Connect with us

Video Stories

ഫാസിസത്തിന്റെ പാതയില്‍ മാര്‍ക്‌സിസവും

Published

on

കെ.പി.എ മജീദ്
(മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി)

മതേതര മൂല്യങ്ങളും വിയോജിക്കാനുള്ള അവകാശങ്ങളും സഹിഷ്ണുതയും ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥിതിയുടെ അടിസ്ഥാന ശിലകളാണ്. എന്നാല്‍ രാജ്യത്തിന്റെ മതനിരപേക്ഷ സംസ്‌കാരം ആക്രമിക്കപ്പെടുകയും അസഹിഷ്ണുത മുഖമുദ്രയാക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറും മറ്റ് സംഘ്പരിവാര ശക്തികളും ആര്‍ എസ് എസ്സിന്റെ ആജ്ഞകള്‍ മാത്രമനുസരിച്ച് ഇവയെ നിരന്തരം ചവിട്ടിയരച്ചുകൊണ്ടിരിക്കുകയാണ്. എന്‍ ഡി എ സര്‍ക്കാരിന്റെ ഭരണം കേന്ദ്രത്തില്‍ ആരംഭിച്ചത് മുതല്‍ തുടങ്ങിയതാണിത്.
ഉന്നതമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാരംഭിച്ച കേന്ദ്രസര്‍വകലാശാലയുള്‍പ്പെടെ പ്രശസ്ത കലാലയങ്ങള്‍ കാവിവല്‍ക്കരിക്കപ്പെടുകയും ആര്‍ എസ് എസ്സിന്റെ പണിപ്പുരകളാക്കി അധഃപതിപ്പിക്കുകയും ചെയ്തു. എതിര്‍പ്പുമായെത്തുന്നത് ആരായാലുമവര്‍ നിഷ്‌കരുണം കൊല്ലപ്പെടുകയോ അല്ലെങ്കില്‍ നിശബ്ദരാക്കപ്പെടുകയോ ചെയ്യുന്നു. ആന്ധ്രയിലെ ഗുണ്ടൂരില്‍ ഒരു ദളിത് കര്‍ഷക കുടുംബത്തില്‍ ജനിച്ച് ബുദ്ധിയും സ്ഥിരോത്സാഹവും കൊണ്ട് മാത്രം ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായിത്തീര്‍ന്ന ചെറുപ്പക്കാരന്‍ രോഹിത് വെമുല ഇങ്ങനെ ഇല്ലാതാക്കപ്പെട്ടവനാണ്.

സമാധാനത്തിന്റെ ലോകത്ത് തലയെടുപ്പോടെ ഉയര്‍ന്നുനിന്നിരുന്ന ഇന്ത്യയുടെ ആകാശത്തില്‍ വിദ്വേഷത്തിന്റെ കാര്‍മേഘപടലങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നത്. ശാന്തിയുടെ തീരത്ത് വര്‍ഗീയതയുടെ സര്‍പ്പങ്ങള്‍ ഫണം വിടര്‍ത്തിയാടുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഫ്യൂഡലിസത്തിന്റെ അവസാന അവശിഷ്ടങ്ങളെപ്പോലും തൂത്തുവാരിയെറിഞ്ഞെങ്കില്‍ മാത്രമേ ഇതിനൊരറുതിയുണ്ടാവുകയുള്ളൂ. പൂര്‍ണ്ണമായും പിന്നാക്ക വിഭാഗവിരുദ്ധമാണ് സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയെന്ന് മനസ്സിലാക്കാനധികം പ്രയാസപ്പെടേണ്ടതില്ല.

ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്രത്തില്‍ ആദിവാസികളുടെയും ദളിതന്റെയും സ്ഥാനമെന്നും ബ്രാഹ്മണ മേധാവിത്വത്തിന്റെ കാല്‍ച്ചുവട്ടില്‍ തന്നെയായിരിക്കും. സംഘപരിവാറിന്റെ മാന്ത്രികര്‍ക്ക് മന്ത്രം ജപിക്കാനും ഇല്ലാതാക്കാനുമുള്ള ഭീകരസ്വത്വങ്ങളല്ല ആദിവാസി – ദലിത് വിഭാഗങ്ങള്‍. മറിച്ച് അവരെക്കാള്‍ എത്രയോ മടങ്ങ് ഇന്നാട്ടിന്റെ പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും നേരവകാശികളാണെന്നുള്ള സത്യം നരേന്ദ്രമോദിക്കും സംഘത്തിനും കാലം പഠിപ്പിക്കും.

