ന്യൂഡല്‍ഹി: കള്ളപ്പണത്തിന്റെ പേരില്‍ നോട്ട് നിരോധനം നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബാങ്കുകളിലേക്ക് ഒഴുകിയെത്തിയത് കോടികള്‍. റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡിസംബര്‍ 10 വരെ 12.44 ലക്ഷം കോടി ബാങ്കുകളില്‍ തിരിച്ചെത്തി. പിന്‍വലിച്ച 1000, 500 നോട്ടുകളുടെ 85 ശതമാനമാണിത്. ഇതിനു ശേഷമുള്ള കണക്കുകള്‍ ഇതുവരെ റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ല. ഡിസംബര്‍ 10 നു ശേഷം 90 ശതമാനത്തിലധികം തിരിച്ചെത്തിയെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. കള്ളപ്പണം പൂര്‍ണമായും പിടികൂടാമെന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്തായെന്ന് ഇതില്‍ നിന്ന് വ്യക്തം. തിരികെ എത്താനുള്ള പണത്തില്‍ കോടതികളിലും മറ്റും നിയമക്കുരുക്കില്‍പ്പെട്ട് കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ നോട്ടുകളും ഉള്‍പെടും. നവംബര്‍ 8ന് നോട്ട് നിരോധനം നടപ്പാക്കുമ്പോള്‍ 15.4 ലക്ഷം കോടിയുടെ 1000, 500 നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. പകരം ജനങ്ങളിലേക്ക് എത്തിക്കാനായത് 5.92 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ മാത്രം. 2000, 500 രൂപയുടെ 170 കോടി നോട്ടുകളും 2100 കോടി 10, 20, 50, 100 രൂപ നോട്ടുകളും വിതരണം ചെയ്തു. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 10 വരെ ബാങ്ക് കൗണ്ടറുകള്‍ വഴിയും എ.ടി.എമ്മിലൂടെയുമായിരുന്നു വിതരണം. പ്രഖ്യാപനത്തിന് ഒരുമാസം തികഞ്ഞപ്പോള്‍ തന്നെ പഴയ നോട്ടുകളില്‍ 70 ശതമാനവും തിരിച്ചെത്തിയിരുന്നു. നാലുലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊള്ളയായിരുന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അസാധുവാക്കലിനു ശേഷം വന്‍ തോതില്‍ കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്നും സര്‍ക്കാരിന് സമ്മതിക്കേണ്ടി വരും.