kerala

നെറികേടിന്റെ രാഷ്ട്രീയ ഇൻക്യുബേറ്ററിൽ വിരിയുന്ന ഗുണ്ടാപ്പടയാണ് എസ്.എഫ്.ഐ -വി.ഡി സതീശൻ

By webdesk13

July 04, 2024

നെറികേടിന്റെ രാഷ്ട്രീയ ഇന്‍ക്യുബേറ്ററില്‍ വിരിയുന്ന ഗുണ്ടാപ്പടയാണ് എസ്.എഫ്.ഐയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അവര്‍ നിങ്ങളേയും കൊണ്ടേ പോകുവെന്നും സതീശന്‍ പറഞ്ഞു നിയമസഭയില്‍ സംസാരിക്കുമ്പോഴാണ് സതീശന്‍ എസ്.എഫ്.ഐക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്.

ഫാഷിസ്റ്റ് കഴുകന്‍കൂട്ടമെന്നാണ് എസ്.എഫ്.ഐ ജനയുഗം വിശേഷിപ്പിച്ചത്. ഗാന്ധി ചിത്രത്തില്‍ മാലയിടാനാണോ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ അടിച്ചുതകര്‍ത്തത്. പ്രിന്‍സിപ്പലിന്റെ രണ്ട് കാലും കൊത്തുമെന്നാണ് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണത്തോടെ തങ്ങള്‍ തിരുത്തില്ലെന്നാണ് അവര്‍ വീണ്ടും പറയുന്നത്. മഹാരാജാവാണെന്നാണ് മുഖ്യമന്ത്രിയുടെ ഭാവം. പിണറായി മഹാരാജാവല്ലെന്ന് ജനങ്ങള്‍ ഇനിയും ഓര്‍മപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞു.

അതേസമയം നവകേരള സദസ്സിനിടെ ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയത് രക്ഷാപ്രവര്‍ത്തനം തന്നെയാണ്. വാഹനത്തിന് മുന്നില്‍ ചാടുന്നവരെ പിടിച്ചുമാറ്റുന്നത് രക്ഷാപ്രവര്‍ത്തനമല്ലാതെ മറ്റെന്താണ്. ഈ നിലപാട് താന്‍ അന്ന് തന്നെ സ്വീകരിച്ചിരുന്നു. ഇന്നും സ്വീകരിക്കും നാളെയും അത് തന്നെ പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.