ഒരു ക്ഷേമരാഷ്ട്രം സൃഷ്ടിക്കുന്നതിനു നേതൃത്വം കൊടുക്കാന്‍ ബാധ്യസ്ഥരായ ഭരണ നേതൃത്വം രാജ്യമൊട്ടാകെ വര്‍ഗീയ കലാപങ്ങള്‍ക്ക് അരങ്ങൊരുക്കി ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. അത് പശുവിന്റെ പേരിലാണ് പലയിടത്തും നടമാടുന്നതെങ്കില്‍ മറ്റു സ്ഥലങ്ങളില്‍ ജാതീയതയുടെ പേരിലായിരിക്കും. കേന്ദ്രമന്ത്രിമാരും ആദിത്യനാഥിനെപോലുള്ള ക്രിമിനല്‍ സ്വഭാവമുള്ള മുഖ്യമന്ത്രിമാരും തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുന്നു. ഇവര്‍ക്കൊന്നും പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്ന ദളിതരുടെയോ മറ്റു ദുര്‍ബല വിഭാഗങ്ങളുടെയോ ദീനരോദനം കേള്‍ക്കാന്‍ സമയമില്ല.

നൂറുകണക്കിന് ചിന്താധാരകള്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു രാഷ്ട്രമാണ് ഇന്ത്യ. അന്തസ്സോടെ അധിവസിക്കുന്ന ബഹുസ്വര സമൂഹമാണ് ഇന്ത്യയെ അഭിമാനത്തോടെ ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ ശിരസ്സുയര്‍ത്തിനില്‍ക്കാന്‍ പ്രാപ്തമാക്കിയത്. ഇത്രയേറെ വൈജാത്യങ്ങളുള്‍ക്കൊള്ളുന്ന മറ്റൊരു രാഷ്ട്രം ലോകത്ത് വേറെയില്ല. ഈ വൈരുദ്ധ്യങ്ങള്‍ക്കിടയിലും ഇന്ത്യക്ക് മാത്രം അവകാശപ്പെടാവുന്ന തെളിഞ്ഞൂറിവരുന്ന മഹോന്നത സംസ്‌കാരത്തെ പുല്‍കുകയാണ് നാം. നമ്മുടെ രാഷ്ട്രത്തെ ജീവിപ്പിക്കുന്ന അമൃതസമാനമായ ആത്മാവിലേക്കാണ് വര്‍ഗീയരാക്ഷസന്മാര്‍ കഠാര കുത്തിയിറക്കുന്നത്. ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളി അക്രമം അഴിച്ചുവിടുന്നത്.

കേരളത്തിലും വര്‍ഗീയതയുടെ രഥമുരുട്ടാന്‍ ചിലര്‍ തക്കം പാര്‍ത്തിരിക്കുകയാണ്. മതേതര വാദികളെന്നവകാശപ്പെടുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അവര്‍ക്ക് ഓശാന പാടുകയാണ്. സങ്കുചിതമായ ജാതി – മത ചിന്തകളുടെ തടവറയില്‍ കേരളത്തെ തളച്ചിടാനുള്ള പരക്കം പാച്ചിലിലാണ് ഇവര്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ശബരിമലയിലെ സംഭവവികാസങ്ങള്‍ ഇതാണ് വെളിപ്പെടുത്തുന്നത്. അതിലൂടെ രാഷ്ട്രീയ ലാഭം കൊയ്‌തെടുക്കാനുള്ള പണിപ്പുരയിലാണവര്‍. കേരളത്തിന്റെ സാംസ്‌കാരിക മനസ്സിനെ ആവാഹിച്ചെടുത്തു നവോത്ഥാന സംസ്‌കൃതിയുടെ വിത്തുകള്‍ പാകിയ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി, ശ്രീനാരായണഗുരു, വക്കംമൗലവി, കെ എം സീതിസാഹിബ്, മക്തിതങ്ങള്‍, ബാഫഖിതങ്ങള്‍, പൂക്കോയ തങ്ങള്‍, സി എച്ച് മുഹമ്മദ് കോയ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുതലായ മഹാരഥന്മാര്‍ ഉത്സാഹത്തോടെ ഉയര്‍ത്തിപ്പിടിച്ച മാനുഷിക മൂല്യങ്ങളെയെല്ലാം ഉഴുതുമറിച്ച് വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ വാരിവിതറി മുളപ്പിക്കാനാണ് ദുശ്ശക്തികള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്. എന്നാല്‍ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും വിളനിലമാണ് കേരളീയ ജനത ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ വൈരാഗ്യത്തിന്റെ വിഷവിത്തുകള്‍ക്ക് മുളച്ചുപൊന്താന്‍ വളക്കൂറുള്ള മണ്ണല്ല മലയാളിയുടേത് എന്ന് ബോധ്യപ്പെടുത്താന്‍ കഴിയണം.

