തിരുവനന്തപുരം: കൃഷിവകുപ്പ് ഡയരക്ടര്‍ അശോക് കുമാര്‍ തെക്കനെ ചുമതലയില്‍ നിന്ന് മാറ്റി. വിജിലന്‍സ് അന്വേഷണത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ തല്‍സ്ഥാനത്ത് മാറ്റി മന്ത്രി ഉത്തരവിട്ടത്. പച്ചത്തേങ്ങ സംഭരണത്തിലെ തിരിമറി, വിത്തുതേങ്ങ വിതരണത്തിലെ ക്രമക്കേട് തുടങ്ങിയ ക്രമവിരുദ്ധ ഇടപാടുകളാണ് വിജിലന്‍സ് അന്വേഷണത്തിലെത്തിച്ചത്. കൃഷിവകുപ്പ് സെക്രട്ടറിക്ക് പകരം ചുമതല നല്‍കിയേക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടപാടുകളാണ് പ്രധാനമായും വിജിലന്‍സ് അന്വേഷിക്കുക. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തു തന്നെ ഇദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ ഫയല്‍ വിജിലന്‍സിന് കൈമാറിയിരുന്നില്ല. പകരം ഇയാളോട് തന്നെ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സുനില്‍ കുമാര്‍ മന്ത്രിയായി ചുമതലയേറ്റ ശേഷം ഫയല്‍വിളിച്ചുവരുത്തുകയും മുഖ്യമന്ത്രിക്ക് കൈമാറുകയുമായിരുന്നു.