തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായി സ്തംഭിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയാത്തത് സര്‍ക്കാറിന്റെ വീഴ്ചയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന വ്യാപകമായി റേഷന്‍ വിതരണം മുടങ്ങിയിട്ടും സര്‍ക്കാറിന്റെ ശുഷ്‌ക്കാന്തിക്കുറവ് തുടരുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാധാരണക്കാരായ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണിത്. അട്ടിക്കൂലി പ്രശ്‌നത്തില്‍ തൊഴിലാളികളുടെ പ്രതിഷേധമാണ് റേഷന്‍വിതരണം തടസപ്പെടാന്‍ പ്രധാനകാരണം. ഇതു പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഒരു പ്രശ്‌നത്തിന്റെ പേരില്‍ ഒരു സംസ്ഥാനം മുഴുവന്‍ പട്ടിണി കിടക്കേണ്ട അവസ്ഥയാണ്. പ്രശ്‌നപരിഹാരത്തിന് ആരുടെയും ദയാദാക്ഷണ്യത്തിന് കാത്ത് നില്‍ക്കരുത്. റേഷന്‍ കടകളില്‍ അരി കിട്ടാതായതോടെ പൊതുവിപണിയില്‍ മട്ട, ജയ അരിക്ക് കിലോക്ക് ഏഴ് രൂപ വരെ വര്‍ധിപ്പിച്ചിരിക്കുകയാണ്. റേഷന്‍ വിതരണം പുനഃസ്ഥാപിച്ചില്ലെങ്കില്‍ വില ഇനിയും വര്‍ധിക്കും. ഭക്ഷ്യ സുരക്ഷ നിയമം നടപ്പായതോടെ റേഷന്‍ വിതരണത്തില്‍ മധ്യവര്‍ത്തികള്‍ പാടില്ലെന്നാണ് ചട്ടം. ഇതോടെ സ്വകാര്യ ഗോഡൗണുകളില്‍ അരി സൂക്ഷിക്കാന്‍ കഴിയില്ല. ഈ ഗോഡൗണുകള്‍ ഏറ്റെടുത്ത് അരി വിതരണം സുലഭമാക്കണം.

സ്വകാര്യ വ്യക്തികള്‍ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന അട്ടിക്കൂലി അരിവിതരണം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ലഭിക്കാതെയായി. ഇതാണ് ഇപ്പോഴത്തെ അനിശ്ചിതാവസ്ഥക്ക് കാരണം. ഒക്‌ടോബര്‍ മാസത്തില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നവംബര്‍ മാസത്തില്‍ അരിയൊന്നും ലഭിച്ചില്ല. ബി.പി.എല്‍, എ.പി.എല്‍ വിഭാഗങ്ങള്‍ക്ക് ഒരു മണി അരിപോലും ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ വിഷയത്തിന്റെ പ്രാധാന്യം പൂര്‍ണമായി സര്‍ക്കാര്‍ ഉള്‍ക്കൊണ്ട് അടിയന്തര പരിഹാരത്തിന് സര്‍ക്കാര്‍ തയാറാകണം കേന്ദ്ര മാനദണ്ഡപ്രകാരം പത്ത് ലക്ഷം മെട്രിക് ടണ്‍ അരിയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. 16.25 ലക്ഷം മെട്രിക് ടണ്‍ അരിയാണ് സംസ്ഥാനത്തിന് വേണ്ടത്. യു.ഡി.എഫ് സര്‍ക്കാറിന്റെ തുടര്‍ച്ചയായ സമ്മര്‍ദത്തെയും പരിശ്രമത്തെയും തുടര്‍ന്ന് യു.പി.എ സര്‍ക്കാറും ബി.ജെ.പി സര്‍ക്കാറും 14 ലക്ഷം മെട്രിക് ടണ്‍ അരി അനുവദിച്ചു. രണ്ടേകാല്‍ ലക്ഷം അഡ്‌ഹോക് അലോട്ട്‌മെന്റും കേരളത്തിന് കിട്ടി. ഇത് തുടര്‍ന്നും കിട്ടണം. അതിന് കേന്ദ്രത്തിന് മുന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രതിസന്ധിക്കൊപ്പം പാലക്കാട്ടെ നെല്ല് സംഭരണവും നടക്കുന്നില്ല. എത്രയും വേഗം നെല്ല് സംഭരണം പുനഃസ്ഥാപിക്കണം. കേരളത്തിന്റെ മണ്ണെണ വിഹിതത്തില്‍ 36 ശതമാനം കുറച്ച കേന്ദ്ര നടപടിയോട് യോജിക്കാന്‍ കഴിയില്ല. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതി ഇല്ലാത്തവര്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കുമായിരുന്നു. ഇപ്പോള്‍ ഇത് 850 മില്ലിയും ഒരു ലിറ്ററുമായി കുറഞ്ഞു. സബ്‌സിഡികള്‍ വെട്ടിക്കുറക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.