ഷാങായ്: അര്‍ജന്റീന സ്‌ട്രൈക്കര്‍ കാര്‍ലോസ് ടെവസ് ചൈനീസ് സൂപ്പര്‍ ലീഗില്‍. പ്രതിവാരം 5.15 കോടി രൂപ പ്രതിഫലത്തിന് ടെവസ് ഷാങായ് ഷെന്‍ഹുവ ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ചു. അര്‍ജന്റീനാ ക്ലബ്ബ് ബൊക്ക ജൂനിയേഴ്‌സ് വിട്ട 32-കാരന്‍ രണ്ടു വര്‍ഷത്തേക്കാണ് ചൈനീസ് ക്ലബ്ബുമായി കരാര്‍ ഒപ്പിട്ടത്.

ടെവസ് ഔദ്യോഗികമായി ക്ലബ്ബില്‍ ചേര്‍ന്നതായി ഷാങായ് ഷെന്‍ഹുവ പ്രസ്താവനയില്‍ വ്യക്തമാക്കി. 84 ദശലക്ഷം യൂറോ (600 കോടി രൂപ) ആണ് ട്രാന്‍സ്ഫര്‍ തുക എന്നറിയുന്നു. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ ട്രാന്‍സ്ഫര്‍ തുകയാണിത്. പോള്‍ പോഗ്ബ, ഗരത് ബെയ്ല്‍, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, നെയ്മര്‍ എന്നിവരാണ് മുന്നിലുള്ളത്. ടെവസിന് ലഭിക്കുമെന്ന് കരുതപ്പെടുന്ന 720,450 യൂറോ ഫുട്‌ബോളിലെ ഏറ്റവും ഉയര്‍ന്ന പ്രതിവാര പ്രതിഫലമാണ്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റസ് തുടങ്ങിയ മുന്‍നിര ക്ലബ്ബുകളില്‍ കളിച്ച ടെവസ് മുന്‍നിര ക്ലബ്ബുകളുടെ ഓഫര്‍ നിരസിച്ചാണ് ബൊക്ക ജൂനിയേഴ്‌സില്‍ ചേര്‍ന്നത്. ബാല്യകാല ക്ലബ്ബായ ബൊക്കെയില്‍ കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് ടെവസ് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ബൊക്കയെ ലീഗ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

സെനഗലീസ് സ്‌ട്രൈക്കര്‍ ഡെംബ ബാ, നൈജീരിയക്കാരന്‍ ഒബാഫമി മാര്‍ട്ടിന്‍സ്, കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ഫ്രെഡി ഗോറിന്‍ എന്നിവര്‍ നേരത്തെ ഷാങായ് ഷെന്‍ഹുവയിലുണ്ട്. ബ്രസീലിയന്‍ താരം ഓസ്‌കര്‍ കഴിഞ്ഞയാഴ്ച ഷാങായ് ആസ്ഥാനമായുള്ള മറ്റൊരു ക്ലബ്ബായ എസ്.ഐ.പി.ജിയില്‍ ചേര്‍ന്നിരുന്നു. ഗ്രാസിയാനോ പെല്ലെ, എസിക്വീല്‍ ലവേസി, ജാക്‌സണ്‍ മാര്‍ട്ടിനസ് തുടങ്ങിയ മുന്‍നിര കളിക്കാര്‍ നിലവില്‍ ചൈനയില്‍ പന്തുതട്ടുന്നുണ്ട്.