News

ഗ്രെറ്റ തുന്‍ബെര്‍ഗ് സഞ്ചരിച്ച ഗസ്സ സഹായ കപ്പലിനുനേര്‍ക്ക് തുനീഷ്യയില്‍ ഡ്രോണ്‍ ആക്രമണം

By webdesk17

September 09, 2025

തൂനിസ് സഹായ വസ്തുക്കളുമായി ഗസ്സയിലേക്ക് തിരിച്ച ഗ്രെറ്റ തുന്‍ബെര്‍ഗ് അടക്കമുള്ളവര്‍ സഞ്ചരിക്കുന്ന ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ല (ജി.എസ്.എഫ്) സംഘത്തിലെ കപ്പലിനുനേര്‍ക്ക് ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചതായാണ് റിപ്പോര്‍ട്ട്. ഗ്രെറ്റയോടൊപ്പം 44 രാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്മാരും ഉണ്ടായിരുന്നു.

ജി.എസ്.എഫ് കപ്പല്‍ സംഘത്തിലെ സംഘാടക സമിതി അംഗങ്ങള്‍ പോര്‍ച്ചുഗീസ് പതാക നാട്ടിയ ‘ഫാമിലി ബോട്ട്’ എന്ന കപ്പലില്‍ ഉണ്ടായിരുന്നു. കപ്പല്‍ തുനീഷ്യയിലെ സിദി ബൗ സെദ് തീരത്ത് നങ്കൂരമിട്ട സമയത്താണ് കത്തിപിടിച്ചത്. സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ദൗത്യത്തില്‍ നിന്നും പിന്‍മാറില്ലെന്നും ജി.എസ്.എഫ് പറഞ്ഞു. ഡ്രോണ്‍ ആക്രമണ നടന്നെന്ന വാര്‍ത്ത അറിഞ്ഞതോടെ കപ്പലിലുള്ളവര്‍ക്ക് ‘ഫ്രീ ഫലസ്തീന്‍’ മുദ്രാവാക്യവുമായി ജനങ്ങള്‍ പിന്തുണച്ചു.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ തള്ളി കപ്പലിനുള്ളിലെ സാങ്കേതിക തകരാര്‍ മൂലമാണ് തീ പിടുത്തമുണ്ടായതെന്നും അന്വേഷണത്തില്‍ കപ്പലിനടുത്ത് ഡ്രോണുകള്‍ കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും തുനീഷ്യ അറിയിച്ചു.

ഗസ്സയിലെ പട്ടിണി നേരിടുന്ന ജനങ്ങള്‍ക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പെയിനിലെ ബാഴ്‌സലോണ തുറമുഖത്തുനിന്നാണ് ആഗോള സുമുദ് ഫ്‌ലോട്ടിലയിലെ ആദ്യ സംഘം ഗസ്സയിലേക്ക് യാത്ര തിരിച്ചത്. ഭക്ഷണവും, മരുന്നും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യാനായി 50 ലധികം കപ്പലുകളുകളാണ് സംഘത്തിലുള്ളത്.

കപ്പല്‍ മാര്‍ഗ്ഗം ഗസ്സയിലേക്ക് സഹായം എത്തിക്കാന്‍ ശ്രമിച്ച ആക്ടിവിസ്റ്റുകളുടെ ശ്രമത്തെ ഇസ്രയീല്‍ തടഞ്ഞിരുന്നു. ജൂണ്‍, ജൂലൈ മാസം ഗസ്സയിലേക്ക് രണ്ട് ഫ്‌ലോട്ടിലകള്‍ സഞ്ചരിച്ചിരുന്നു. എന്നാല്‍ ഗസ്സയില്‍ നിന്ന് 185 കിലോമീറ്റര്‍ പടിഞ്ഞാറ് വെച്ച് കപ്പലിലുണ്ടായിരുന്ന 12 ആക്ടിവിസ്റ്റുകളെ ഇസ്രയീല്‍ സൈന്യം തടഞ്ഞുവെക്കുകയും ഗ്രെറ്റ അടക്കമുള്ളവരെ മടക്കിയയ്ക്കുകയുമായിരുന്നു. ജൂലൈയില്‍ ‘ഹന്ദല’ എന്ന കപ്പലില്‍ ഗസ്സയിലേക്ക് പുറപ്പെട്ട 10 രാജ്യങ്ങളില്‍ നിന്നുള്ള 21 ആക്ടിവിസ്റ്റുകളെയും തടഞ്ഞിരുന്നു.