വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ 100 ദിനങ്ങള്‍ പിന്നിട്ട ഡൊണാള്‍ഡ് ട്രംപിന് അധികാരത്തിന്റെ മധുവിധു അവസാനിക്കുകയാണ്. പ്രസിഡന്റ് പദം കഠിനമാണെന്ന് ട്രംപ് സ്വയം സമ്മതിച്ചുകഴിഞ്ഞു. വരാനിരിക്കുന്നത് അഗ്നിപരീക്ഷണങ്ങളാണെന്നും അദ്ദേഹത്തിന് ബോധ്യമായിട്ടുണ്ടെന്ന് യു.എസ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

100 ദിവസങ്ങളെ വിലയിരുത്തുമ്പോള്‍ ട്രംപിന് നേട്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ എഴുതാന്‍ ഏറെയൊന്നുമില്ല. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ പ്രഖ്യാപനങ്ങള്‍ വിഴുങ്ങിയും മുന്നോട്ടുവെച്ച കാല്‍ പിറകോട്ടെടുത്തും തീരുമാനങ്ങളെ വഴിക്കുപേക്ഷിച്ചും കിതച്ചുനില്‍ക്കുന്ന ട്രംപിനെയാണ് വൈറ്റ്ഹൗസില്‍ ലോകം കണ്ടത്.
വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് നടത്തിയ പ്രഖ്യാപനങ്ങള്‍ പാലിക്കല്‍ എത്രമാത്രം ശ്രമകരമാണെന്ന് കുറഞ്ഞ ദിവസം കൊണ്ട് അദ്ദേഹത്തിന് ബോധ്യമായി. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍നിര്‍മിക്കുമെന്നതായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ ട്രംപ് നടത്തിയ പ്രധാന പ്രഖ്യാപനം. പ്രസിഡന്റ് പദം ഏറ്റെടുത്ത ശേഷം യു.എസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഒരു കല്ലെടുത്തു വെക്കാന്‍ പോലും അദ്ദേഹത്തിന് സാധിച്ചില്ല.
ഭാവിയില്‍ ആ വഴിക്ക് എന്തെങ്കിലും നീക്കമുണ്ടാകുമെന്ന് സ്വന്തം അനുയായികളെ ബോധ്യപ്പെടുത്തുന്നതിലും അദ്ദേഹം പരാജയപ്പെട്ടു.
ഒബാമകെയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആരോഗ്യ പരിരക്ഷാ പദ്ധതി പിന്‍വലിക്കാനോ പകരം പുതിയത് എന്തെങ്കിലും കൊണ്ടുവരാനോ സാധിച്ചില്ല. അമേരിക്കയിലേക്ക് മുസ്്‌ലിംകള്‍ക്ക് പ്രവേശനം നിഷേധിക്കുമെന്നായിരുന്നു ട്രംപിന്റെ മറ്റൊരു ഭീഷണി. ആ പ്രഖ്യാപനം നടപ്പാക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ സാധിക്കാതെ പാതിവഴിക്ക് വിയര്‍ക്കേണ്ടിവന്നു. അല്‍പം ചില മുസ്്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് യു.എസ് കോടതികള്‍ റദ്ദാക്കുകയായിരുന്നു. അതിനുശേഷം അതേക്കുറിച്ച് ആലോചിക്കാന്‍ പോലും അദ്ദേഹം ധൈര്യപ്പെട്ടിട്ടില്ല. സിറിയന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാന്‍ തീരുമാനിക്കുക വഴി സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ധാര്‍മികമായും ട്രംപ് പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് റഷ്യയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് നടക്കുന്ന അന്വേഷണവും ട്രംപ് ഭരണകൂടെത്ത സമ്മര്‍ദ്ദത്തിലാക്കി. അമേരിക്കയിലെ റഷ്യന്‍ അംബാസഡറുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടവ് ജനറല്‍ മൈക്ക് ഫഌന്നിന് രാജിവെക്കേണ്ടിവന്നു. റഷ്യയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം ഇപ്പോള്‍. സിറിയയിലെ മിസൈല്‍ ആക്രമണം അക്കാര്യത്തില്‍ അദ്ദേഹത്തിന് അല്‍പം ആശ്വാസമായി. റഷ്യയുമായി ഉറ്റബന്ധം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രംപ് വൈറ്റ്ഹൗസിലെത്തിയപ്പോള്‍ മൗനം പാലിച്ചു. പ്രസിഡന്റ് വഌദ്മിര്‍ പുടിന് സ്തുതി പാടിയിരുന്ന നാവ് അടക്കിനിര്‍ത്തേണ്ടിവന്നു. ചൈനയുടെ കടുത്ത വിമര്‍ശകനായിരുന്ന ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൈകോര്‍ക്കുന്ന കാഴ്ചക്കും ലോകം സാക്ഷിയായി. കറന്‍സി മാനിപുലേറ്റര്‍ എന്ന ആരോപണത്തില്‍നിന്ന് ചൈനയെ കുറ്റമുക്തമാക്കുകയും ചെയ്തു.
അഫ്ഗാനിസ്താനില്‍ ഐ.എസ് തീവ്രവാദികള്‍ക്കെതിരെ ഏറ്റവും വലിയ ആണവേതര ബോംബ് പ്രയോഗിച്ച് ലോകത്തിനുമുന്നില്‍ നാണംകെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ വിഴുങ്ങേണ്ടിവന്നപ്പോള്‍ അമേരിക്കന്‍ ജനതയുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമായാണ് അന്താരാഷ്ട്ര സമൂഹം അതിനെ കണ്ടത്. ഉത്തരകൊറിയക്കെതിരായ പടനീക്കങ്ങളും ട്രംപിനെ കുരുക്കിലാക്കി. മുന്‍ പ്രഖ്യാപനത്തിലേതുപോലെ വിമാനവാഹിനി കൊറിയന്‍ മേഖലയിലേക്ക് എത്തിയിട്ടില്ലെന്ന് ഇടക്കാലത്ത് വാര്‍ത്തവരികയും ചെയ്തു. അന്താരാഷ്ട്ര വിഷയങ്ങളിലേക്ക് ശ്രദ്ധ വഴിതിരിച്ചുവിട്ട് ആഭ്യന്തര പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുന്ന ട്രംപിനെയാണ് ഏറ്റവുമൊടുവില്‍ ലോകം കണ്ടത്.