട്.

എന്താണ് ബുദ്ധിയെന്നും ആരാണ് ബുദ്ധിമാന്മാരെന്നും ഖുര്‍ആന്‍ വിവിധ രൂപത്തില്‍ മനുഷ്യനെ പഠിപ്പിക്കുന്നുണ്ട്. ‘തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപ്പകല്‍ മാറിമാറി വരുന്നതിലും ബുദ്ധിമാന്മാര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്ന് കൊണ്ടും ഇരുന്ന് കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍ക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപ്പറ്റി ചിന്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവരുടെ പ്രാര്‍ത്ഥന) ഞങ്ങളുടെ രക്ഷിതാവേ നീ ഇതൊന്നും നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല. നീ എത്രയോ പരിശുദ്ധന്‍, അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാക്കേണമേ! ഞങ്ങളുടെ രക്ഷിതാവേ നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നീ നിന്ദ്യനാക്കി കഴിഞ്ഞു. അക്രമികള്‍ക്ക് സഹായികള്‍ ആരുമില്ലതാനും. ഞങ്ങളുടെ രക്ഷിതാവേ സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ ‘നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവീന്‍’ എന്നു പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്മകള്‍ ഞങ്ങളില്‍ നിന്ന് നീ മായ്ച്ചു കളയുകയും ചെയ്യേണമേ, പുണ്യവാന്മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ നിന്റെ ദൂതന്മാര്‍ മുഖേനെ ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിര്‍ത്തേഴുന്നേല്‍പ്പിന്റെ നാളില്‍ ഞങ്ങള്‍ക്ക് നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ.നീ വാഗ്ദാനം ലംഘിക്കുകയില്ല, തീര്‍ച്ച (3:190-194) ഈ സൂക്തം പാരായണം ചെയ്യുകയും അതനുസരിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നവന് നാശം എന്ന് റസൂല്‍ (സ) ഒരിക്കല്‍ പറയുകയുണ്ടായി.

ബുദ്ധി എന്നതിന് ‘അഖ്ല്‍’ എന്ന പദമാണ് ഖുര്‍ആന്‍ ധാരാളമായി പ്രയോഗിക്കുന്നത്. ‘ഇഖാല്‍’ എന്നതില്‍ നിന്നാണ് ആ പദം. ഒട്ടകം, കുതിര തുടങ്ങിയവയെ നിയന്ത്രിക്കുന്ന കടിഞ്ഞാണ്‍ ആണ് ഇഖാല്‍ അവയെ വലത്തും ഇടത്തും തിരിഞ്ഞുപോകാനും നേരെ, വേഗത കുറച്ചും കൂട്ടിയും പോകാനും നിര്‍ത്താനും കടിഞ്ഞാണിന്റെ പ്രത്യേകം പ്രത്യേകം ചലനങ്ങള്‍ കൊണ്ട് യാത്രക്കാരന് സാധിക്കുന്നു. മനുഷ്യ മനസ്സില്‍ സദ് വികാരങ്ങളും ദുര്‍വികാരങ്ങളും ഉതിരുന്നു. ധാര്‍മിക സദാചാര സംഹിതക്ക് നിരക്കാത്ത അധമ മനസ്സിന്റെ ദുര്‍വികാരങ്ങളെ കടിഞ്ഞാണിട്ട് നിര്‍ത്തി സദ് വികാരങ്ങളെ പരിപോഷിപ്പിച്ച് അവയെ വിചാരവും ചിന്തയും ആശയും ആശയവുമായി പരിവര്‍ത്തിപ്പിക്കാനുള്ള മനുഷ്യന്റെ കഴിവിനാണ് അഖ്‌ല് എന്ന വ്യവക്ഷ. അതാണ് ബുദ്ധി. അത്തരം ബുദ്ധിമാന്മാരുടെ വികാരങ്ങളും വിചാരങ്ങളും ചിന്തകളും പ്രപഞ്ച സൃഷ്ടിപ്പ്, അതിലുള്ള എല്ലാ വസ്തുക്കളുടെയും വസ്തുതകളുടെയും സൃഷ്ടിപ്പും തുടങ്ങിയവയില്‍ ചുറ്റിത്തിരിഞ്ഞ് മഹാനായ സ്രഷ്ടാവിലേക്ക് എത്തിച്ചേരും. ഇതൊന്നും വൃഥാവിലല്ല എന്ന ദൃഢബോധ്യവും അതിലൂടെ ലഭിക്കും. അപ്പോഴാണവര്‍ വിനയാന്വിതരായി പാപം പൊറുക്കാനും നരക വിമോചനത്തിനും സഹായലബ്ധിക്കും പ്രാര്‍ത്ഥനാ നിരതരാവുന്നത്. പ്രപഞ്ചത്തിലെ ഓരോ ചലനത്തിലും സൃഷ്ടി സൗന്ദര്യത്തിലും ബുദ്ധിയുള്ളവര്‍ക്ക് ദൈവിക നിയന്ത്രണത്തിന്റെ മതിയായ തെളിവുകള്‍ ലഭ്യമാകും.

