Connect with us

Video Stories

കേരളത്തെ കടത്തില്‍ മുക്കുന്നതിന്റെ മണിമുഴക്കം

Published

on


രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ്


മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ലണ്ടന്‍ സ്റ്റോക്ക് എക്‌സചേഞ്ചില്‍ മുഴക്കിയത് കേരളത്തിന്റെ പുരോഗതിക്കുള്ള മണി നാദമല്ല, കേരളത്തെ പണയപ്പെടുത്തുന്നതിനും കടത്തില്‍ മുക്കുന്നതിനുമുള്ള മണിനാദമാണ്. അതോടൊപ്പം കേരളം കണ്ട വലിയ അഴിമതികളിലൊന്നിന്റെ മണിനാദവുമാണത്. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് അഥവാ കിഫ്ബിയുടെ ധനസമാഹരണത്തിനായി പുറത്തിറക്കുന്ന 2150 കോടിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയത് കേരളത്തില്‍ ഇന്നും കത്തിനില്‍ക്കുന്ന വലിയ അഴിമതിക്കഥയുടെ നായകരായായ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയെ നയിക്കുന്ന കനേഡിയന്‍ ഫണ്ടിംഗ് ഏജന്‍സിയായ സി.ഡി.പി.ക്യുവാണെന്നത് ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. വളരെ ആസൂത്രിതമായും ഗൂഢമായും നടത്തിയ രഹസ്യ നീക്കങ്ങളിലൂടെയാണ് ഇത് സംഭവിച്ചിരിക്കുന്നത്. അടിമുടി ദുരൂഹത നിറഞ്ഞുനില്‍ക്കുന്ന ഇടപാടില്‍ സത്യം മറച്ചുവെക്കുന്നതിന് കള്ളത്തിനുമേല്‍ കള്ളം അടുക്കിവെക്കുകയാണ് സര്‍ക്കാരും കിഫ്ബിയും ചെയ്തത്. ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ എന്തിനായിരുന്നു ഇത്രയേറെ കള്ളങ്ങള്‍ സര്‍ക്കാരും കിഫ്ബിയും പറഞ്ഞത്?
എസ്.എന്‍.സി ലാവ്‌ലിനുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ലാവ്‌ലിന്‍ ബന്ധത്തെക്കുറിച്ചുള്ള ആദ്യ സൂചന പുറത്തുവിട്ടപ്പോഴത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. ലാവ്‌ലിന് മസാലാബോണ്ട് വാങ്ങിയ സി.ഡി. പി.ക്യൂവുമായി ഗാഢമായ ബന്ധമാണുള്ളതെന്നതിന് തെളിവ് ഹാജരാക്കിയപ്പോള്‍ ചെറിയ ബന്ധമേ ഉള്ളൂ എന്ന് പറഞ്ഞ് ഐസക്ക് മലക്കംമറിഞ്ഞു. ചെറിയ ബന്ധമല്ല എസ്.എന്‍.സി ലാവ്‌ലിനെ നയിക്കുന്നത് തന്നെ സി.ഡി.പി.ക്യൂവാണ് എന്ന വലിയ ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളാണ് പിന്നീട് പുറത്തുവന്നത്.
ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പബ്ലിക് ഇഷ്യൂ ആയാണ് മസാലാബോണ്ടുകള്‍ ലിസ്റ്റ്് ചെയ്തതെന്നും ലോകത്താര്‍ക്കും അത് വാങ്ങാമെന്നും സി.ഡി.പി.ക്യൂ വന്ന് വാങ്ങിയതില്‍ ഞങ്ങളെന്തു ചെയ്യാനെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പിന്നീടത്തെ നിലപാട്. മാത്രമല്ല, നാല്‍പതോളം കമ്പനികള്‍ കിഫ്ബിയുടെ മസാലാ ബോണ്ടില്‍ ആകൃഷ്ടരായി എത്തിയെന്നും അവരോടെല്ലാം ചര്‍ച്ച നടത്തിയ ശേഷമാണ് സി.ഡി. പി.ക്യൂവിലെത്തിചേര്‍ന്നതെന്നുമാണ് സര്‍ക്കാരും കിഫ്ബിയും പറഞ്ഞത്. ധനമന്ത്രി തോമസ് ഐസക്കാകട്ടെ ഒരുപടികൂടികടന്ന് കടന്നാക്രമിക്കുകയും ചെയ്തു. പബ്ലിക്ക് ഇഷ്യൂവും പ്രൈവറ്റ് ഇഷ്യൂവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് ബഹളമുണ്ടാക്കുന്നതെന്നും മത്തിക്കച്ചവടം പോലെയല്ല ബോണ്ട് ഇഷ്യൂ എന്നും അദ്ദേഹം പറഞ്ഞു. അതായത് മസാലാബോണ്ട് പബ്ലിക് ഇഷ്യൂ വഴിയാണ് സി.ഡി.പി.ക്യൂവിന് കൊടുത്തതെന്നും അതിനാല്‍ അതില്‍ കമ്മീഷനോ, അഴിമതിയോ ഒന്നും ഇല്ലെന്നുമാണ് ധനമന്ത്രിയും കിഫ്ബിയും സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ അതും പെരും കള്ളമായിരുന്നു. പബ്ലിക് ഇഷ്യൂ ആയിട്ടല്ല, പ്രൈവറ്റ് ഇഷ്യൂ ആയാണ് മസാലാബോണ്ട് ആദ്യം പ്ലേസ്‌ചെയ്തതെന്നതിന്റെ തെളിവ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ രേഖകള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. സി.ഡി.പി.ക്യൂവിന്റെ ആസ്ഥാനമായ കാനഡയിലെ ക്യൂബക് പ്രവിശ്യയിലാണ് മസാലാബോണ്ട് പ്രൈവറ്റ് പ്ലോസ്‌മെന്റ് നടത്തിയത്. സി.ഡി.പി.ക്യൂ വാങ്ങിയത് ഇവിടെ നിന്നാണ്. ഇവിടെ കാതലായ ചോദ്യം ഉയരുന്നു. പ്രൈവറ്റ് പ്ലേസ്‌മെന്റ് നടത്തി ബോണ്ട് വില്‍പന നടത്തിയ കാര്യം പരമ രഹസ്യമായിവെച്ചശേഷം പബ്ലിക് ഇഷ്യൂവാണ് നടത്തിയതെന്ന പെരുംകള്ളം എന്തിനാണ് പറഞ്ഞത്? മസാലാബോണ്ട് വില്‍പന നടത്താന്‍ എന്തിന് കാനഡ തെരഞ്ഞെടുത്തു? എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുടെ ആസ്ഥാനമായ കാനഡയില്‍ചെന്ന് ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധമുള്ള സി.ഡി.പി.ക്യൂവുമായി ഇടപാട് നടത്തിയകാര്യം മറച്ചുവച്ചത് എന്തോ ഒളിക്കാനുള്ളതുകൊണ്ടല്ലേ?
