തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍ വിവാദത്തില്‍ െ്രെകം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഫോണ്‍ സംഭാഷണം പുറത്തുവിട്ട മംഗളം ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ അടക്കം ഒമ്പതു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. ഐ.ടി ആക്ടിലെ വകുപ്പുകള്‍ക്ക് പുറമെ ഗൂഢാലോചനാ കുറ്റവും ചേര്‍ത്താണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം ശക്തമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്നലെ മാപ്പ് അപേക്ഷിച്ച് ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ രംഗത്തെത്തുകയായിരുന്നു.

ശശീന്ദ്രനെതിരായ ലൈംഗിക സംഭാഷണ ടേപ്പ് ഹണി ട്രാപ്പാണെന്നും കുടുക്കിയത് ചാനല്‍ ലേഖികയാണെന്നും പരസ്യമായി സമ്മതിച്ചാണ് ചാനലിന്റെ ഖേദ പ്രകടനം. ചാനല്‍ സിഇഒ െ്രെപം ടൈം വാര്‍ത്തക്കിടെയാണ് പരസ്യമായി മാപ്പ് പറഞ്ഞത്. ട്രാപ്പൊരുക്കിയത് ചാനലിന്റെ അറിവോടെയാണെന്നും ഇനി ഇത്തരം തെറ്റ് പറ്റില്ലെന്നും സി.ഇ.ഒ അജിത് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ െ്രെകംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയമക്കുരുക്ക് മുറുകുമെന്ന് വ്യക്തമായതോടെയാണ് ചാനല്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയതെന്നാണ് സൂചന. എന്നാല്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാറിന്റെയും പൊലീസിന്റെയും തീരുമാനം.
മന്ത്രിക്ക് മുന്നില്‍ പരാതിയുമായെത്തിയ വീട്ടമ്മയുമായാണ് എ.കെ ശശീന്ദ്രന്‍ ലൈംഗിക ചുവയുള്ള സംസാരം നടത്തിയതെന്നായിരുന്നു മാര്‍ച്ച് 26ന് സംഭാഷണം പുറത്തുവിട്ടുകൊണ്ട് ചാനല്‍ അവകാശപ്പെട്ടത്. തുടര്‍ന്ന് അന്ന് വൈകുന്നേരം തന്നെ ശശീന്ദ്രന്‍ രാജിവെക്കുകയായിരുന്നു.