അന്‍വര്‍ കണ്ണീരി അമ്മിനിക്കാട്

കാഷായ വസ്ത്രധാരിയായ ഒരു സ്വാമി മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് മതസൗഹാര്‍ദത്തിന്റെ സന്ദേശം കൈമാറി. കേരളത്തിന്റെ ഒരുമയെ തകര്‍ക്കാന്‍ കഴിയില്ല എന്ന ഒരു ഹാഷ് ടാഗും കൂടിയായാല്‍ പിന്നെ അതു മതേതര കേരളം. ഇങ്ങനെയായിരിക്കും ഇനി ഭാവി കേരളത്തില്‍ മതേതര മാനങ്ങള്‍ രൂപപ്പെടുക. കാരണം ഇപ്പോള്‍ ഒരു ബൈക്കില്‍ ശബരിമലക്ക് പോവുന്ന കറുപ്പ് തുണിയുടുക്കുന്ന സുഹൃത്തും തൊപ്പി ധരിക്കുന്ന ഒരു മുസ്‌ലിം യുവാവും ഒരുമിച്ച് യാത്ര ചെയ്യുന്നത് വരേ മതേതരത്വത്തിന്റെ പ്രകടത വെളിവാക്കുന്ന ചിത്രങ്ങളായി ക്കൊണ്ടിരിക്കുകയാണ്. നബിദിന റാലിയില്‍ ഹൈന്ദവ സഹോദരങ്ങള്‍ ഭക്ഷണവും വെള്ളവും നല്‍കുന്നതും ശ്രീകൃഷ്ണ ജയന്തി പോലുള്ള ദിനങ്ങളില്‍ മുസ്‌ലിം സഹോദരങ്ങള്‍ തിരിച്ചും ചെയ്യുന്ന ചിത്രങ്ങളൊക്കെയാണ് മതേതര ചിത്രങ്ങള്‍. എന്നാല്‍ ഒരു പ്രകടനത്തിന്റെ തെളിവും ആവശ്യമില്ലാതെ ഇടപഴുകി സഹവസിച്ചവരാണ് കേരള ജനത. ഏതെങ്കിലും കുബുദ്ധികളുടെ പ്രസ്താവനകളെ ഏറ്റെടുത്തു അകലം സൃഷ്ടിക്കാന്‍ ശ്രങ്ങമളുണ്ടാവുമ്പോള്‍ അവ തിരിച്ചറിയാനുള്ള പ്രബുദ്ധത കേരളം എന്നേ സ്വന്തമാക്കിയിട്ടുണ്ട്.

ഭക്ഷണത്തിലേക്ക് ഊതുന്നതും തുപ്പുന്നതുമായ പ്രസ്താവനകളിലൂടെ ഒരു സമുദായത്തെ അടച്ചാക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന അനന്തരഫലങ്ങള്‍ ഇന്ന് പ്രകടമാണ്. ഭക്ഷണശാലകള്‍ വരെ വേറിട്ട കണ്ണുകളിലൂടെ കാണാന്‍ പഠിപ്പിക്കുന്ന രാഷ്ട്രീയമാണ് അതിലൂടെ പുറത്തുവരുന്നത്. ഭക്ഷണത്തെയാണ് കുറച്ചു കാലങ്ങളിലായി ഫാസിസ്റ്റുകള്‍ അവരുടെ പ്രചരണത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ബീഫായിരുന്നു മുമ്പത്തെ ആയുധം. മുഹമ്മദ് അഖ്‌ലാഖ് മുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വരെ രാജ്യത്ത് ബീഫിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്നു. ഒരുപാട് ജീവന്‍ പൊലിഞ്ഞുപോയി. തങ്ങള്‍ക്ക് പിടി നല്‍കാത്ത കേരളത്തിലും ഈ തന്ത്രം പയറ്റാനാണ് പുതിയ ശ്രമം. ആദ്യം ഹലാല്‍ എന്ന അറബി പദം ദുരുപയോഗം ചെയ്ത് നോ ഹലാല്‍ ബോര്‍ഡ് വെച്ചായിരുന്നു പ്രതിഷേധം. ഭക്ഷണത്തില്‍ തുപ്പി വിളമ്പുന്നവരാണ് ഹലാല്‍ ഹോട്ടലുകാര്‍ എന്ന പ്രചരണത്തില്‍ വരേ അത് എത്തിനില്‍ക്കുന്നു. ചൂടുള്ള ഭക്ഷണത്തിലേക്ക് ഊതി കഴിക്കരുത് എന്ന് നിര്‍ദേശിക്കുന്ന പ്രവാചകന്റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. അകത്തുള്ള കാര്‍ബണ്ഡയോക്‌സൈഡിനെ പുറംതള്ളി ചൂടുള്ള പദാര്‍ത്ഥത്തിലാക്കരുത് എന്നതാണ് ഈ വാക്കുകളുടെ ശാസ്ത്രസത്യം. പുറംതള്ളുന്ന കാര്‍ബണ്ഡയോക്‌സൈഡ് ചൂടുള്ള പദാര്‍ത്ഥത്തിലെ ജലനീരാവിയുമായി കെമിക്കല്‍ റിയാക്ഷന്‍ നടക്കുകയും കാര്‍ബോണിക് ആസിഡ് സംയുക്തമായി മാറുന്ന സാഹചര്യവുമാണുള്ളത്. പതിനാല് നൂറ്റാണ്ട് മുമ്പുതന്നെ ഈ സത്യം ലോകത്തോട് അധ്യാപനം നടത്തി ഭക്ഷണ മര്യാദയുടെ സര്‍വ പാഠവും പഠിപ്പിച്ചു നല്‍കിയ പ്രാവാചകന്റെ മതമാണ് ഇസ്‌ലാം. അറബി പദമെന്നതിലുപരി ആശയം പരിശോധിക്കാതെ ഹലാലിനെതിരെ വാളോങ്ങിയ വര്‍ഗീയ കോമരങ്ങളുടെ വികലമായ സമീപനങ്ങള്‍ മാത്രമാണ് ഇതിലുള്ളത്. ജീവിതത്തില്‍ വിശ്വാസിയായ ഒരു മനുഷ്യന് അനുവദിക്കുന്നതും ചിലത് തടഞ്ഞു നിര്‍ത്തുന്നതുമായ ധാരാളം കാര്യങ്ങളുണ്ട്. ഓരോ മത വിശ്വസിക്കും അത് വ്യത്യസ്തമായിരിക്കും. അത് ഓരോ ഭാഷയിലും പ്രത്യേക പദങ്ങള്‍ കൊണ്ടായിരിക്കാം പരിചയപ്പെടുത്തുന്നത്. ഒരു മുസ്‌ലിമിന് മദ്യം നിഷിദ്ധമാണ്(ഹറാം). ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന് സൂചിപ്പിക്കുന്നത് ഒരു ഉണര്‍ത്താലാണ്.

