സ്‌കൂള്‍ യുവജനോത്സവത്തിന് ചാക്യാര്‍കൂത്തിനും നങ്ങ്യാര്‍കൂത്തിനും എത്തിയ 23 ശിഷ്യന്മാരുടെ സുകൃതത്തിലാണ് പൈങ്കുളം നാരായണ ചാക്യാര്‍. 30 വര്‍ഷമായി ഈ രംഗത്ത് സജീവമായി നില്‍ക്കുന്ന പൈങ്കുളം രാമചാക്യാര്‍ക്ക് ഓരോ വര്‍ഷവും ശിഷ്യന്മാര്‍ കൂടി വരുന്ന കഥയാണ് പറയാനുള്ളത്.
ചാക്യാര്‍കൂത്തിന് ഹയര്‍സെക്കന്‍ഡറിയില്‍ ഒമ്പതും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആറും നങ്ങ്യാര്‍കൂത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ആറും മത്സാര്‍ത്ഥികളാണ് തൃശൂരിലെ വിവിധ വേദികളിലെത്തിയത്. അമ്മാവനും ഗുരുനാഥനുമായ പൈങ്കുളം രാമചാക്യാരാണ് ചാക്യാര്‍കൂത്തിലേയ്ക്ക് നാരായണ ചാക്യാരെ കൊണ്ടുവന്നത്. ക്ഷേത്രത്തിനകത്ത് മാത്രം നിന്നിരുന്ന ഈ കലാരൂപത്തെ പുറംലോകത്തേക്ക് കൊണ്ടുവന്നതും രാമചാക്യാരായിരുന്നു. അമ്മാവന്‍ അന്നത് ചെയ്തില്ലായിരുന്നുവെങ്കില്‍ ഈ കലാരൂപം തന്നെ ഇല്ലാതാവുമായിരുന്നുവെന്നും നാരായണചാക്യാര്‍ പറയുന്നു. മത്സരത്തിന് സമ്മാനം കിട്ടുന്നതല്ല, അത് ഉത്സവമായി കാണാനാണ് ശിഷ്യന്മാരോട് എപ്പോഴും പറയാറുള്ളത്.
വിമര്‍ശനകലയായ ചാക്യാര്‍കൂത്തില്‍ ആക്ഷേപ ഹാസ്യത്തിന് വലിയ സാധ്യതയാണുള്ളത്. ഹാസ്യംകലര്‍ത്തി ഇത്രയേറെ രൂക്ഷമായി വിമര്‍ശിക്കാന്‍ പറ്റിയ മറ്റൊരു കലയില്ലെന്നും നാരായണ ചാക്യാര്‍ അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്നു.