crime

13കാരനെ തീ ചാമുണ്ഡി തെയ്യം കെട്ടിച്ച സംഭവം; സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം

By webdesk13

April 08, 2023

കണ്ണൂരില്‍ 13 വയസ്സുള്ള കുട്ടിയെ കൊണ്ട് തീ ചാമുണ്ഡി തെയ്യം കെട്ടിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയരുന്നു. ചിറക്കല്‍ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ് 13 വയസ്സുള്ള കുട്ടി ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്. ചടങ്ങിന്റെ ഭാഗമായി തെയ്യം തീ കനലില്‍ ചാടുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ബാലവകാശ കമ്മീഷന്‍ കേസുമെടുത്തു.

ചിറക്കല്‍ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലാണ് പെരും കളിയാട്ടത്തിന്റെ ഭാഗമായി കുട്ടിയെക്കൊണ്ട് തീയില്‍ ചാടുന്ന തീ ചാമുണ്ഡി തെയ്യം കെട്ടിച്ചത്. സംഘാടകരുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിലും വലിയ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. രണ്ടാള്‍ പൊക്കത്തിലുള്ള മേലേരിക്ക് അടുത്തേക്ക് പോകാന്‍ പോലും കഴിയാത്ത ചൂട് ഉണ്ടാകും. ഈ കനലിലേക്കാണ് കുട്ടി ചാടുന്നത്. തെയ്യം കഴിഞ്ഞതിന് ശേഷം കുട്ടിയെ അവശനായി കാണാമായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. ആടയാഭരണങ്ങള്‍ക്ക് പുറമെ ശരീരത്തില്‍ കുരുത്തോല കൊണ്ടുള്ള കവചം മാത്രമാണ് തീ പൊള്ളല്‍ തടയാനുള്ളത്.