Video Stories
സ്പെഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് ഭരണകൂടങ്ങള്‍ക്കുള്ള മുന്നറിയിപ്പ്
ശബരിമലയിലെ സ്ഥിതി ഗുരുതരമെന്ന് സൂചിപ്പിച്ച് ജില്ലാ ജഡ്ജികൂടിയായ സ്പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് ഹൈക്കോടതിക്ക് നല്കിയ റിപ്പോര്‍ട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം കലുഷിതമാകുമെന്നും ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീകളെ തടഞ്ഞത് തെറ്റാണെന്നും ചിലര്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാര ലംഘനമാണെന്നും സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധിയുമായി ബന്ധപ്പെട്ട് തുലാമാസ പൂജാ സമയത്ത് ശബരിമലയിലുണ്ടായതിന് സമാനമായി ചിത്തിര ആട്ട വിശേഷത്തിനും പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്നാണ് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാകും മണ്ഡല മകര വിളക്ക് സമയത്ത് സന്നിധാനത്തേക്ക് എത്തുക. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സന്നിധാനം കൂടുതല്‍ കലുഷിതമാകും. തിക്കിലും തിരക്കിലും തീര്‍ത്ഥാടകര്‍ക്ക് ജീവാപായം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരുപറഞ്ഞാണ് അരങ്ങേറുന്നത്. സുരക്ഷാഭീഷണിയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല.
രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളില്‍ നിയന്ത്രണം വരുത്തണമെന്നും എം. മനോജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ശബരിമലയിലെ സാഹചര്യങ്ങള്‍ അക്കമിട്ട് വിശദീകരിച്ചും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചുമാണ് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ഹൈക്കോടതി അടുത്തമാസം പരിഗണിക്കും. നവംബര്‍ 17നാണ് മണ്ഡലകാലം ആരംഭിക്കുന്നത്. സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയില്‍ റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും സുപ്രീം കോടതി നവംബര്‍ 13ന് പരിഗണിക്കാനിരിക്കെയാണ് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത് വിവാദമായിരുന്നു. ഈ വിഷയവും ചൂണ്ടിക്കാട്ടി പേരുപറയാതെ നടന്നത് ആചാരലംഘനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുലാമാസ പൂജക്ക് നട തുറന്നപ്പോഴുണ്ടായ സാഹചര്യങ്ങള്‍ വ്യക്തമാക്കി ഒക്ടോബറിലും സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയൊരുക്കാനുള്ള തത്രപ്പാടിലാണ് സംസ്ഥാന സര്‍ക്കാര്‍. 15,000 പൊലീസുകാരെയാണ് മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് സര്‍ക്കാര്‍ നിയമിക്കുന്നത്. 55 എസ്.പി , എ. എസ്.പിമാര്‍, 113 ഡിവൈ.എസ്.പിമാര്‍, 1450 എസ്.ഐ, എ.എസ്.ഐമാര്‍, 60 വനിതാ എസ്.ഐമാര്‍, 12162 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 860 വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തെയാണ് സര്‍ക്കാര്‍ സജ്ജമാക്കുന്നത്. ഇതിനു പുറമെ ഇക്കാലയളവില്‍ ആകാശനിരീക്ഷണവുമുണ്ടാകും. കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്ന ബോധ്യമാണ് പിണറായി സര്‍ക്കാറിനെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നത് എന്നതാണ് വസ്തുത. സുപ്രീം കോടതി വിധി പുറത്തുവന്ന സാഹചര്യത്തില്‍ കാളപെറ്റെന്ന് കേട്ടപ്പോള്‍ കയറെടുക്കുക എന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചതിന്റെ പരിണിത ഫലമാണ് ഇന്ന് നാട് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ഇത് ഒരു പുരോഗമന സര്‍ക്കാറാണ് എന്നു തെളിയിക്കാനുള്ള അവസരമായാണ് സര്‍ക്കാര്‍ ഈ വിഷയത്തെ കണ്ടത്. മഹാഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തെ നേരിട്ട് ബാധിക്കുന്ന ഒരു വിഷയമെന്ന നിലയില്‍ അതിനെ സമീപിക്കുമ്പോള്‍ കാണിക്കേണ്ട ഒരു സൂക്ഷ്മതയും പുലര്‍ത്തിയില്ലെന്ന് മാത്രമല്ല അവരെ ആകമാനം പ്രകോപിപ്പിക്കുന്ന രീതിയിലുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി പോലുള്ള സാമുദായിക സംഘടനകളെ വിശ്വാസത്തിലെടുക്കുകയും അവരുടെ കൂടി അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമെല്ലാം കേള്‍ക്കാനും സര്‍ക്കാര്‍ തയ്യാറായിരുന്നുവെങ്കില്‍ കലാപ കലുഷിതമായ സാഹചര്യം ഒഴിവാക്കാമായിരുന്നു.
