kerala

തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നത് നീട്ടിവെക്കണം; ഹൈക്കോടതി

By webdesk18

July 30, 2025

രോഗബാധയേറ്റ തെരുവുനായ്ക്കളെ ദയാവധം നടത്താനുള്ള തീരുമാനം നടപ്പിലാക്കുന്നത് നീട്ടിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സുപ്രീംകോടതിയുടെയും ഹൈകോടതിയുടെയും മുന്‍ ഉത്തരവുകളും 2023ല്‍ നിലവില്‍വന്ന മൃഗ ജനനനിയന്ത്രണ ചട്ടവും ദയാവധം അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. പോരായ്മകള്‍ പരിഹരിക്കാന്‍ നിര്‍ദേശിച്ച് മറ്റൊരു ഉത്തരവുണ്ടാകുംവരെയാണ് തീരുമാനം നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഇടക്കാല ഉത്തരവ് ഇറക്കി. ഹരജി വീണ്ടും ആഗസ്റ്റ് 19ന് പരിഗണിക്കാന്‍ മാറ്റി.

സുപ്രീംകോടതിയും ഹൈകോടതിയും നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ നായ് ഭീതിക്ക് പരിഹാരമാകും. തെരുവുനായക്കളുടെ കടിയേറ്റവരുടെ നഷ്ടപരിഹാര അപേക്ഷ പരിഗണിക്കുന്ന ജില്ലാതല സമിതി ഒരുമാസത്തിനകം രൂപവത്കരിക്കണമെന്നും കോടതി പറഞ്ഞു.

ജില്ലാതല സമിതി രൂപവത്കരണത്തിന് കേരള ലീഗല്‍ സര്‍വിസസ് അതോറിറ്റി നടപടിയെടുക്കണം. മാര്‍ഗരേഖയുണ്ടാക്കണം വേണം. തുടര്‍ച്ചയായ സിറ്റിങ് ഉറപ്പാക്കണം. സംസ്ഥാന പൊലീസ് മേധാവിയെയും ദുരന്തനിവാരണ അതോറിറ്റിയെയും സ്വമേധയാ കക്ഷിചേര്‍ത്ത കോടതി അഡ്വ. പി. ദീപക്കിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.

സര്‍ക്കാര്‍കണക്ക് പ്രകാരം മൂന്ന് ലക്ഷം തെരുവുനായ്ക്കളുണ്ട്. എന്നാല്‍, 17 എ.ബി.സി കേന്ദ്രങ്ങള്‍ മാത്രമാണുള്ളത്. പ്രവര്‍ത്തനവും കാര്യക്ഷമമല്ല. 2024-25ല്‍ 15,767 നായ്ക്കളെ മാത്രമാണ് വന്ധ്യംകരിച്ചത്. തദ്ദേശവകുപ്പിന് സര്‍ക്കാര്‍ 98 കോടി രൂപ കൈമാറിയപ്പോള്‍ 13 കോടി മാത്രമാണ് ചെലവിട്ടത്. തെരുവുനായ്ക്കളുടെ കൃത്യമായ എണ്ണം, കടിയേറ്റ സംഭവങ്ങള്‍, മരണം, പേവിഷ വാക്‌സിന്‍ എന്നിവ വ്യക്തമാക്കി തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ടാഴ്ചക്കകം മറുപടി സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.