അബുദാബി: നീണ്ട 38 വര്‍ഷം ആയിരങ്ങള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും നൂറുകണക്കിന് മിംബറുകളില്‍ ഖുതുബ നിര്‍വഹിക്കുകയും അനേകം പേര്‍ക്ക് വൈജ്ഞാനികതയുടെ അത്ഭുത കവാടങ്ങള്‍ തുറന്നു കൊടുക്കുകയും ചെയ്ത എം.പി മമ്മിക്കുട്ടി മുസ്‌ല്യാര്‍ പ്രവാസത്തോട് വിട ചോദിക്കുന്നു. പ്രവാസ ലോകത്തെ വിജ്ഞാന ദാഹികളായ ആയിരങ്ങളെ വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസിന്റെയും മാസ്മരികതയിലേക്ക് നയിച്ച അദ്ദേഹം പഴയ തലമുറയിലെ പ്രവാസീ മലയാളി പണ്ഡിതന്മാര്‍ക്കിടയിലെ അപൂര്‍വമൊരാളാണ്.
1979 മെയ് 9നാണ് മമ്മിക്കുട്ടി മുസ്‌ല്യാര്‍ മെച്ചപ്പെട്ട ജീവിതം തേടി മുംബൈയില്‍ നിന്നും പുറപ്പെട്ട് ദുബൈയില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന്, അബുദാബിയിലേക്ക് പുറപ്പെട്ട ഉസ്താദിന് താമസിയാതെ തന്നെ ഔഖാഫില്‍ ഇമാമായി ജോലി തരപ്പെട്ടു. മലപ്പുറം ജില്ലയിലെ തിരുനാവായ പല്ലാര്‍ ജുമുഅത്ത് പള്ളിയുടെയും വളാഞ്ചേരി വിളത്തൂര്‍ പള്ളിയുടെയും മിംബറുകളില്‍ ഒരു പതിറ്റാണ്ടിലേറെക്കാലം ഖുതുബ നിര്‍വഹിച്ച മമ്മിക്കുട്ടി മുസ്‌ല്യാരുടെ ശബ്ദവും ബോധനവും ഒരു നിയോഗം പോലെ പിന്നീട് അബൂദാബിയിലെ പള്ളി മിംബറുകളിലാണ് വിശ്വാസികളെ ആകര്‍ഷിച്ചത്. അബുദാബി ഖാലിദിയ പൊലീസ് സ്റ്റേഷന്‍ മസ്ജിദ്, ബുതീന്‍ അഹമ്മദ് ശൈഖ് മസ്ജിദ്, മസ്ജിദ് മറിയം എന്നിവിടങ്ങളില്‍ 10 വര്‍ഷം വീതവും ഓഫീസേഴ്‌സ് സിറ്റി മസ്ജിദില്‍ 8 വര്‍ഷവും സേവനമനുഷ്ഠിച്ച ശേഷം ഏറെ ചാരിതാര്‍ത്ഥ്യത്തോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.
നിരവധി സ്വദേശികളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അവരുമായി പല തവണ കേരളത്തിലേക്ക് യാത്ര ചെയ്യാനും അവസരമുണ്ടായി. മാത്രമല്ല, നിരവധി പള്ളി, മദ്രസകള്‍ക്കും നിര്‍ധനര്‍ക്കും സ്വദേശികളുടെ സാമ്പത്തിക സഹായം എത്തിച്ചു കൊടുക്കാന്‍ കഴിഞ്ഞതും ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായാണ് കാണുന്നത്. ഏതാനും വര്‍ഷമായി 80 അനാഥ കുട്ടികള്‍ക്ക് പ്രതിമാസം 2,000 രൂപ വീതം നല്‍കുന്നതിന് സ്വദേശിക്ക് പ്രചോദനമായതും മമ്മിക്കുട്ടി മുസ്‌ല്യാരുടെ ബന്ധവും അടുപ്പവുമാണ്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത വീടുകളിലെ അനാഥകള്‍ക്കാണ് ഈ തുക നല്‍കുന്നത്.
1969ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ നിന്നും ഫസ്റ്റ് ക്‌ളാസോടെ ബാഖവി ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം ’70കളില്‍ നാട്ടിലെ മതപ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്നു. പത്തും ഇരുപതും ദിവസം നീണ്ടു നില്‍ക്കുന്ന പ്രഭാഷണ പരമ്പരകളില്‍ ശ്രദ്ധേയനായിരുന്നു. ശൈഖുന ഓടക്കല്‍ സൈനുദ്ദീന്‍ മുസ്‌ല്യാര്‍, വടക്കേക്കാട് കല്ലൂര്‍ അബ്ദുല്ല മുസ്‌ല്യാര്‍ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരുടെ ശിഷ്യനാണ്. പ്രവാസ ജീവിത കാലത്തും നൂറുകണക്കിന് സദസുകളിലൂടെ ആയിരങ്ങള്‍ക്ക് ഇസ്‌ലാമിക വൈജ്ഞാനികതയുടെ പ്രകാശം പകര്‍ന്നു കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പതിറ്റാണ്ടിലേറെ കാലം നീണ്ടുനിന്ന നിരവധി പ്രതിവാര ക്‌ളാസുകള്‍ക്ക് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിലും മറ്റും നേതൃത്വം നല്‍കിയിരുന്നു.

യുഎഇയോടും രാഷ്ട്ര പിതാവ് ശൈഖ് സായിദിനോടും നിലവിലെ ഭരണാധികാരികളോടുമുള്ള അടങ്ങാത്ത മുഹബ്ബത്ത് മനസ്സിലേറ്റിത്തന്നെയാണ് സ്വമധേയാ ജോലിയില്‍ നിന്നും വിരമിച്ച് യാത്ര തിരിക്കുന്നത്. ഇത്രയും നല്ല മറ്റൊരു രാജ്യവും ലോകത്തെവിടെയുമില്ലെന്ന സാക്ഷ്യപ്പെടുത്തലോടെ മടങ്ങുമ്പോള്‍ തന്റെ വിജ്ഞാനത്തിന് ആഴം വര്‍ധിച്ചത് ഈ മണ്ണിലാണെന്ന് ഉസ്താദ് പറയുന്നു.