മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി 65 പേര്‍ മരിച്ചു. സ്ഫാക്‌സ് തീരത്തിന് 40 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് 70 പേരുമായി പോയ ബോട്ട് മുങ്ങിയതെന്ന് ടുണീഷ്യയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശ്, മൊറോക്കോ പൗരന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നാല് പേരുടെ മൃതദേഹങ്ങള്‍ മാത്രമേ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്. അപകടത്തില്‍പ്പെട്ട കുറച്ചു പേരെ മത്സ്യബന്ധനത്തിന് പോയവര്‍ രക്ഷിച്ച് കരയില്‍ എത്തിച്ചു. ടുണീഷ്യന്‍ തീരത്തിന് സമീപത്ത് വെച്ചാണ് ബോട്ട് മുങ്ങിയത്. യൂറോപ്പിലേക്ക് കടക്കാനുള്ള എളുപ്പവഴിയായായി കരുതിയാണ് അഭയാര്‍ഥികള്‍ മെഡിറ്ററേനിയന്‍ കടല്‍ മാര്‍ഗം സ്വീകരിച്ചത്. ലിബിയയിലെ പടിഞ്ഞാറന്‍ തീരം ലക്ഷ്യമാക്കിയാണ് മെഡിറ്ററേനിയന്‍ കടല്‍ മുറിച്ച് കടക്കാന്‍ അഭയാര്‍ഥികള്‍ ശ്രമിച്ചത്. യുണൈറ്റഡ് നേഷന്‍സ് റഫ്യൂജി ഏജന്‍സിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.