രാജ്യത്തെ ഗോതമ്പ് കയറ്റുമതിക്ക് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ആഭ്യന്തര വിപണിയില്‍ ഗോതമ്പിന്റെ വില കുതിച്ചുയരുന്നതും രാജ്യത്ത് ക്ഷാമം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഈ തീരുമാനം. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനം പുറപ്പെടുവിച്ചു.

അതേസമയം, നേരത്തെ പണമടച്ച് കച്ചവടമുറപ്പിച്ച കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ തുടരാം. മറ്റ് രാജ്യങ്ങളില്‍ ഭക്ഷ്യ പ്രതിസന്ധി ഉണ്ടായാല്‍ കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കും.

ചൈനയ്ക്കു തൊട്ടുപിന്നില്‍ ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദകരാജ്യമാണ് ഇന്ത്യ. എന്നിട്ടും ആശങ്കയുളവാക്കുന്ന വിധത്തിലാണ് ഏപ്രില്‍മാസത്തില്‍ ഗോതമ്പുവില കുതിച്ചുയര്‍ന്നത്. 14 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയിരുന്നു അത്.