ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്ക് രാജ്യത്തെ വിമാനങ്ങളില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും നിയമം അതിന്റെ വഴിയ്ക്ക് പോകുമെന്നും രാജ്യസഭ ഉപാധ്യക്ഷന്‍ പി. ജെ കുര്യന്‍ പറഞ്ഞു. എയര്‍ ഇന്ത്യ ഉള്‍പ്പെടെ രാജ്യത്തെ ആഭ്യന്തര വിമാനകമ്പനികള്‍ വ്യക്തികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സംഭവം ഉയര്‍ത്തിക്കാട്ടി എസ്പി അംഗം നരേഷ് അഗര്‍വാളിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് രാജ്യസഭ ഉപാധ്യക്ഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വിമാന കമ്പനികള്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ വ്യക്തമാക്കണമെന്നും പാര്‍ലമെന്റ് അംഗത്തിന്റെ പ്രത്യേകാധികാരത്തിന് വിഘാതം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നും അഗര്‍വാള്‍ സഭയില്‍ ആവശ്യപ്പെട്ടു. അഗര്‍വാളിന്റെ നിര്‍ദേശം പരിഗണയിലുണ്ടെന്ന് ഉപാധ്യക്ഷന്‍ വ്യക്തമാക്കി. പാര്‍ലമെന്റ് അംഗം കുറ്റകൃത്യമോ നിയമലംഘനമോ നടത്തിയിട്ടുണ്ടെങ്കില്‍ അത് രാജ്യത്തെ നിയമ സംവിധാനം നോക്കികൊള്ളും. ശിക്ഷ നടപ്പാക്കാന്‍ വിമാന കമ്പനികള്‍ അടക്കം ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല. പാര്‍ലമെന്റ് അംഗങ്ങളും പൗരന്മാരാണ്. ഉപാധ്യക്ഷന്‍ വ്യക്തമാക്കി. അതേ സമയം, കുറ്റകൃത്യം എന്ന പരാമര്‍ശം ഉപാധ്യക്ഷന്‍ തിരുത്തണമെന്ന് കോണ്‍ഗ്രസ് അംഗം ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. ആരെയെങ്കിലും ഒരു വ്യക്തി അടിയ്ക്കുകയാണെങ്കില്‍ അത് അക്രമമാണ്. നിയമ ലംഘനമായി കാണാനാകില്ലെന്നും പി. ജെ കുര്യന്‍ ചൂണ്ടിക്കാട്ടി.