ദുബൈ: നാടും നഗരവും ഒരുപോലെ വികസിക്കുമ്പോള്‍ സംഭവിക്കുന്ന അത്ഭുതം കാണണമെങ്കില്‍ 1971ല്‍ പിറവികൊണ്ട യു.എ.ഇയെ നിരീക്ഷിച്ചാല്‍ മതിയെന്നും അസഹിഷ്ണുത വളര്‍ന്നുവരുന്ന കാലത്ത് സഹിഷ്ണുതയോടെ എല്ലാവരെയും ഒരു കുടക്കീഴില്‍ നിലനിര്‍ത്തുന്ന യു.എ.ഇ ലോക രാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും മുസ്ലീം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. പൗരന്മാരുടെ സാമൂഹിക, സാമ്പത്തിക വളര്‍ച്ചക്ക് പ്രാധാന്യം നല്‍കിയ ഭരണാധികാരികളുടെ മികവാണ് ഇതിന് നിദാനം. യു.എ.ഇ ജനസംഖ്യയില്‍ 20 ശതമാനത്തോളം ഇന്ത്യന്‍ വംശജരാണ്. ഇതിലേറെയും മലയാളി പ്രവാസികളാണ്. അവര്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനും, കച്ചവടം നടത്താനും അവസരം നല്‍കിയ യു.എ.ഇ ഭരണകൂടത്തോടും പൗരന്മാരോടും കേരളത്തിന് അളവറ്റ കടപ്പാടുണ്ട്- അദ്ദേഹം പറഞ്ഞു. യു.എ.ഇ യുടെ 45-മത് ദേശീയ ദിനഘോഷത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച പരിപാടികളുടെ സമാപനം കുറിച്ചുനടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. യു.എ.ഇ ഇന്ത്യ പൗരാണിക ബന്ധം എല്ലാവര്‍ക്കും മാതൃകയാണെന്ന് ഡയറക്റ്റരേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനെഴ്‌സ് അഫേഴ്‌സ് ദുബൈ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിപറഞ്ഞു. ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി ഒഡിഷ സര്‍ക്കാറിന് നല്‍കുന്ന ആംബുലന്‍സുകളുടെ ധാരണാ പത്രം ഹൈദരലി ശിഹാബ് തങ്ങള്‍ പി.വി അബ്ദുല്‍ വഹാബ് എം.പിക്ക് നല്‍കി. സാദിഖലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഡോ:എം.കെ മുനീര്‍ എം.എല്‍.എ, പി.എ ഇബ്രാഹിം ഹാജി ഡോ: പുത്തൂര്‍ റഹ്മാന്‍, ഇബ്രാഹിം എളേറ്റില്‍,യഹ്‌യ തളങ്കര,യൂനുസ്‌കുഞ്ഞ്, ഹാമിദ് കോയമ്മ തങ്ങള്‍, അബ്ദുള്ള ഫാറൂഖി, ഹസൈനാര്‍ ഹാജി, ,എ.സി ഇസ്മായില്‍, റാഷിദ് അസ്ലം,സുബ്ഹാന്‍ ബിന്‍ ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.