kerala

നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്

By webdesk18

June 19, 2025

നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കവേ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മഴയുണ്ടെങ്കിലും രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ച ശേഷം എത്തി വോട്ടുരേഖപ്പെടുത്തി. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്നും നിലമ്പൂരില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരമെന്നും ഷൗക്കത്ത് പ്രതികരിച്ചു. രാവിലെ ഏഴു മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറു വരെയാണ്. പി.വി.അന്‍വര്‍ രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നിലമ്പൂര്‍ നീങ്ങിയത്.

യുഡിഎഫ്-എല്‍ഡിഎഫ്-എന്‍ഡിഎ മുന്നണികള്‍ക്കൊപ്പം സ്വതന്ത്രനായി പി.വി.അന്‍വറും മത്സരരംഗത്തുണ്ട്. ഭരണവിരുദ്ധ വികാരം വോട്ടാകുമെന്നും യുഡിഎഫ് ജയിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രതിപക്ഷം.

വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് മണ്ഡലം. കൈപ്പത്തി അടയാളത്തില്‍ ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തില്‍ എം.സ്വരാജ് (എല്‍ഡിഎഫ്), താമര അടയാളത്തില്‍ മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ കത്രിക അടയാളത്തില്‍ പി.വി.അന്‍വര്‍ മത്സരിക്കുന്നു. ഇവര്‍ ഉള്‍പ്പെടെ പത്തു സ്ഥാനാര്‍ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈ മാസം 23 നാണ് വോട്ടെണ്ണല്‍.

ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16-ന് പൂര്‍ത്തിയായിരുന്നു. ഉപതെരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.