വൈറ്റ്ഹൗസില്‍ ഇനി ആര്? തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കവെ, ഹിലരി ക്ലിന്റണും ഡോണാള്‍ഡ് ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. നവംബര്‍ എട്ടിന് ആണ് അമ്പത്തിയെട്ടാമത് അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. ഇരുനൂറ് വര്‍ഷത്തെ ജനാധിപത്യ പാരമ്പര്യമുള്ള യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക (യു.എസ്.എ)യുടെ അമരത്ത് ആര് വരുമെന്ന് ലോകം ഉറ്റുനോക്കുന്നു.

സംവാദം മൂന്നും കഴിഞ്ഞ ശേഷം, ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരിക്ക് ആയിരുന്നു നേരിയ മുന്‍തൂക്കം. അതിനുശേഷം തന്ത്രപരമായ നീക്കങ്ങളിലൂടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡോണാള്‍ഡ് ട്രംപ് നില മെച്ചപ്പെടുത്തി. സംവാദങ്ങള്‍ കഴിയുമ്പോഴാണ് പതിവ് പ്രകാരം വിലയിരുത്തല്‍ നടക്കുക. ഇത്തവണ അവ മാറുന്നു. സംവാദങ്ങള്‍ക്ക് ശേഷം നൂറ് ദിവസത്തെ പരിപാടി അവതരിപ്പിച്ചുകൊണ്ട് ട്രംപ് അമേരിക്കന്‍ ജനതയുടെ മനസ്സ് മാറ്റാന്‍ ശ്രമിക്കുന്നു. ഏറ്റവും അവസാനം ലഭിച്ച പിടിവള്ളിയാണ് ഹിലരിക്ക് എതിരായ ഇ-മെയില്‍ കുരുക്ക്! ഹിലരി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ, സ്വകാര്യ ഇ-മെയില്‍ സെര്‍വര്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസ് ആണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമായ എഫ്.ബി.ഐ ഈ കേസ് ഉയര്‍ത്തിക്കൊണ്ട് വന്നതില്‍ ഡമോക്രാറ്റുകള്‍ക്ക് സംശയമുണ്ടെങ്കിലും വിവാദത്തെ അതിജീവിക്കാനുള്ള തന്ത്രം ആവിഷ്‌ക്കരിക്കുകയാണവര്‍. വിവാദം ഹിലരി ക്യാമ്പില്‍ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. വിജയ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുമോ എന്നാണ് ഡമോക്രാറ്റിക് ആശങ്ക. അതേസമയം, ട്രംപ് കേന്ദ്രങ്ങളില്‍ പ്രതീക്ഷ വളര്‍ത്തിയിട്ടുമുണ്ട്.

അമേരിക്കയുടെ തെരഞ്ഞെടുപ്പ് കുറ്റമറ്റതാണെന്ന് അവകാശപ്പെടാന്‍ അവര്‍ക്ക് മാത്രമെ കഴിയൂ. തെരഞ്ഞെടുപ്പ് പലപ്പോഴും വിവാദം സൃഷ്ടിക്കാറുണ്ട്. അമ്പത് സംസ്ഥാനങ്ങള്‍ ലോകത്തെ ഏറ്റവും വലിയ സൈനിക-സമ്പന്ന രാഷ്ട്രത്തിലുണ്ട്. നാല് വര്‍ഷം കൂടുമ്പോഴാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. 538 ഇലക്ടറല്‍ കോളജിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 270 വോട്ടുകള്‍ കേവലം ഭൂരിപക്ഷത്തിന് വേണം. പുതിയ വിവാദങ്ങള്‍ക്ക് മുമ്പ് ട്രംപിനേക്കാള്‍ 12 ശതമാനം വരെ മുന്നിലായിരുന്നു ഹിലരി. ഇപ്പോള്‍ സ്ഥിതി മാറി. തുടക്കത്തിലുണ്ടായിരുന്ന വിജയ പ്രതീക്ഷ ഹിലരി ക്യാമ്പില്‍ ഇല്ല. എന്നാലും നേരിയ മുന്‍തൂക്കം.

ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്ത് വളരെ തരംതാണ പ്രചാരണങ്ങളും വിവാദവുമാണ്. മിക്കവയും വ്യക്തിഹത്യയും വൈകാരികവുമായവ. ട്രംപിന് എതിരെ ലൈംഗിക ആരോപണം ഉന്നയിക്കാന്‍ സ്ത്രീകള്‍ ‘ക്യൂ’ നിന്നു. അവസാനം നീലചിത്ര നടി ജെസിക്ക ഡ്രവരെ എത്തി. മറുവശത്ത്, ഹിലരിയുടെ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റണു നേരെ പഴയ കാല ലൈംഗിക ആരോപണം ഉയര്‍ത്തിയാണ് ട്രംപ് ക്യാമ്പ് ഇതിനൊക്കെ തുടക്കം കുറിച്ചത്.
ഹിലരിയെ അഴിമതിക്കാരിയായും താന്‍ ജയിച്ചാല്‍ ജയിലില്‍ അടക്കുമെന്നും വരെ ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ ഹിലരി തിരിച്ചടിച്ചു. സ്വന്തം പാര്‍ട്ടിക്കാരായ നിരവധി റിപ്പബ്ലിക്കന്‍ നേതാക്കള്‍ ട്രംപിനെ കൈവിട്ടു. ഹിലരിയെ വ്യക്തിപരമായി അക്രമിച്ചതിന് പുറമെ, കുടിയേറ്റ പ്രശ്‌നം ഉയര്‍ത്തി ആഫ്രോ-അമേരിക്കന്‍ സമൂഹത്തിനും മുസ്‌ലിംകള്‍ക്കുമെതിരെ ട്രംപ് ആഞ്ഞടിച്ചു. സ്ത്രീവിരുദ്ധത ട്രംപിന് വിനയായി തിരിഞ്ഞു കൊത്തി. വിദ്വേഷ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായി മാറിയ ട്രംപ് എന്തും വിളിച്ചു പറയുംവിധം തരം താണു. ഹിലരിയുടെ തിരിച്ചടിയും മോശമല്ല. ഇത്ര മാത്രം അധപതിച്ച നിലവാരം സമീപ കാലമൊന്നും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രംഗത്ത് കണ്ടിരുന്നില്ല.

തെരഞ്ഞെടുപ്പ് രംഗത്ത് സാധാരണയായി കാണാറുള്ള വിദേശ-ആഭ്യന്തര പ്രശ്‌നങ്ങള്‍ ഇത്തവണ ഇരുപക്ഷവും അവഗണിച്ചു. ഭീകരതക്കെതിരായ പോരാട്ടത്തെ ട്രംപ് മുസ്‌ലിം വിരുദ്ധതയായി വഴി തിരിച്ചുവിട്ടപ്പോള്‍ ഹിലരി പക്വതയോടെ അഭിപ്രായം പ്രകടിപ്പിച്ച് മികവ് കാണിച്ചു. അതേസമയം, രണ്ട് പേരും നിലവാരം പുലര്‍ത്തിയില്ല. മധ്യ പൗരസ്ത്യ ദേശത്തെ പ്രതിസന്ധിയെക്കുറിച്ച് രണ്ട് പേര്‍ക്കും മൗനം. കാലാവസ്ഥ കരാറിനെക്കുറിച്ച് ട്രംപിന് വികല വീക്ഷണമാണ്. അമേരിക്കയുടെ അമരക്കാരനെ തെരഞ്ഞെടുക്കുന്നതിന് റഷ്യന്‍ ഇടപെടലും വിവാദം സൃഷ്ടിച്ചു. ഹിലരി തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്നും ഫലം അംഗീകരിക്കില്ലെന്നും ട്രംപ് അഭിപ്രായ പ്രകടനം നടത്തിയപ്പോള്‍, റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുട്ടിന്റെ പ്രതികരണം ഒബാമ ഭരണകൂടത്തെ ചൊടിപ്പിച്ചു. തെരഞ്ഞെടുപ്പിന് റഷ്യന്‍ നിരീക്ഷകരെ അയക്കാമെന്ന് പുട്ടിന്റെ വാഗ്ദാനം അമേരിക്കയുടെ പ്രതിഷേധത്തിനും കാരണമായി. ഉക്രൈന്‍ സംസ്ഥാനമായ ക്രീമിയ പ്രശ്‌നത്തില്‍ റഷ്യന്‍ അനുകൂല നിലപാട് സ്വീകരിച്ച ട്രംപിനോട് പുട്ടിന് താല്‍പര്യമുണ്ടാവുക സ്വാഭാവികം. ട്രംപ് വിജയിക്കണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നത്.

അതേസമയം, അമേരിക്കയുടെ സാമ്പത്തിക, സൈനിക, വിദേശ താല്‍പര്യം ആര് അധികാരത്തില്‍ വന്നാലും ഇതേ സ്ഥിതിയില്‍ തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് കക്ഷികള്‍ അല്ല ഇവയൊന്നും നിയന്ത്രിക്കുന്നത്.വന്‍കിട കോര്‍പ്പറേറ്റുകളാണ്. മുസ്‌ലിം വിരുദ്ധ നിലപാട് ഇടക്കിടെ പുറത്തുപറയുന്ന ട്രംപിന് പോലും മധ്യപൗരസ്ത്യ ദേശത്തോട് പുറം തിരിഞ്ഞ് നില്‍ക്കാനാവില്ല. മധ്യപൗരസ്ത്യ ദേശത്ത് ഇത്തരം കമ്പനികള്‍ പണം വാരിക്കൂട്ടുകയാണല്ലോ. സമാനസ്വഭാവമാണ് കുടിയേറ്റ പ്രശ്‌നത്തിലും ട്രംപ് സ്വീകരിച്ചു കാണുന്നത്. തുടക്കത്തില്‍ കുടിയേറ്റക്കാര്‍ക്ക് എതിരെ ആഞ്ഞടിച്ച ട്രംപ് ഇപ്പോള്‍ 17 ലക്ഷം വരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ വോട്ട് ലഭിക്കാന്‍ എല്ലാ അടവുകളും ഉപയോഗിക്കുന്നു. മകളെ ദീപാവലിക്ക് ക്ഷേത്രത്തിലേക്ക് അയക്കാന്‍ പോലും സന്നദ്ധനായി. ആയുധ വില്‍പ്പന കമ്പനിയുടെ പങ്കാളിയായ ട്രംപ്, രാജ്യത്ത് തോക്ക് നിയന്ത്രിക്കണമെന്ന ആവശ്യത്തോട് അനുകൂലമല്ലത്രെ. പ്രവചനാതീതമായ നിലയിലേക്ക് രംഗം മാറിയിരിക്കുകയാണ്. ഹിലരിക്കാണ് ആണ് നേരിയ മുന്‍തൂക്കമെങ്കിലും പോളിങിന് മുമ്പ് ദിവസങ്ങളില്‍ പുറത്തുവരുന്ന വിവാദങ്ങളും ഇരുപക്ഷത്തിന്റെ തന്ത്രങ്ങളും അമേരിക്കന്‍ ജനതയെ സ്വാധീനിക്കും. അതായിരിക്കും വിജയിക്കാന്‍ ആരെയാണെങ്കിലും സഹായിക്കുക.

കെ മൊയ്തീന്‍ കോയ