മുഖ്യമന്ത്രി പിണറായി വിജയനും എസ്.എന്‍. സി ലാവ്‌ലിനും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ലാവ്‌ലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയും പ്രതിസ്ഥാനത്താണ്. ആ കേസ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ കിടക്കുന്നു. ഈ പശ്ചാത്തലത്തില്‍ ദുരൂഹമായ സാഹചര്യത്തില്‍ വീണ്ടും ലാവ്‌ലിന്‍ ഗന്ധമുള്ള ഇടപാട് നടക്കുകയും അത് മൂടിവെക്കപ്പെടുകയും ചെയ്യുന്നതാണ് സംശയം വര്‍ധിപ്പിക്കുന്നത്. എന്താണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ ഇടപാടെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും വ്യക്തമാക്കണം. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വലിയ നിക്ഷേപം കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് മസാല ബോണ്ടെന്നും ആ ശ്രമത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നുമുള്ള വാദമാണ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും ഉയര്‍ത്തുന്നത്. എന്നാല്‍ ഇത് വലിയ സാമ്പത്തിക അടിമത്തത്തിലേക്കാണ് സംസ്ഥാനത്തെ നയിക്കാന്‍ പോകുന്നത്. 2150 കോടിയുടെ മസാലബോണ്ട് സി.ഡി.പി.ക്യു വാങ്ങിയത് അഞ്ച് വര്‍ഷത്തേക്കാണ്. 9.72 ശതമാനം കൊള്ളപ്പലിശയാണ് കിഫ്ബി നല്‍കേണ്ടത്. അതായത് 2150 കോടിയുടെ ബോണ്ടിന് അഞ്ച് വര്‍ഷം കൊണ്ട് 1045 കോടി രൂപ പലിശയായി നല്‍കേണ്ടിവരും. അങ്ങിനെവരുമ്പോള്‍ പലിശ മൊത്തം എടുത്ത കടത്തിന്റെ ഏതാണ്ട് പകുതിയാകും. അപ്പോള്‍ 2150 കോടി രൂപക്ക് 5 വര്‍ഷം കൊണ്ട് 3195 കോടി രൂപ പലിശയടക്കം നല്‍കേണ്ടിവരും. വര്‍ഷത്തില്‍ 209 കോടി രൂപയാണ് പലിശയായി നല്‍കേണ്ടത്. ഇതില്‍ കിഫ്ബി വീഴ്ചവരുത്തിയാല്‍ ഗ്യാരന്റി നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്. മന്ത്രിസഭയോടോ, നിയമസഭയോടെ യാതൊരു ഉത്തരവാദിത്വവുമില്ലാതെ സ്വതന്ത്ര റിപ്പബ്ലിക്കായി കെട്ടിപ്പൊക്കിയ കിഫ്ബി എന്ത് വീഴ്ചവരുത്തിയാലും അതെല്ലാം താങ്ങേണ്ടത് സര്‍ക്കാരാണ്. തികച്ചും ഭരണഘടനാവിരുദ്ധമായ നടപടി കൂടിയാണ് ഈ മസാലോബോണ്ട്. ഭരണഘടനയുടെ അനുഛേദം 293 (1) ല്‍ വ്യക്തമായി പറയുന്നത് സംസ്ഥാനത്തിന്റെ സഞ്ചിത നിധിയുടെ ഈടിന്മേലുള്ള കടമെടുപ്പ് ഇന്ത്യയുടെ ഭൂപരിധിക്കുള്ളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ്. സംസ്ഥാനം ഗ്യാരന്റിയായിനിന്ന് വിദേശത്ത്‌നിന്നും പണം കടമെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ഇതിനര്‍ത്ഥം. എന്നാല്‍ ആര്‍.ബി.ഐയുടെ അനുമതി ഉണ്ടെന്ന് പറഞ്ഞാണ് ഭരണഘടനാ ലംഘനം നടത്തുന്നത്. ആര്‍.ബി.ഐ എന്നാല്‍ സ്റ്റാറ്റിയൂട്ടറി ബോഡി മാത്രമാണ്. അതൊരിക്കലും ഭരണഘടനക്ക് മുകളില്‍ ആകില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തട്ടിപ്പിന് സാധൂകരണം ഉണ്ടാക്കാനും സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിനെ കൂട്ടുപിടിക്കുകയാണ്.
