kerala

മലപ്പുറം പൊന്നാനിയില്‍ അപ്രതീക്ഷിത കടലാക്രമണം: 7 വള്ളങ്ങള്‍ തകര്‍ന്നു

By webdesk18

November 06, 2025

മലപ്പുറം: പൊന്നാനി പാലപ്പെട്ടി അജ്മേര്‍ നഗറില്‍ ഇന്ന് പുലര്‍ച്ചെ അപ്രതീക്ഷിതമായ കടലാക്രമണം. തീരത്ത് കയറ്റിയിട്ടിരുന്ന ഏഴ് ഫൈബര്‍ വള്ളങ്ങള്‍ കടലില്‍ പൊങ്ങി തകര്‍ന്നതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ 3 മണിയോടെയായിരുന്നു കടല്‍ കരയിലേക്ക് കയറിയത്.

മത്സ്യബന്ധനം പൂര്‍ത്തിയാക്കി തീരത്ത് കയറ്റിയിരുന്ന വള്ളങ്ങളാണ് തിരമാലകളില്‍ പെട്ട് നശിച്ചത്. വള്ളങ്ങളിലുണ്ടായിരുന്ന യമഹ എന്‍ജിനുകളും വലകളും തകര്‍ന്നതായും മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. ഒരു വള്ളത്തിന് ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. ആകെ നഷ്ടം 15 ലക്ഷം രൂപയിലധികം വരുമെന്ന് വിലയിരുത്തല്‍.

കാണാതായ വള്ളങ്ങള്‍ക്കായി തീരദേശത്ത് വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. കടലാക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റും തിരമാലകളും ഇതിന് കാരണമാകാമെന്ന് പ്രാഥമിക നിഗമനം.