അത്തോളി:പ്രേമം നടിച്ച് 17 കാരിയെ ബംഗളുരുവിലും ചെന്നൈയിലും കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ അത്തോളി പൊലീസ് പിടികൂടി. പൊയില്‍ക്കാവ് എടക്കുളം തുവ്വയിന്‍ അശ്വിന്‍ ദാസ് (19)ആണ് അറസ്റ്റിലായത്. ഈ മാസം നാലിനാണ് ഇയാള്‍ പെണ്‍കുട്ടിയെ കൂട്ടികൊണ്ടു പോയത്. പത്ത് ദിവസത്തിനിടെ ബംഗളുരുവിലും ചെന്നൈയിലും താമസിച്ച ഇവര്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. പൊലീസ് തിരച്ചിലിനൊടുവിലാണ് ചെന്നൈ റെയില്‍വേസ്റ്റേഷന് സമീപത്ത് നിന്ന് ഇവരെ കണ്ടെത്തിയത്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ ഇരുവരെയും ഇന്നലെ അത്തോളി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിലും മെഡിക്കല്‍ പരിശോധനയിലുമാണ് പീഡന വിവരം അറിഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പീഡനത്തിനും, പട്ടികജാതി പട്ടികവഗ പ്രിവന്‍ഷന്‍ ആക്ട് പ്രകാരവുമാണ് അശ്വിന്‍ ദാസിനെതിരെ കേസെടുത്തത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട കൊട്ടാരക്കര സ്വദേശിയായ ഒരു പെണ്‍കുട്ടിയെയും ഇതുപോലെ തട്ടിക്കൊണ്ടു പോയതിനും ബലാത്സംഗം ചെയ്തതിനും പ്രതിക്കെതിരെ കേസുണ്ട്.

അന്ന് ഇയാള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. പ്രതിയെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കി ജില്ലാ ജയിലില്‍ റിമാന്റ് ചെയ്തു. പെണ്‍ കുട്ടിയെ പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ജില്ലാ പോലീസ് ചീഫ് ജയദേവ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം വടകര ഡി.വൈ.എസ്.പി ചന്ദ്രന്‍, അത്തോളി എസ്.ഐ പ്രശാന്ത്, എ.എസ്.ഐമുരളീധരന്‍, രാമദാസന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്യാം, സുരേഷ് ബാബു, സുരാജ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.