മാംസാഹാരം നിഷിദ്ധമാക്കിയ ചില ഹിന്ദു വിശ്വാസികളെ ലക്ഷ്യം വെച്ചാണ് ‘വെജിറ്റേറിയന്‍ ഹോട്ടലുകള്‍’ കേരളത്തില്‍ ഉയര്‍ന്നത്. അതിനപ്പുറമൊന്നും ഹലാല്‍ ഹോട്ടലുകളുടെ കാര്യത്തിലുമില്ല. എന്നാല്‍ ഇത്രയുംകാലം നിരപദ്രകരമായി കിടന്ന ഈ അറബി പദം ഒരു നല്ല രാഷ്ട്രീയ ആയുധമാണ് എന്ന ഫാസിസ്റ്റ് ബുദ്ധിയാണ് ഈ വിവാദങ്ങള്‍ക്കെല്ലാം പിന്നില്‍. ‘കാടാമ്പുഴ ഭഗവതി ഈ വാഹനത്തിന്റെ ഐശ്വര്യം’ എന്ന് പല വാഹനങ്ങളിലും കാണാം. ആ വാഹനത്തില്‍ യാത്ര ചെയ്യുന്ന ആര്‍ക്കെങ്കിലും അതു കൊണ്ട് വല്ല ഉപദ്രപവുമുണ്ടായതായി ഇന്നു വരേ കേട്ടിട്ടില്ല. അജണ്ടവല്‍കൃതമായ പദ്ധതികളുടെ ആസൂത്രണമാണ് ഇപ്പോള്‍ നടപ്പാക്കുന്ന ഓരോ വര്‍ഗീയ നീക്കങ്ങളും. യഥാര്‍ത്ഥത്തില്‍ ഭക്ഷണം കഴിക്കുന്നിടത്തു ഹലാലും ഹറാമും പറയുന്നത് അറുത്തു കഴിക്കുന്ന മാംസാഹാരത്തിന്റെ വിഷയത്തിലാണ്. ഖുര്‍ആന്‍ തന്നെ ഇക്കാര്യം സ്പഷ്ടമാക്കിയിട്ടുണ്ട്. ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും (നിഷിദ്ധമായത് ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനായാല്‍ അവന്റെ മേല്‍ കുറ്റമില്ല. (എന്നാല്‍) അവന്‍ നിയമലംഘനത്തിനു മുതിരാതിരിക്കുകയും (അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ഖുര്‍ആന്‍: 2:173.

ഈ നാടിന്റെ സൗഹൃദം നിലനിര്‍ത്തേണ്ടത് ഓരോ കേരളീയന്റേയും ബാധ്യതയാണ്. അതിനെതിരായ അപശബ്ധങ്ങള്‍ ഉയരുമ്പോള്‍ എന്റെ കേരളം ഇതല്ല എന്നുറക്കെ പറയാന്‍ നമുക്ക് കഴിയണം. എന്റെ വീടിനടുത്തൊരു ഉപ്പുംകാവ് അയ്യപ്പ ക്ഷേത്രമുണ്ട്. എന്നും അതിരാവിലെ മുതല്‍ നല്ല ഭക്തി ഗാനങ്ങള്‍ മൈക്കിലൂടെ കേള്‍ക്കും. സുബ്ഹി ബാങ്കിന്റെ നേരമായാല്‍ ഉടന്‍ മൈക്ക് ഓഫാക്കി ബാങ്ക് കേള്‍ക്കാന്‍ അവസരം നല്‍കും. ബാങ്ക് കഴിഞ്ഞാല്‍ വീണ്ടും ഗാനം മൈക്കിലൂടെ തുടരും. ഇവിടെ അമ്പലത്തിലെ ഗാനത്തിന് പള്ളിയിലെ ബാങ്കും, പള്ളിയിലെ ബാങ്കിന് അമ്പലത്തിലെ ഗാനവും തടസമല്ല. യഥാര്‍ത്ഥ ഹിന്ദു സനാദന ധര്‍മം നിര്‍വഹിക്കുന്ന ഈ അമ്പല ഭാരവാഹികള്‍ എന്നും അനുകരണീയവും മാതൃകയുമാണ്. അതാണ് ഈ കേരളത്തിന്റെ പാരമ്പര്യം. അതിനെ ഒരു വര്‍ഗീയ ധ്വംസകനും തകര്‍ക്കാന്‍ കഴിയില്ല. കാരണം, കേരളീയന്‍ അടിസ്ഥാനപരമായി മനുഷ്യരാണ്. മുമ്പിലുള്ള മനുഷ്യരെ കാണാനും കഴിയും. അതുകൊണ്ടാണ് പറയുന്നത് എന്റെ കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് എന്ന്. കേരളത്തിന്റെ മുഖം ധാരാളം മഹാന്മാരുടേതും സ്വാതികരായ പണ്ഡിതന്മാരുടേതുമാണ്. അവിടെ മതമോ രാഷ്ട്രീയമോ വേര്‍തിരിവില്ല. എല്ലാവരും ഒന്നാണ്. ഒറ്റക്കെട്ടാണ്.