മഹായുക്തിജ്ഞനും സര്‍വജ്ഞനും സര്‍വശക്തനുമായ ആ മഹാസര്‍വ്വ സംരക്ഷകന്റെ അടിമ എന്ന നിലയില്‍ പ്രപഞ്ചത്തോടും ജീവിത സംഭവങ്ങളോടും സമചിത്തതയോടെ ഒത്തുപോകാന്‍ അങ്ങനെ ബുദ്ധിമാനായ സത്യവിശ്വാസിക്ക് സഹായം ലഭിക്കുന്നു. നഷ്ടപ്പെടുന്നതില്‍ അതീവ നിരാശനോ ലഭ്യമാകുന്നതില്‍ അത്യാഹ്ലാദചിത്തനോ ആവാതെ അവന്റെ വികാരങ്ങള്‍ നിയന്ത്രിക്കപ്പെടുന്നു.

മനുഷ്യമനസ്സില്‍ അസൂയയും പകയും വിദ്വേഷവും ആര്‍ത്തിയും അനാവശ്യ കിടമത്സരങ്ങളും ഒക്കെ ഉതിര്‍ക്കുന്നത് പൈശാചിക ദുര്‍ബോധനങ്ങളാണ്. ആര്‍ക്കെങ്കിലും പൈശാചിക സ്പര്‍ശം ഉണ്ടായാല്‍ അവന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. സൂറത്തുല്‍ ഫലഖും അന്നാസും അതിനായിത്തന്നെ അവതരിപ്പിക്കപ്പെട്ടതാണ്. അവക്ക് ഏറെ ആഴത്തില്‍ അര്‍ത്ഥതലങ്ങളുണ്ട്. ഭൂമിയിലെ ജീവിത പരീക്ഷണത്തിനാണ് ദുര്‍വികാരങ്ങളുടെ സൃഷ്ടിപ്പ്. അവയെ പാടെ നിര്‍മാര്‍ജ്ജനം ചെയ്യാനാവില്ല. ദൈവീകസഹായം കൊണ്ടുള്ള നിയന്ത്രണം വഴി അവയെ അതിജയിക്കുന്നതിലാണ് വിജയം. അതാണ് വികാരങ്ങളെ വിജയത്തിനായി സമര്‍ത്ഥമായി പ്രയോജനപ്പെടുത്തുന്ന പ്രായോഗിക ബുദ്ധി. പ്രശ്‌ന കലുഷിതമായ സമകാലികത്തില്‍ സത്യവിശ്വാസികള്‍ക്ക് ഏറെ അനിവാര്യമായ ഒരു കഴിവാണിത്. ഇ.ക്യു എന്ന സാങ്കേതിക ഭാഷയിലല്ലാതെ ഇസ്‌ലാം ഈ ആശയം മനുഷ്യാരംഭം മുതലേ പഠിപ്പിച്ചുവരുന്നുണ്ട്. ഭൗതിക ലോകത്തിനപ്പുറം അനന്തമായ പരലോക ജീവിത വിജയത്തിലേക്ക് പ്രതീക്ഷ നീട്ടുന്ന ഈ ആശയം ഏറെ ഗൗരവത്തോടെ തന്നെ സത്യവിശ്വാസി സമൂഹം പഠിക്കേണ്ടിയിരിക്കുന്നു. അന്തഛിദ്രതകള്‍ ഒഴിവാക്കാനും ഐക്യം സാധിച്ചെടുക്കാനും ഇസ്‌ലാമികാശയങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാനും സത്യവിശ്വാസികളെ പ്രാപ്തരാക്കുന്ന മഹത്തായ ഒരു ഗുണവുമാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Video Stories

നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ അവഹേളനം; നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകള്‍ ഷഹാന മുംതാസ് (19) ആണ് മരിച്ചത്

Published

on

മലപ്പുറം: കൊണ്ടോട്ടിയില്‍ പത്തൊമ്പതുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളും മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിന്റെ ഭാര്യയുമായ ഷഹാന മുംതാസ് (19) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

കൊണ്ടോട്ടി ഗവ.കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പെണ്‍കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Video Stories

മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചത്; പി.വി. അന്‍വര്‍

രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കില്ല

Published

on

തിരുവനന്തപുരം: മലയോര ജനതക്കായി വനനിയമത്തിനെതിരെ പോരാടാന്‍ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. അതോടൊപ്പം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അന്‍വര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പോടെ എംഎല്‍എ സ്ഥാനം രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സ്വതന്ത്രനായി ജയിച്ച് എം.എല്‍.എയായതിനാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്‌നമായതിനാല്‍ കാലതാമസം പാടില്ലെന്നും ഉടന്‍ രാജിവെച്ച് പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു. തുടര്‍ന്ന് ഇക്കഴിഞ്ഞ 11ന് തന്നെ സ്പീക്കര്‍ക്ക് രാജിക്കത്ത് ഇമെയില്‍ ചെയ്തിരുന്നു. എന്നാല്‍, നേരിട്ട് കൈമാറണമെന്ന നിര്‍ദേശം ലഭിച്ചതിനാലാണ് കൊല്‍ക്കത്തയില്‍നിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത് -അന്‍വര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. ഔദ്യോഗിക എക്‌സ് പേജിലൂടെ അന്‍വറിന് അംഗത്വം നല്‍കിയ വിവരം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അന്‍വറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Continue Reading

Trending