മുംബൈ: ഗോവക്കെതിരായ രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ കേരളം ഒന്നാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ ഭവിന്‍ താക്കറും ക്യാപ്റ്റന്‍ രോഹന്‍ പ്രേമുമാണ് കേരളത്തിന് മികച്ച തുടക്കം നല്‍കിയത്. 200 പന്തുകളില്‍ 117 റണ്‍സ് നേടി ഭവിന്‍ താക്കര്‍ ശദാബിന്റെ പന്തില്‍ പുറത്തായി. 272 പന്തില്‍ 16 ബൗണ്ടറികളോടെ 120 റണ്‍സുമായി രോഹന്‍ പ്രേം പുറത്താകാതെ ക്രീസിലുണ്ട്. 28 റണ്‍സുമായി സഞ്ജു വി സാംസണാണ് രോഹന് കൂട്ട്.

അഞ്ചു റണ്‍സുമായി പുറത്തായ ഓപണര്‍ വിഷ്ണു വിനോദിന് ശേഷം ക്രീസിലെത്തിയ രോഹന്‍ പ്രേം ഭവിന്‍ താക്കര്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 234 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രഞ്ജിയില്‍ കേരളത്തിന്റെ ആറാം മത്സരമാണിത്. നേരത്തെ നാലു മത്സരങ്ങളില്‍ സമനില നേടിയ കേരളം ഹിമാചലിനെതിരെ തോല്‍വി വഴങ്ങിയിരുന്നു. എലൈറ്റ് ഗ്രൂപ്പില്‍ കടക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ കേരളത്തിന് നിര്‍ണായകമാണ്.