kerala

മലപ്പുറത്തെ വീട്ടില്‍നിന്ന് 20 എയര്‍ഗണും മൂന്ന് റൈഫിളും കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍

By webdesk17

September 17, 2025

മലപ്പുറം എടവണ്ണയിലെ വീട്ടില്‍നിന്ന് 20 എയര്‍ ഗണ്ണുകള്‍, മൂന്ന് റൈഫിളുകള്‍, 200ലധികം വെടിയുണ്ടകള്‍, 40 പെല്ലറ്റ് ബോക്‌സ് എന്നിവ പൊലീസ് കണ്ടെടുത്തു. വീട്ടുടമ ഉണ്ണിക്കമ്മദിനെ (67) എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാതെ ഇത്രയധികം ആയുധങ്ങള്‍ സൂക്ഷിച്ച കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വീടിന്റെ മുകളില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഒരു റൈഫിളും 40 തിരകളും ഒരു എയര്‍ഗണ്ണും ആദ്യം കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ വീടിന്റെ താഴ് ഭാഗത്തെ ഷട്ടറിട്ട ഭാഗത്തുനിന്ന് മറ്റു ആയുധ ശേഖരവും കണ്ടെത്തുകയായിരുന്നു. അതേസമയം ആയുധങ്ങള്‍ വില്‍പനക്കായി സൂക്ഷിച്ചവയാണെന്നാണ് മൊഴി.

എന്നാല്‍ ഇയാള്‍ക്ക് ആയുധങ്ങള്‍ വില്‍പന നടത്തുന്നതിനുള്ള ലൈസന്‍സില്ല. ലൈസന്‍സിനായി ജില്ല കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കണ്ടെടുത്ത ആയുധങ്ങള്‍ ഇതുവരെ ഉപയോഗിക്കാത്തതാണെന്ന് പൊലീസ് പറഞ്ഞു.

ഉണ്ണിക്കമ്മദില്‍നിന്ന് എയര്‍ ഗണ്‍ വാങ്ങിയ പാലക്കാട് സ്വദേശിയെ പാലക്കാട് നിന്നും പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാലക്കാട് പൊലീസ് എടവണ്ണ പൊലീസിന് കൈമാറിയത്. എടവണ്ണ ഇന്‍സ്‌പെക്ടര്‍ ബിനുവിന്റെ നേതൃത്വത്തില്‍ എടവണ്ണയിലെ വീട്ടില്‍ പരിശോധന നടത്തിയതോടെയാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഉടന്‍ തുടരന്വേഷണത്തിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.