വാഹന ടാക്‌സ്, ഫ്യുവല്‍ ടാക്സ് എന്നിവയില്‍നിന്ന് ലഭിക്കുന്ന പണംകൊണ്ടാണ് മസാല ബോണ്ടിന്റെ തുകയായ 2150 കോടിയും പലിശയും സര്‍ക്കാര്‍ നല്‍കേണ്ടത്. ഇപ്പോള്‍ തന്നെ സര്‍ക്കാരിന്റെ മുന്നില്‍ മറ്റു വരുമാന മാര്‍ഗങ്ങള്‍ നന്നെ കുറവാണ്. അപ്പോള്‍ ഉറപ്പായി ലഭിക്കുന്ന ഇത്തരം വരുമാനം മുഴുവനും പലിശ കൊടുക്കാന്‍വേണ്ടി ഉപയോഗിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ കാതലായ കാര്യങ്ങള്‍ക്ക് പണം ഇല്ലാതെ വരും. മാത്രമല്ല ഇവ രണ്ടും ജനങ്ങളില്‍ നിന്ന് നേരിട്ടു പിരിക്കുന്ന നികുതിയാണ്. ജനങ്ങളില്‍നിന്ന് നേരിട്ട് പിരിക്കുന്ന നികുതി ജനങ്ങളോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത കിഫ്ബി എന്ന സ്ഥാപപനം വാങ്ങിയ പണത്തിന് കൊള്ളപ്പലിശ നല്‍കാന്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മസാലാബോണ്ട് സംബന്ധിച്ച് ഇതുവരെ കിട്ടിയ രേഖകള്‍ അനുസരിച്ച് മാര്‍ച്ച് 29 ന് മുമ്പ്തന്നെ അവ വിറ്റഴിച്ചിട്ടുണ്ട്. അതിന്റെ പണവും കിഫ്ബിക്ക് ലഭിച്ചു കഴിഞ്ഞു. കിഫ്ബിയുടെ ഔദ്യോഗിക ന്യൂസ് ലെറ്ററിലും ഈ വിവരമുണ്ട്. വില്‍പനയും നടന്നു പണവും ലഭിച്ചു കഴിഞ്ഞശേഷം ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മണി മുഴക്കുന്നത് വേഷം കെട്ടല്‍ മാത്രമാണ്. കനഡയിലെ ക്യുബക്കില്‍ രഹസ്യമായി ചെന്ന് സി. ഡി.പി.ക്യു എന്ന കമ്പനിക്ക്‌വേണ്ടി പ്രൈവറ്റ് ഇഷ്യു നടത്തിയതിന്‌ശേഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പോയി പബ്ലിക് ഇഷ്യു എന്ന നാടകം കളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്ന ചിത്രമാണ് തെളിഞ്ഞുവരുന്നത്. സി.ഡി.പി.ക്യൂവിനും അത് വഴി ലാവ്‌ലിനും എന്തൊക്കെ ഓഫറുകളാണ് ഇടപാടിന്റെ മറവില്‍ നല്‍കിയതെന്നാണ് ഇനി അറിയാനുള്ളത്. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. സി.ഡി.പി.ക്യു പെന്‍ഷന്‍ ഫണ്ട് ഇന്‍വെസ്റ്റര്‍ മാത്രമായാണ് രൂപീകരിച്ചതെങ്കിലും ഇന്നവര്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം, അടിസ്ഥാന സൗകര്യമേഖല, പ്രൈവറ്റ് ഇക്യുറ്റി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആധുനിക ആട്ടോമേറ്റഡ് റെയില്‍വേ ട്രാന്‍സിറ്റ് അടക്കം കാനഡയിലെ മറ്റു രാജ്യങ്ങളിലെയും നിരവധി പ്രോജക്ടുകള്‍ നടപ്പാക്കുന്നത് സി.ഡി.പി.ക്യു ഇന്‍ഫ്രാ എന്ന സ്ഥാപനമാണ.് സി.ഡി.പി.ക്യു ഇന്‍ഫ്രാ ആകട്ടെ ഈ പദ്ധതികളുടെ നടത്തിപ്പനായി സബ് കോണ്‍ട്രാക്ട് നല്‍കുകയും അതിനായി കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ കണ്‍സോര്‍ഷ്യത്തെ നയിക്കുന്നത് എസ്.എന്‍.സി ലാവ്ലിനാണ്. സി.ഡി.പി.ക്യു ഏറ്റെടുക്കുന്ന ജോലികള്‍ നിര്‍വഹിക്കുന്നത് എസ്.എന്‍.സി ലാവ്ലിനാണെന്നര്‍ത്ഥം. അതായത് മറ്റെന്തെക്കയോ ഉടമ്പടികള്‍ പഴയ കാനഡ ചങ്ങാതികളുമായി വീണ്ടും ഉണ്ടാക്കാന്‍ പോകുന്നു എന്നാണ് സംശയിക്കേണ്ടത്.
