റസാഖ് ഒരുമനയൂര്‍

അബുദാബി: കഴിഞ്ഞദിവസം വിടപറഞ്ഞ യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ് യാന്റെ ഭൗതിക ശരീരം തോളിലേറ്റി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍.

അറബ് ലോകത്തിന് എക്കാലവും ആശ്വാസമായി വര്‍ത്തിക്കുന്ന അബൂദാബിയുടെ രാജകുമാരന്‍ തന്റെ സഹോദരന്‍ ശൈഖ് ഖലീഫയുടെ ഖബറിനരികില്‍ പച്ചമണ്ണിലിരുന്ന് കൈയുയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന രംഗം പലരുടെയും കണ്ണുകളെ ഈറനണിയിച്ചു. അറബ് ലോകത്തിന്റെ ആദരണീയനായ ലീഡര്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് ആറടി മണ്ണിനോട് ചേരുമ്പോള്‍ ഓര്‍മ്മകളുടെ കൂമ്പാരമാണ് മനസ്സുകളില്‍ നിറഞ്ഞുനിന്നത്.

പ്രിയപ്പെട്ട രാഷ്ട്രപിതാവിനോടൊപ്പം രാജ്യത്തിന്റെ നാഢിമിടിപ്പുകള്‍ അറിഞ്ഞ അസാമാന്യ കരുത്തുള്ള ഭരണാധികാരിയാണ് വിട വാങ്ങിയത്. പിതാവിന്റെ വിയോഗശേഷം രാജ്യത്തിന്റെ അധിപനായി മാറിയപ്പോള്‍ അതേപാത പിന്‍പറ്റി കാരുണ്യത്തിന്റെ കേതാരമായി നിലകൊണ്ടു. സഹോദരന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ കരുണയും കുശാഗ്രതയും നിറഞ്ഞ മനസ്സ് ഒപ്പമുണ്ടായപ്പോള്‍ രാജ്യം കുതിച്ചുയരുകയായിരുന്നു.