അവസരസമത്വമെന്നത് ഇന്ത്യന്‍ ഭരണഘടന പൗരന് അനുവദിച്ചിട്ടുള്ള ഒരു മൗലികാവകാശമാണ്. സാമ്പത്തികമായും സാമൂഹികമായുമുള്ള സകലമാന അവകാശങ്ങളും പൗരന്മാര്‍ക്ക് കൃത്യമായി കിട്ടുന്നുണ്ടോ എന്നുറപ്പ് വരുത്താന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. എന്നാല്‍ ഇന്ത്യയിലിപ്പോള്‍ മുസ്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളും സ്ത്രീകളും കുട്ടികളും ദളിതരും ആദിവാസികളും എന്നുവേണ്ട എല്ലാ ദുര്‍ബല സമൂഹങ്ങളും ഭരണഘടന അനുവദിച്ച സമത്വം അനുഭവവേദ്യമാകാത്തവരാണ്. നിയമം ഇല്ലാത്തത് കൊണ്ടല്ല.

ഉള്ള നിയമം ശുഷ്‌കാന്തിയോടെ നടപ്പിലാക്കാത്തതാണ് പ്രശ്‌നം. ന്യൂനപക്ഷങ്ങളെയും ദുര്‍ബല വിഭാഗങ്ങളെയും രാജ്യത്തിന്റെ മുഖ്യധാരയിലെത്തിക്കുകയെന്നത് ഉദാത്തമായ ദേശീയ പ്രശ്‌നമാണ്. സര്‍ക്കാര്‍ സര്‍വീസിലും സൈന്യത്തിലും പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന് നീതി ലഭിക്കുന്നില്ല. സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിവേചനപരമായാണ് നടക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പും ഇത് തന്നെയായിരുന്നു സ്ഥിതി. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സാമൂഹ്യനീതിക്ക് വേണ്ടി ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഡോ. ബി.ആര്‍ അംബേദ്കര്‍, ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ്, ബി. പോക്കര്‍ സാഹിബ് എന്നിവര്‍ തുടങ്ങിവെച്ച പോരാട്ടം നിഷേധിക്കപ്പെട്ട നീതിക്ക് വേണ്ടി മുസ്‌ലിംലീഗ് അനുസ്യൂതമായി തുടരുകയാണ്.

