തിരുവനന്തപുരം: കേരളത്തിലെ ടിവി റേറ്റിംഗ് കണക്കെടുപ്പില്‍ വന്‍ കൃത്രിമം നടന്നെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബാര്‍ക്ക് റേറ്റിങ് തട്ടിപ്പില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടക്കുകയാണെന്നും അന്വേഷണത്തില്‍ ലഭിക്കുന്ന കണ്ടെത്തലുകള്‍ അനുസരിച്ചായിരിക്കും തുടര്‍ന്ന് നടപടികള്‍ എന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം അതീവ ഗൗരവമേറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബാര്‍ക്ക് ഡാറ്റ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങുന്ന ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാര്‍ക്ക് മിഡില്‍ ലെവല്‍ ഉദ്യോഗസ്ഥന്‍ പ്രേംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിന്റെ പ്രധാനം. പ്രേംനാഥിന്റെ Trust Wallet-ലേക്ക് ഒഴുകിയെത്തിയത് ഏകദേശം 100 കോടി രൂപയോളം.
ഈ തുക കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നാണ് ക്രിപ്റ്റോ കറന്‍സി USDT (Tether) വഴി കൈമാറിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രേംനാഥും ചാനല്‍ ഉടമയും തമ്മിലുള്ള നിരന്തര ഫോണ്‍ കോളുകളുടെ ഡാറ്റയും വാട്ട്സ് ആപ്പ് ചാറ്റുകളും ഉള്‍പ്പെടെ നിരവധി തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
ബന്ധപ്പെട്ട ചാനലിന്റെ റേറ്റിംഗ് കൃത്രിമമായി ഉയര്‍ത്തി പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുകയും മറ്റു ചാനലുകളുടെ റേറ്റിംഗ് ക്രമബദ്ധമായി താഴ്ത്തുകയും ചെയ്തുവെന്നതാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിവാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഈ ഗൂഢതന്ത്രം കേരളത്തില്‍ വിജയകരമായി നടപ്പിലാക്കിയതായി സൂചനകള്‍ ലഭിക്കുന്നു.
സംഭവം മാധ്യമരംഗത്തെ വിശ്വാസ്യതയും പരസ്യ വിപണിയിലെ നിഷ്പക്ഷതയും ചൂഷണം ചെയ്യുന്നതായതിനാല്‍ സൈബര്‍ വിങിന്റെ വിശദമായ അന്വേഷണം തുടരുമെന്നാണ് സൂചന.