ലഖ്‌നൗ: മുത്തലാഖിനെതിരെ മോശം പരാമര്‍ശവുമായി ബിജെപി നേതാവ് വിവാദത്തില്‍. ഉത്തര്‍പ്രദേശ് നിയമസഭയിലെ മന്ത്രി കൂടിയായ സ്വാമി പ്രസാദ് മൗര്യയാണ് മുത്തലാഖിനെതിരെ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഭാര്യമാരെ നിരന്തരം മാറ്റി മുസ്‌ലിംകള്‍ മുത്തലാഖിനെ അവരുടെ കാമപൂര്‍ത്തീകരണത്തിനായി ചൂഷണം ചെയ്യുകയാണെന്നാണ് ബിജെപി നേതാവിന്റെ പുതിയ പ്രസ്താവന.

തന്റെ കാമപൂര്‍ത്തീകരണത്തിനായി ഭാര്യമാരെ മാറ്റിക്കൊണ്ടിരിക്കുകയും പിന്നീട് അവരെയും മക്കളെയും തെണ്ടാന്‍ വിടുകയും ചെയ്യുകയാണെങ്കില്‍ ഇത്തരം ത്വലാഖുകള്‍ക്ക് യാതൊരു അടിസ്ഥാനവും കണ്ടെത്താനാവില്ല. ഇതിനെയൊന്നും ആരുടെയും അവകാശമായും കരുതാനാവില്ല. ഒരു കാരണവുമില്ലാതെ മൊഴി ചൊല്ലപ്പെടുന്ന മുസ്‌ലിം വനിതകള്‍ക്കൊപ്പമാണ് ബിജെപി നിലകൊള്ളുന്നതെന്നും ലഖ്‌നൗവിലെ ബസ്തി ജില്ലയില്‍ നടന്ന പരിപാടിയില്‍ മൗര്യ തുറന്നടിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് വീണ്ടും പരസ്യ പ്രസ്താവനയുമായി വന്നിട്ടുള്ളത്.

അതേസമയം, ബിജെപി ദേശീയ വ്യാപകമായി നടത്തിവരുന്ന മുത്തലാഖ് വിരുദ്ധ കാംപയിനിന്റെ ഭാഗമായുള്ളതാണ് കാബിനറ്റംഗത്തിന്റെ ഈ തുറന്നടിക്കലെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മുത്തലാഖിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
മുത്തലാഖ് സംബന്ധിച്ച വിഷയങ്ങളില്‍ മേയ് 11 സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കുകയാണ്. വാട്ട്‌സ് ആപ്പ് മുഖേന ത്വലാഖ് ചൊല്ലപ്പെട്ട യുവതി നല്‍കിയ പരാതിയിന്മേല്‍ എടുത്തിട്ടുള്ള കേസിലാണ് വാദം കേള്‍ക്കുക.
ഈ മാസമാദ്യം മുത്തലാഖ് സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ക്കെതിരായ നിലപാടാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.