ഫാഷിസ്റ്റ് മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ മതേതരജനാധിപത്യ ബദല്‍ കൂട്ടായ്മക്ക് മാത്രമേ കഴിയൂവെന്ന് കാലം തെളിയിച്ചുകഴിഞ്ഞു. ബീഹാറിലെ തെരഞ്ഞെടുപ്പില്‍ അത് കണ്ടു. ഗുജറാത്തിലും കര്‍ണ്ണാടകയിലും നാമത് അനുഭവിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം, ആന്ധ്ര എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഫാഷിസം തകര്‍ന്നടിയുന്നത് കാണാനാകും. ഈ ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തില്‍ നിര്‍ഭാഗ്യവശാല്‍ സി പി എം മുഖം തിരിഞ്ഞ്‌നില്‍ക്കുകയാണ്. മുന്‍കാലങ്ങളിലും ഈ നയം തന്നെയാണ് അവര്‍ സ്വീകരിച്ചത്. ഫാഷിസ്റ്റ് ശക്തികള്‍ക്ക് ദേശീയ രാഷ്ട്രീയത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ പായ വിരിച്ചവരില്‍നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാനെന്തുണ്ട്. സാമ്രാജ്യത്വ – ഫാഷിസ്റ്റ് ശക്തികള്‍ പിടിമുറുക്കുന്നതിനെ ചെറുക്കാന്‍ കമ്യൂണിസ്റ്റുകാര്‍ നിര്‍വ്വഹിക്കേണ്ട പങ്ക് എന്തായിരിക്കണമെന്ന് ലോക കമ്മ്യുണിസ്റ്റ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതെല്ലാം വിസ്മരിച്ചു കൊണ്ടാണ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് നേതാക്കള്‍ നയ രൂപീകരണം നടത്തുന്നത്. അതേസമയം രാജ്യത്തെ ഫാഷിസ്റ്റ് ശക്തി ആര്‍ എസ് എസ് ആണെന്ന് 1968- ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ബര്‍ദാന്‍ പ്ലീനം പ്രഖ്യാപിച്ചിരുന്നു. അന്ന് കണ്ടെത്തിയ ആ വിഭാഗമിന്ന് അധികാരത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ കൂടെക്കൂടി ജനാധിപത്യചേരികളുമായി ചേര്‍ന്ന്‌നിന്ന് അവരെ തുരത്താന്‍ വേണ്ട നീക്കങ്ങള്‍ നടത്തുകയല്ല സി പി എം ചെയ്യുന്നത്. അതിനാല്‍ ഫാഷിസ്റ്റ് ശക്തികളെ എതിര്‍ക്കുന്ന പോലെ സി പി എമ്മിനെയും എതിര്‍ക്കാന്‍ കേരള ജനത നിര്‍ബന്ധിതമായിരിക്കുന്നു.

ഫാഷിസ്റ്റ് ശക്തികളുമായിപ്പോലും സഖ്യം ചേരാന്‍ മടിയില്ലാത്ത, പാര്‍ലമെന്റ് വ്യാമോഹത്തിന്റെ ചളിക്കുണ്ടില്‍ ആപതിച്ചുകിടക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നിര്‍ബാധം അഴിച്ചുവിടുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ സ്വസ്ഥത കെടുത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. എവിടെ സംഘട്ടനമുണ്ടായാലും ഒരു പക്ഷത്ത് സിപിഎം ആയിരിക്കും. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദീനരോദനം അന്തരീക്ഷത്തില്‍ മുഴങ്ങുന്നത് കേള്‍ക്കുമ്പോള്‍ നെഞ്ച് പിടിക്കുകയാണ്. ഭര്‍ത്താവ് നഷ്ടപ്പെട്ട വീട്ടമ്മമാരുടെ കണ്ണീര്‍ വീണ് മലയാളമണ്ണ് കുതിര്‍ന്നിരിക്കുന്നു. സഹോദര – സഹോദരിമാര്‍ ഗുരുതരമായ പരിക്കുകളോടെ ജീവിക്കാന്‍ കഴിയാതെ കഴിഞ്ഞു കൂടുന്നത് ഏത് ശിലാഹൃദയത്തെയാണ് വേദനിപ്പിക്കാത്തത്? ഇന്ത്യയിലെ കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന സംസ്ഥാനങ്ങളിലൊന്ന് എന്ന ദുഷ്‌പേര് കേരളം സമ്പാദിച്ചുകഴിഞ്ഞു.
ഇത് നേടിക്കൊടുത്തത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയാണെന്ന് പകല്‍പോലെ വ്യക്തമാണ്. അയല്‍വാസികള്‍ക്ക് ആശ്രയമാവേണ്ടവന്‍ അവരുടെ കുടല്‍മാലയുമായി സംഹാരനൃത്തമാടുന്നത് അനുവദിച്ചുകൂട. ‘

കൊല്ലരുതനിയാ കൊല്ലരുത്’ എന്നുറക്കെ വിളിച്ചുപറയാന്‍ സാധിക്കുന്ന ഒരു യുവസമൂഹത്തെ വാര്‍ത്തെടുക്കണം. അതിനുവേണ്ടിയാണ് ‘വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം’ എന്ന കാലികപ്രസക്തമായ മുദ്രാവാക്യം മുഴക്കിക്കൊണ്ട് മുസ്‌ലിം യൂത്ത്‌ലീഗ് യുവജന യാത്ര നടത്തുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending