പെര്‍ത്ത്: പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇതിഹാസ താരം റോജര്‍ ഫെഡറര്‍ ഹോപ്മാന്‍ കപ്പില്‍ വിജയത്തോടെ തിരിച്ചുവന്നു. കഴിഞ്ഞ ജൂലൈക്കു ശേഷം കളത്തിലിറങ്ങിയിട്ടില്ലാത്ത 35-കാരന്‍ 6-3, 6-4 ന് ഡാന്‍ ഇവാന്‍സിനെ വീഴ്ത്തിയാണ് തിരിച്ചുവരവ് ആഘോഷമാക്കിയത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ കാലില്‍ ശസ്്ര്രതിയക്ക് വിധേയനാവുകയും പുറംവേദന കാരണം ഫ്രഞ്ച് ഓപണില്‍ നിന്ന് പിന്മാറുകയും ചെയ്ത സ്വിസ് താരം ജൂലൈയിലാണ് വിശ്രമം തെരഞ്ഞെടുത്തത്. ഹോപ്മാന്‍ കപ്പ് മത്സരത്തിനായി പെര്‍ത്ത് അറീനയിലെത്തിയ ഫെഡററെ 13,500-ലധികം വരുന്ന കാണികള്‍ എഴുന്നേറ്റു നിന്ന് സ്വീകരിച്ചു. മത്സര രംഗത്ത് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണെന്നും നിരവധി പ്രതിഭകള്‍ രംഗത്തുള്ളതിനാല്‍ ഉന്നത രംഗത്ത് പിടിച്ചുനില്‍ക്കുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.