india

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ സ്ഥിതി ആശങ്കാജനകമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്

By webdesk11

January 15, 2023

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്്‌ലിംകള്‍ക്കെതിരെയും പാവപ്പെട്ടവര്‍ക്കെതിരെയും ആസൂത്രിതമായി ബുള്‍ഡോസര്‍ രാജ് നടക്കുന്നുവെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്. 2022 ല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളുടെയും പാവപ്പെട്ടവരുടെയും വീടുകള്‍ പൊളിച്ചു നീക്കിയ നിരവധി സംഭവങ്ങള്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 100ഓളം രാജ്യങ്ങളില്‍ ഉണ്ടായ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടിലാണ്, ബുള്‍ഡോസര്‍ രാജ് ഉള്‍പ്പെട്ടിരിക്കുന്നത്. വിയോജിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും നിശബ്ദരാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ബുള്‍ഡോസര്‍ രാജ് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരന്തരം വിമര്‍ശിച്ചപ്പോള്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള ഫലപ്രദമായ നടപടിയാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.

ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. നിയമവ്യവസ്ഥയ്ക്ക് പുറമെയാണ് സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ രാജ്യത്ത് ബുള്‍ഡോസര്‍ രാജ് നടപ്പാക്കുന്നത്. മുസ്‌ലിം സമുദായത്തെ പ്രത്യേകമായി ലക്ഷ്യമിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് 712 പേജുള്ള 2022 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഏപ്രിലില്‍ മധ്യപ്രദേശ്, ഗുജറാത്ത്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ വീടുകളും മറ്റും സര്‍ക്കാര്‍ പൊളിച്ചു നീക്കിയിരുന്നു. ഇവയില്‍ ഭൂരിഭാഗവും മുസ്്‌ലിംകളുടേതാണെന്നും നടപടി വര്‍ഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമവിരുദ്ധമായ നിര്‍മിതികളാണ് പൊളിച്ചു നീക്കിയതെന്ന് വിശദീകരിക്കുമ്പോഴും മുസ്‌ലിംകളെ കൂട്ടത്തോടെ ശിക്ഷിക്കുന്നതിനാണ് പൊളിച്ചു നീക്കല്‍ നടപടിയെന്ന് വ്യക്തമാകുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതാദ്യമായാണ് ബുള്‍ഡോസര്‍ രാജില്‍ ഒരു രാജ്യാന്തര സംഘടന ആശങ്ക പ്രകടിപ്പിക്കുന്നത്. രാജ്യത്ത് നടന്ന വിവിധ സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മധ്യപ്രദേശില്‍ കലാപത്തില്‍ പങ്കെടുത്ത ഹിന്ദു വിഭാഗക്കാരെ വെറുതെവിട്ടപ്പോള്‍ മുസ്‌ലിം വിഭാഗക്കാരുടെ വീടുകള്‍ പൊളിക്കുകയാണ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നേതൃത്വത്തില്‍ ചെയ്തത്. ജൂണില്‍, മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശം രാജ്യത്തുടനീളമുള്ള മുസ്്‌ലിംകളുടെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ജാര്‍ഖണ്ഡിലെ പൊലീസ് പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഉത്തര്‍പ്രദേശിലാകട്ടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരുടെ വീടുകള്‍ പൊളിച്ചു നീക്കുകയാണ് ചെയ്തത്. കോടതി നിര്‍ദേശ പ്രകാരമോ, മറ്റ് നിയമത്തിന്‌റെ പിന്‍ബലത്തിലോ അല്ല ഇത്തരം നടപടികളൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചൈനയില്‍ നടക്കുന്ന സമാനമായ മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വിമര്‍ശിക്കവെയാണ്, ഇത്തരം നടപടി സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ ഹിന്ദുത്വ അനുകൂല സമീപനം, നീതിന്യായ വ്യവസ്ഥയെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയും തീവ്രവാദ ബന്ധം ആരോപിച്ചും ജയിലടച്ചും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരെയും നിശബ്ദരാക്കുന്നു. രാഷ്ട്രീയ എതിരാളികളെയും മനുഷ്യാവകാശ സംഘടനകളെയും തകര്‍ക്കാന്‍ വിദേശ ഫണ്ട് നിയന്ത്രണ നിയമങ്ങളടക്കം ദുരുപയോഗം ചെയ്യുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത 11 പേരെ വിട്ടയച്ച സംഭവവും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. ഭരണഘടനയുടെ 370ാം അനുച്ഛേദം ഒഴിവാക്കി 3 വര്‍ഷം പിന്നിടുമ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായ ഒത്തുചേരലിനും അടക്കം ജമ്മുകശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുന്നുവെന്നും നിരീക്ഷണമുണ്ട്. 2022 ലെ ആദ്യ ഒന്‍പത് മാസത്തില്‍ 1,882 ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങളും 147 പോലീസ് കസ്റ്റഡിമരണങ്ങളും ഉണ്ടായെന്നതിലും റിപ്പോര്‍ട്ട് ആശങ്ക പ്രകടിപ്പിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തെ ഏറ്റവും വലിയ ആശങ്കകളിലൊന്നായി എച്ച്ആര്‍ഡബ്ല്യു എടുത്തുകാട്ടുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളിലും റിപ്പോര്‍ട്ട് ആശങ്ക പ്രകടിപ്പിക്കുന്നു.