മാഡ്രിഡ്: ജൂണ്‍ ഒന്നിന് പുലര്‍ച്ചെ വെംബ്ലിയില്‍ നടക്കുന്ന കോണിബോള്‍-യുവേഫ കപ്പിനുള്ള ഒരുക്കങ്ങള്‍ അര്‍ജന്റീനയും ഇറ്റലിയും ആരംഭിച്ചു. കോപ്പ ചാമ്പ്യന്മാരും യൂറോ ചാമ്പ്യന്മാരും തമ്മിലുള്ള അങ്കത്തില്‍ ലിയോ മെസി ഉള്‍പ്പെടെ വമ്പന്മാരുണ്ട്. ഇറ്റാലിയന്‍ നായകന്‍ ജോര്‍ജ് ചെലിനിയുടെ വിടവാങ്ങല്‍ മല്‍സരവും കൂടിയാണിത്. സ്പാനിഷ് നഗരമായ ബില്‍ബാവോയിലാണ് അര്‍ജന്റീനിയന്‍ സംഘം ക്യാമ്പ് ചെയ്യുന്നത്. മെസി, ഡി മരിയ, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയവരെല്ലം ഇന്നലെ ക്യാമ്പിലെത്തി. പൗളോ ഡിബാലേ ഉള്‍പ്പെടെയുള്ളവര്‍ ഉടനെത്തും.

ഇറ്റാലിയന്‍ ദേശീയ ടീം ഇറ്റലിയില്‍ തന്നെയാണ് ഒരുങ്ങുന്നത്. കോച്ച് റോബര്‍ട്ടോ മാന്‍സിനി ഇന്നലെ സാധ്യതാ സംഘത്തെ പ്രഖ്യാപിച്ചു. വെംബ്ലി പോരാട്ടത്തിനുള്ള മുഴുവന്‍ ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. 1993 ലാണ് അവസാനമായി ഈ കിരീടം അര്‍ജന്റീന കരസ്ഥമാക്കിയത്. അന്ന് ഇതിഹാസ താരം ഡിയാഗോ മറഡോണ നയിച്ച ടീം യൂറോപ്യന്‍ ചാമ്പ്യന്മാരായ ഡെന്മാര്‍ക്കിനെ തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.