kerala

കണ്ണൂരില്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും 10 പേരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി

By webdesk18

December 11, 2025

കണ്ണൂരില്‍ തദ്ദേശ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും 10 പേരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. നടുവില്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ആയ കണിയാന്‍ചാല്‍ വാര്‍ഡിലാണ് പ്രദേശവാസികളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നത്. ഇതേതുടര്‍ന്ന് യു.ഡി.എഫ് പ്രിസൈഡിങ് ഓഫിസര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്‍കി.

വോട്ടര്‍മാരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുന്ന പേജ് തന്റെ കൈവശമുള്ള വോട്ടര്‍പട്ടികയില്‍ ഇല്ലെന്നാണ് പ്രിസൈഡ് ഓഫിസര്‍ പറയുന്നത്. ഏലിക്കുട്ടി ജോണ്‍ മുകളേല്‍, സജി ജോണ്‍ മുകളേല്‍, ജേക്കബ് ആന്റണി ആലപ്പാട്ട് കുന്നേല്‍, ലീലാമ്മ ജേക്കബ്, ജോഷി ജോണ്‍, ജോണ്‍സണ്‍ തട്ടുങ്കല്‍, ജിജി ജോണ്‍സണ്‍, ടോണി ജോണ്‍സണ്‍, കിരണ്‍ ജോണ്‍സണ്‍, ക്രിസ്റ്റി ജോണ്‍സണ്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ട പേജ് ഇല്ലെന്നാണ് പ്രിസൈഡിങ് ഓഫിസര്‍ പറയുന്നത്.

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ബഷീറ പി. ആണ് വരണാധികാരിക്ക് പരാതി നല്‍കിയത്. തങ്ങള്‍ക്ക് ലഭിച്ച വോട്ടര്‍പട്ടികയില്‍ വോട്ടര്‍മാരുടെ പേരുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്. വോട്ടവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.