കൊള്ളപ്പലിശയക്കുള്ള ഈ ഇടപാടുകള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ സൃഷ്ടിക്കുക. മസാല ബോണ്ടിനൊപ്പം കിഫ്ബി വാങ്ങിയ മറ്റു കടങ്ങളുടെ പലിശ കൊടുത്ത്തീര്‍ക്കാനായി വീണ്ടും കടംവാങ്ങേണ്ടിവരും. കാരണം സര്‍ക്കാരിന്റെ പൊതു കടം ഒരോ വര്‍ഷവും വര്‍ധിക്കുകയും ധനാഗമ മാര്‍ഗങ്ങള്‍ ചുരുങ്ങി വരികയുമാണ്. പലിശയും കടവും തിരിച്ചടക്കുന്നതില്‍ കിഫ്ബി വീഴ്ച വരുത്തിയാല്‍ അതില്‍മേല്‍ വീണ്ടും സര്‍ക്കാര്‍ ഗ്യാരന്റിനിന്ന് കൂടുതല്‍ കടം വാങ്ങി പലിശ തിരിച്ചടക്കേണ്ടിവരും. നിലവില്‍ സംസ്ഥാനത്തിന്റെ പൊതു കടം വളരെ ഉയര്‍ന്ന തോതിലാണുള്ളത്. ഇനിയും കടം വാങ്ങുന്നത് സാമ്പത്തിക നിലയെ ഗുരുതരമായി ബാധിക്കും. കിട്ടുന്ന എല്ലാ വരുമാനവും കടം വീട്ടാനും പലിശ കൊടുക്കാനും മാത്രം ഉപയോഗിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ പൂര്‍ണ്ണമായി തകര്‍ക്കും. വലിയ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ ഭൂമി ഏറ്റെടുക്കേണ്ടതായിവരും. എന്നാല്‍ മസാല ബോണ്ടുകളില്‍നിന്നുള്ള പണം ഉപയോഗിച്ച് ഭൂമി വാങ്ങാന്‍ പാടില്ലെന്ന നിബന്ധന റിസര്‍വ് ബാങ്ക് വെച്ചിട്ടുള്ളത്‌കൊണ്ട് ഭൂമി അക്വയര്‍ ചെയ്യാന്‍ വേറെ പണം വേണ്ടി വരും. അത് സര്‍ക്കാര്‍ മറ്റു വിധത്തിലുള്ള വായ്പയായി വാങ്ങേണ്ടിവരും. ഇതെല്ലാം എങ്ങിനെ അടച്ച്തീര്‍ക്കുമെന്ന് സര്‍ക്കാരിന് തന്നെ നിശ്ചയമില്ലാത്ത അവസ്ഥയാണ്. പൊതു കടം സംസ്ഥാനത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ടിന്റെ 30 ശതമാനം ആയിക്കഴിഞ്ഞു. 2019- 2022 ല്‍ മസാല ബോണ്ട് കൂടാതെയുള്ള മറ്റ് വായ്പയുടെ പലിശയും തിരിച്ചടവുംകൂടി 6000 കോടി രൂപയിലധികം സര്‍ക്കാരിന് ചെലവാക്കേണ്ടതായി വരും. ചുരുക്കത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ വരുത്തിവെക്കുന്നതും വന്‍തോതിലുള്ള കമ്മീഷനുകള്‍ അടക്കമുള്ള അഴിമതിക്ക് അരങ്ങൊരുക്കുന്നതുമായിരിക്കും 2150 കോടിയുടെ മസാല ബോണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending