കോഴിക്കോട്: നഗരത്തില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് 180 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. നടക്കാവ് കൊട്ടാരം റോഡില്‍ തഞ്ചേരിപറമ്പ് എല്‍റിക്രിയോ ഹൗസില്‍ ആമിന അബ്ദുള്‍ സമദിന്റെ(62) വീട്ടിലാണ് മോഷണം നടന്നത്. കിടപ്പു മുറിയില്‍ മരത്തിന്റെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നെടുത്ത, ആമിനയുടെ പെണ്‍മക്കളുടെതാണ് ആഭരണങ്ങള്‍. ഒറ്റയ്ക്ക് താമസിക്കുന്ന ആമിന രാത്രിയില്‍ സമീപത്തുള്ള സഹോദരിയുടെ വീട്ടിലാണ് ഉറങ്ങാറ്. ശനിയാഴ്ച പതിവുപോലെ സഹോദരിയുടെ വീട്ടില്‍ പോയി ഇന്നലെ രാവിലെ എട്ടോടെ തിരിച്ചുവരുമ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നായിരുന്നു മോഷണം. നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.