പൂനെ: ഐ.എസ്.എല്ലിലെ മറാത്ത ടീമുകള്‍ തമ്മിലുള്ള അങ്കത്തില്‍ ജയം മുംബൈക്കൊപ്പം. 69-ാം മിനുട്ടില്‍ ഉറുഗ്വേ താരം ഡീഗോ ഫോര്‍ലാന്‍ ഒരുക്കിയ അവസരത്തില്‍ നിന്ന് മത്തിയാസ് ഡെഫെഡറിക്കോ ആണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍ നേടിയത്. വലതുവിങില്‍ നിന്നു വന്ന ക്രോസ് പിന്‍കാല്‍ സ്പര്‍ശം കൊണ്ട് ഫോര്‍ലാന്‍ നിയന്ത്രിച്ചു നല്‍കിയപ്പോള്‍ സമയമെടുത്ത് തൊടുത്ത ലോ ആങ്കിള്‍ ഷോട്ട് വലകുലുക്കുകയായിരുന്നു.
തുടക്കത്തില്‍ നേരിയ മുന്‍തൂക്കം ആതിഥേയര്‍ക്കൊപ്പമായിരുന്നെങ്കിലും മുംബൈ പ്രത്യാക്രമണങ്ങളിലൂടെ എതിര്‍ ഗോള്‍മുഖം വിറപ്പിച്ചു. 10-ാം മിനുട്ടില്‍ പൂനെയുടെ അരാറ്റ ഇസുമിയുടെ ഹെഡ്ഡര്‍ മുംബൈ കീപ്പര്‍ റോബര്‍ട്ടോ വല്‍പാസോ പിടിച്ചെടുത്തപ്പോള്‍ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ജൊനാതന്‍ ലൂക്കയുടെ കരുത്തുറ്റ ഷോട്ട് തടഞ്ഞും ഗോള്‍കീപ്പര്‍ താരമായി.
എഫ്.സി ഗോവയും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മിലാണ് ഇന്നത്തെ മത്സരം. ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ച നോര്‍ത്ത് ഈസ്റ്റ്, സീക്കോ പരിശീലിപ്പിക്കുന്ന ഗോവക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം നടന്ന ഐ.എസ്.എല്‍ രണ്ടാം മത്സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും ചെന്നൈയിന്‍ എഫ്.സിയും 2-2 സമനിലയില്‍ പിരിഞ്ഞു. സമീഗ് ദുതി, ഇയാന്‍ ഹ്യൂം എന്നിവര്‍ ആതിഥേയര്‍ക്കു വേണ്ടി ഗോളടിച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കു വേണ്ടി ജയേഷ് റാണെ, ഹാന്‍സ് മള്‍ഡര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.