ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും പത്‌നി മെഗാനും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നു. 37കാരിയായ മെഗാന്‍ ഗര്‍ഭിണിയാണെന്ന് കെന്‍സിങ്ടണ്‍ പാലസ് അറിയിച്ചു. ഈ വസന്ത കാലത്തോടെ ആദ്യ കണ്‍മണി എത്തുമെന്നാണ് ദമ്പതികള്‍ പ്രതീക്ഷിക്കുന്നത്.
ഹാരിയും മെഗാനും ഇപ്പോള്‍ ഓസ്‌ട്രേലിയന്‍, ന്യൂസിലാന്‍ഡ് പര്യടനത്തിലാണ്. വിവാഹത്തിന് ശേഷം ദമ്പതികള്‍ നടത്തുന്ന ആദ്യത്തെ ഔദ്യോഗിക രാജകീയ സന്ദര്‍ശനമാണിത്. പര്യടനത്തിന്റെ ഭാഗമായി അവര്‍ സിഡ്‌നിയില്‍ എത്തിക്കഴിഞ്ഞു. സിഡ്‌നിയില്‍ നൂറുകണക്കിന് ആളുകളാണ് അവരെ കാണാന്‍ എത്തിയത്. ഗര്‍ഭിണിയാണെങ്കിലും പര്യടനത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
മെയ് 19ന് വിന്‍ഡ്‌സോര്‍ കാസിലിലായിരുന്നു ഇവരുടെ വിവാഹം. മാതാപിതാക്കളാകാന്‍ പോകുന്ന ഹാരിയെയും മെഗാനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് അഭിനന്ദിച്ചു. വാര്‍ത്ത അറിഞ്ഞതോടെ എലിസബത്ത് രാജ്ഞിയും മറ്റ് കുടുംബാംഗങ്ങളും സന്തോഷത്തിലാണ്. ഹാരിയുടെ സഹോദരന്‍ വില്യമിന് മൂന്ന് മക്കളുണ്ട്.