മലകയറാനെത്തുന്ന യുവതികളെ നൂറുക്കണക്കിന് പൊലീസുകാരുടെ സുരക്ഷാ വലയത്തില്‍ കൊണ്ടു പോവുകയും അവരില്‍ തന്നെ ചിലര്‍ക്ക് പൊലീസിന്റെ ഹെല്‍മെറ്റും യൂണിഫോമും നല്കി എരി തീയില്‍ എണ്ണയൊഴിക്കുന്ന നിലപാടുകളും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായി. സര്‍ക്കാറിന്റെ ഈ കടുംപിടുത്തം ബി.ജെ.പി, ആര്.എസ്.എസ് നേതൃത്വത്തിന് അഴിഞ്ഞാടാനുള്ള അന്തരീക്ഷം സൃഷ്ടിച്ചു നല്‍കുകയും ഒരുവേള സന്നിധാനത്തിന്റെ നിയന്ത്രണം അവര്‍ക്ക് കൈമാറുന്ന സ്ഥിതി വരെ ഉണ്ടാക്കുകയും ചെയ്തു.
അവസരം മുതലെടുത്ത് ബി.ജെ.പി, ആര്.എസ്.എസ് നേതൃത്വം തങ്ങളുടെ ഒളിയജണ്ടകള്‍ പുറത്തെടുക്കുകയും സന്നിധാനത്തു നിന്നും തെരുവിലേക്ക് അക്രമം വ്യാപിപ്പിക്കാനുമാണ് ശ്രമിച്ചത്. യുവമോര്‍ച്ച നേതൃസംഗമത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നടത്തിയ പ്രസംഗം അവരുടെ ലക്ഷ്യം തുറന്നു കാട്ടുന്നു. യുവതികള്‍ കയറിയാല്‍ ശബരിമല ക്ഷേത്രം അടച്ചിടുന്നതിലെ നിയമവശം ആരാഞ്ഞുകൊണ്ട ്തന്ത്രി കണ്ഠരര് രാജീവര് തന്നെ ഫോണില്‍വിളിച്ചുവെന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. അതിന് താന്‍കൊടുത്ത മറുപടി അങ്ങനെ ചെയ്തോളൂ എന്നും അതിന് പതിനായിരക്കണക്കിനുപേര്‍ നിങ്ങളുടെ കൂടെയുണ്ടാകുമെന്നുമായിരുന്നുവെന്ന് പിള്ള വെളിപ്പെടുത്തുകയുണ്ടായി. എത്ര ആപല്‍ക്കരമായ രീതിയിലാണ് വിഷയത്തെ തങ്ങള്‍ക്കനുകൂലമായി പരിവര്‍ത്തിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത് എന്ന് പിള്ളയുടെ ഈ പ്രസംഗത്തില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. വിഷയത്തില്‍ ശാശ്വത പരിഹാരം കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ മിനുട്ടുകള്‍ക്കൊണ്ട് സാധ്യമാണെന്ന കാര്യം അരിഭക്ഷണം കഴിക്കുന്ന മുഴുവനാളുകള്‍ക്കും ബോധ്യമുള്ളതാണ്. പാര്‍ലമെന്റില്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലൂടെ സുപ്രീംകോടതി വിധി നിഷ്പ്രയാസം മറികടക്കാവുന്നതാണ്. ആത്മാര്‍ത്ഥതയുടെ ഒരു തരിമ്പെങ്കിലുമുണ്ടെങ്കില്‍ തങ്ങളുടെ കേന്ദ്ര നേതൃത്വത്തില്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്തുകയെന്നതാണ് അവര്‍ക്ക് ചെയ്യാനുള്ളത്. എന്നാല്‍ പശ്നം പരിഹരിക്കുന്നതിലല്ല, കത്തിച്ചു നിര്‍ത്തുന്നതിലാണ് നിങ്ങളുടെ മിടുക്ക് എന്ന ദേശീയ അധ്യക്ഷന്റെ ഉപദേശം ശിരസ്സാവഹിച്ചുകൊണ്ട് അതിനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ചുരുക്കത്തില്‍ സുപ്രീംകോടതി വിധിയല്ല അതിനോട് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന പാര്‍ട്ടികള്‍ സ്വീകരിച്ച സമീപനമാണ് പ്രശ്നം വഷളാക്കിയത്. വിധിയുടെ മറവില്‍ ഇരു വിഭാഗങ്ങളും തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ മത്സരിച്ചിറങ്ങുമ്പോള്‍ തോറ്റുപോകുന്നത് ഒരു നാടും അവിടുത്തെ സാധാരണ ജനങ്ങളുമാണ്. അനുരഞ്ജനത്തിന്റെ മാര്‍ഗത്തിനു പകരം അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും മാര്‍ഗം ഭരണകൂടങ്ങള്‍ സ്വീകരിച്ചപ്പോള്‍ അവര്‍ പോലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള വിപത്തുകളാണ് തലപൊക്കുന്നത്. അതിന്റെ നിദര്‍ശനമാണ് ശബരിമലയില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. സമാധാനാന്തരീക്ഷം തകര്‍ത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധ ശക്തികള്‍ പ്രതിഷേധക്കാരെ കരുവാക്കാനുള്ള സാധ്യതയുണ്ടെന്നതും സാഹചര്യങ്ങള്‍ ചൂഷണം ചെയ്യപ്പെടാന്‍ ഇടെയുണ്ടെന്നുമുള്ള മുന്നറിയിപ്പ് അതീവ ഗൗരവതരമാണ്.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala3 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

