ട്രിപ്പോളി: ലിബിയക്കു സമീപം മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ട് മുങ്ങി നൂറോളം പേരെ കാണാതായി. 279 പേരെ ലിബിയന്‍ തീരദേശ സേന രക്ഷപ്പെടുത്തി. അഭയാര്‍ത്ഥികള്‍ കയറിയ ബോട്ടുകളിലൊന്നാണ് മുങ്ങിയത്. ബാക്കി ബോട്ടുകളിലുണ്ടായിരുന്നുവരെ സൈന്യം സുരക്ഷിതമായി കരക്കെത്തിച്ചു. രക്ഷപ്പെട്ടവരില്‍ 17 കുട്ടികളും 19 സ്ത്രീകളും പെടും.

കടല്‍ കടന്ന് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. 2017ല്‍ മാത്രം 3100റിലേറെ അഭയാര്‍ത്ഥികള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ചിട്ടുണ്ടന്നാണ് യു.എന്‍ മൈഗ്രേഷന്‍ ഏജന്‍സി റിപ്പോര്‍ട്ട്.

2011ലെ പ്രക്ഷോഭത്തില്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫി അധികാരഭ്രഷ്ടനാവുകയും കൊല്ലപ്പെടുകയും ചെയ്ത ശേഷം ലിബിയ അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധത്തിലും ദാരിദ്ര്യത്തിലും നരകിക്കുന്ന ആയിരങ്ങള്‍ ലിബിയ വഴിയാണ് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.