തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിച്ചതോടെ സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതി നിര്‍വഹണം 75 ശതമാനവും തദ്ദേശസ്ഥാപന പദ്ധതിച്ചെലവ് 84 ശതമാനവും കടക്കുമെന്ന് ധനവകുപ്പ്. തിങ്കളാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് 54.88 ശതമാനമായിരുന്ന പദ്ധതി നിര്‍വഹണമാണ് നാലു ദിവസം കൊണ്ട് 75 ശതമാനമായത്.

അവസാന ദിവസങ്ങളില്‍ ട്രഷറിയില്‍ നിന്നും പണം വാരിക്കോരിക്കൊടുത്ത് പദ്ധതിനിര്‍വഹണം മെച്ചപ്പെട്ട സ്ഥിതിയിലാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 82.29 ശതമാനവും 2014-15 ല്‍ 68.37 ശതമാനവും 2013-14 ല്‍ 79.89 ശതമാനവും 2012-13 ല്‍ 89.72 ശതമാനവുമായിരുന്നു സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതിപുരോഗതി.
2016-17 ലെ ബജറ്റില്‍ മൊത്തം 24,000 കോടിയാണ് 41 വകുപ്പുകള്‍ക്കായി അനുവദിച്ചത്. ഇതില്‍ 13,171.8 കോടി രൂപ മാത്രമാണ് ചെലവിട്ടത്. മുന്‍വര്‍ഷം അനുവദിച്ച 20,000 കോടിയില്‍ 16,458 രൂപയും ചെലവിടാനായി. കേന്ദ്ര പദ്ധതി അടങ്കലടക്കം സംസ്ഥാന പദ്ധതി വകയിരുത്തല്‍ 25,034 കോടി രൂപയാണ്. ഇതില്‍ മാര്‍ച്ച് 29 വരെ 16,567 കോടി രൂപ ചെലവഴിച്ചിരുന്നു. 30, 31 തീയതികളിലായി 2,426 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതടക്കം 18,993 കോടി രൂപയാണ് പദ്ധതിച്ചെലവ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി അടങ്കല്‍ 5,500 കോടി രൂപയാണ്. ഇതില്‍ മാര്‍ച്ച് 29 വരെ 3,583 കോടി രൂപയും 30, 31 തീയതികളില്‍ 1,047 കോടി രൂപയുമാണ് ചെലവ്. ആകെ 4,630 കോടി രൂപ. പദ്ധതി അടങ്കലിന്റെ 84 ശതമാനമാണിത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 1,23,656 ബില്ലുകളാണ് ട്രഷറികളില്‍ കൈകാര്യം ചെയ്തത്. 31 -ാം തീയതി രാത്രി എട്ടു മണി വരെ 4,959 കോടി രൂപ ഈ രണ്ടു ദിവസങ്ങളിലായി വിതരണം ചെയ്തിട്ടുണ്ട്.