ക്വിറ്റോ: ഫുട്‌ബോള്‍ ലോകമിപ്പോള്‍ ഈ നഗരത്തെ ചുറ്റിപ്പറ്റിയാണ്. ഇക്വഡോര്‍ എന്ന അധികമാരുമറിയപ്പെടാത്ത കൊച്ചു ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ ആസ്ഥാന നഗരം ഈ വിധം സോക്കര്‍ ലോകം ചര്‍ച്ച ചെയ്യപ്പെടുന്നതും ഇതാദ്യം. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ട് മല്‍സരങ്ങളുടെ യോഗ്യതാ റൗണ്ട് സമാപന ഘട്ടത്തില്‍ അവിടെ കളിക്കുന്ന 32 ടീമുകളില്‍ അര്‍ജന്റീനക്ക് ഇടമുണ്ടാവുമോ എന്ന ചോദ്യവും ലിയോ മെസി എന്ന സൂപ്പര്‍ ഫുട്‌ബോളര്‍ ഇനി ഒരു ലോകകപ്പില്‍ കളിക്കില്ലേ എന്ന ആശങ്കയും ലോകം പങ്ക്‌വെക്കുന്നത് ക്വിറ്റോയെ കേന്ദ്രീകരിച്ചാണ്. സമുദ്ര നിരപ്പില്‍ നിന്നും 9000 അടി ഉയരത്തിലുള്ള നഗരം. കനത്ത ചൂടില്‍ അവിടെ കളിക്കുക ദുഷ്‌ക്കരമാണെന്ന് ലോകം തന്നെ സമ്മതിച്ചിട്ടുണ്ട്. കളിക്കുമ്പോഴെല്ലാം ഇക്വഡോര്‍ മാത്രം ജയിക്കുന്ന ഒളിംപിക് സ്റ്റേഡിയം. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ മൈതാനത്തിന്റെ നിലവാരവും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഈ മൈതാനത്ത് നടക്കുന്ന അര്‍ജന്റീന-ഇക്വഡോര്‍ പോരാട്ടം ഇന്ന് പുലര്‍ച്ചെ നടക്കുമ്പോള്‍ ഒരു പക്ഷേ ഫുട്‌ബോളിലെ സമവാക്യങ്ങളെയെല്ലാം മാറ്റി മറിക്കുമെന്നാണ് കരുതപ്പെടുന്നത്.

മെസി എന്ന പ്രതിഭയെ ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. കഠിന ബ്രസീല്‍ ഫാന്‍സ് പോലും സ്‌നേഹിക്കുന്നുണ്ട് മെസിയെ. പ്രതിഭയുടെ ഈ സ്പര്‍ശം റഷ്യന്‍ ലോകകപ്പിനില്ലെങ്കില്‍ അത് ലോകകപ്പിന്റെ ഗ്ലാമറിനെ തന്നെ ബാധിക്കുമെന്ന ആശങ്ക ഫിഫക്ക് തന്നെയുണ്ട്. മെസി കഴിഞ്ഞാല്‍ ഫുട്‌ബോള്‍ ലോകം ഏറെ വാഴ്ത്തുന്ന കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ സാന്നിദ്ധ്യവും റഷ്യയില്‍ ഇനിയും ഉറപ്പായിട്ടില്ല. അര്‍ജന്റീനയെ പോലെ പോര്‍ച്ചുഗലും ലോകകപ്പ് യോഗ്യതാ ഘട്ടത്തിന്റെ നിര്‍ണായക മല്‍സരം ഇന്ന് പുലര്‍ച്ചെ കളിക്കുകയാണ്. മെസിയും കൃസ്റ്റിയാനോയും ഇല്ലാത്തപക്ഷം കാണികളുടെ ഒഴുക്ക് റഷ്യയിലേക്കുണ്ടാവില്ലെന്ന ഭയം റഷ്യന്‍ സംഘാടകര്‍ക്കുമുണ്ട്.

1970 ന് ശേഷം നടന്ന എല്ലാ ലോകകപ്പുകളിലും കളിച്ചവരാണ് അര്‍ജന്റീനക്കാര്‍. ബ്രസീലിനും ജര്‍മനിക്കും മാത്രം അവകാശപ്പെട്ട റെക്കോര്‍ഡ് കൂടിയാണിത്. രണ്ട് വട്ടം മെസിയുടെ നാട്ടുകാര്‍ ചാമ്പ്യന്മാരുമായി. കഴിഞ്ഞ തവണ ബ്രസീലില്‍ ലോകകപ്പ് നടന്നപ്പോള്‍ മെസിയും അര്‍ജന്റീനയും ചരിത്രത്തിന് അരികിലായിരുന്നു. മരക്കാനയില്‍ പക്ഷേ അധികസമയത്തേക്ക് ദീര്‍ഘിച്ച പോരാട്ടത്തില്‍ മെസി നിര്‍ഭാഗ്യവാനായ മുഹൂര്‍ത്തം സോക്കര്‍ ലോകം മറന്നിട്ടില്ല. ഇന്നത്തെ അങ്കത്തില്‍ ജയിക്കാത്ത പക്ഷം മെസിക്ക് മുന്നില്‍ ഇനി ഒരു ലോകകപ്പില്ല. ഇപ്പോള്‍ മുപ്പത് വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം. ലോക ഫുട്‌ബോളിലെ മികച്ച താരങ്ങളെല്ലാം അണിനിരന്നിട്ടും സമീപകാലത്തെ ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തനല്ല നായകന്‍ കൂടിയായ മെസി. പൗളോ ഡിബാല, ഗോണ്‍സാലോ ഹ്വിഗിന്‍, സെര്‍ജി അഗ്യൂറോ തുടങ്ങി എല്ലാവരും ഒന്നിനൊന്ന് മികച്ചവര്‍. പുതിയ സീസണില്‍ ഇറ്റാലിയന്‍ ലീഗില്‍ യുവന്തസിനായി ഇതിനകം 12 ഗോള്‍ നേടിയ ഡി ബാലെയെ പെറുവിനെതിരായ മല്‍സരത്തില്‍ കോച്ച് സാംപോളി കളിപ്പിച്ചിരുന്നില്ല. ഈ നീക്കം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അര്‍ജന്റീന യോഗ്യത നേടാത്തപക്ഷം കോച്ചിന്റെ തൊപ്പിയും തെറിക്കും.

ലിയോ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും…. ലോക ഫുട്‌ബോളിലെ രണ്ട് അമൂല്യ താരങ്ങളാണ്. ഗോള്‍വേട്ടയില്‍ പരസ്പരം മല്‍സരിക്കുന്നവര്‍. ലോക ഫുട്‌ബോള്‍ പട്ടം മാറി മാറി സ്വന്തമാക്കുന്നവര്‍. പക്ഷേ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ മെസിയുടെ അര്‍ജന്റീനയും കൃസ്റ്റിയുടെ പോര്‍ച്ചുഗലും കളിക്കുന്ന കാര്യം സംശയത്തിലാണ്. രണ്ട് ടീമുകളുടെയും ഭാവി ഇന്നറിയാം. ഇവരില്ലാതെ എന്ത് ലോകകപ്പ് എന്ന ചോദ്യം ഇപ്പോള്‍ തന്നെ ഉയരുമ്പോള്‍ ഫുട്‌ബോള്‍ ലോകവും ഫിഫയും ആശങ്കയിലാണ്.